ടി സി എസ് ഓഹരി നിക്ഷേപകർ കൈവിടണോ? കാരണങ്ങൾ അറിയാം

യു എസ്, യു കെ വ്യവസായങ്ങൾ ഡിജിറ്റൽ പരിവർത്തനത്തിനുള്ള സാങ്കേതിക ചെലവ് കുറയ്ക്കാൻ സാധ്യത, പുതിയ കോൺട്രാക്ടുകളെ ബാധിക്കും

Update:2023-01-12 11:11 IST

ഐ ടി സേവന മേഖലയിലെ വമ്പനായ ടാറ്റ കൺസൾട്ടൻസി സർവീസിസ് (Tata Consultancy Services) 2022 -23 ഡിസംബർ പാദത്തിൽ പ്രവർത്തന ഫലം മെച്ചപ്പെടുത്തി എങ്കിലും പ്രതീക്ഷിച്ച നില കൈവരിച്ചില്ല. വരുമാനം 20.63 % ഉയർന്ന് 49275 കോടി രൂപയായി, അറ്റാദായം 7.02 % വർധിച്ച് 10659 കോടി രൂപയായി.


അമേരിക്കയിലും, യൂറോപ്പിലും വ്യവസായങ്ങൾ ഡിജിറ്റൽ പരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അത് സാധിക്കുന്നില്ല. അസംസ്‌കൃത വസ്‌തുക്കളുടെ വില വർധനവ്, വേതന വർധനവ്, സപ്ലൈ ചെയിൻ വെല്ലുവിളികൾ എന്നിവയാണ് വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.

സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ഭീതിയിൽ കമ്പനികൾ ഡിജിറ്റൽ പരിവർത്തനത്തിനുള്ള ചെലവുകൾ ചുരുക്കാനാണ് സാധ്യത. എന്നാൽ ക്‌ളൗഡ്‌ സേവനങ്ങൾക്ക് അമേരിക്കൻ കമ്പനികൾ കൂടുതൽ പണം ചെലവാക്കുന്നത് ഇന്ത്യൻ ഐ ടി കമ്പനികൾക്ക് നേട്ടമാകുമെന്ന്, ടി സി എസ് കരുതുന്നു.

2020 ജനുവരി മുതൽ 2022 മാർച്ച് വരെ നിഫ്റ്റി ഐ ടി സൂചിക 144 % വളർച്ച കൈവരിച്ചത് വിദേശ രാജ്യങ്ങളിൽ ഡിജിറ്റൽ പരിവർത്തനം മൂലം ഇന്ത്യൻ ഐ ടി കമ്പനികൾക്ക് കരാറുകൾ ലഭിച്ചത് കൊണ്ടാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഐ ടി ചെലവുകൾ ചുരുക്കുന്നത് കൊണ്ട് ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാകാം.

2022 -23 മൂന്നാം പാദത്തിൽ 2197 ജീവനക്കാരെ ടി സി എസ് കുറച്ചു. ഐ ടി സേവനങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞത് കൊണ്ടല്ല മറിച്ച് ജീവനക്കാർ അധികമായത് കൊണ്ടാണ് എണ്ണം കുറച്ചതെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

അമേരിക്കൻ വിപണിയിൽ ഇൻഷുറൻസ്, മോർട്ടഗേജ് ബിസിനസ്സ് വെർട്ടികലുകൾ വെല്ലുവിളി നേരിടുന്നുണ്ട്. ക്ലൗഡ്, സൈബർ സുരക്ഷ, കൺസൽട്ടിങ് സേവനങ്ങൾ, എന്റർപ്രൈസ് ആപ്ലിക്കേഷൻ സേവനങ്ങൾ എന്നിവയിലാണ് കൂടുതൽ ബിസിനസ് ലഭിച്ചത്

കമ്പനിയുടെ വളർച്ച മെച്ചപ്പെടുത്താൻ ഗവേഷണത്തിന് പ്രാധാന്യം നൽകുന്നുണ്ട്. ഡിസംബർ പാദത്തിൽ 212 പുതിയ പേറ്റെൻറ്റുകൾ ലഭിച്ചു. വിപണിയിൽ വെല്ലുവിളികൾ നേരിടുമ്പോഴും പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ സാധിച്ചു.
നിലവിൽ വിപണി നിരീക്ഷകർ ഐ ടി മേഖലയിൽ അമിത പ്രതീക്ഷ നൽകുന്നില്ല. പോർട്ട് ഫോളിയോ യിൽ ഐ ടി ഓഹരികൾ കുറയ്ക്കാനാണ് പൊതുവെ നിർദേശം നൽകുന്നത്. നിഫ്റ്റി ഐ ടി സൂചിക കഴിഞ്ഞ ഒരു മാസത്തിൽ 18812 നിന്ന് 17849 ലേക്ക് താഴ്ന്നു.

നിക്ഷേപകർക്കുള്ള നിർദേശം - വിൽക്കുക (Sell)
ലക്ഷ്യ വില -  2635 രൂപ 
നിലവിൽ -  3325

(Stock Recommendation by Nirmal Bang Research )



Tags:    

Similar News