ഇലക്ട്രിക് മൊബിലിറ്റി തരംഗത്തിൽ മുന്നേറ്റം, ഗ്രീവ്സ് കോട്ടൺ ഓഹരികൾ വാങ്ങാം
വൈദ്യുത ഇരു ചക്ര-മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 1274 % വളർച്ച, ഏകീകൃത വരുമാനത്തിൽ 188 % വർധനവ്
- ഒന്നര നൂറ്റാണ്ട് പാരമ്പര്യമുള്ള പ്രമുഖ എൻജിനിയറിംഗ് കമ്പനിയാണ് ഗ്രീവ്സ് കോട്ടൺ (Greaves Cotton Ltd). കാർഷിക ഉപകരണങ്ങൾ, ജനറേറ്ററുകൾ, പെട്രോൾ, ഡീസൽ, സി എൻ ജി എൻജിനുകൾ കൂടാതെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തും മുന്നേറ്റം നടത്തുന്നു.
- 2022 -23 ൽ ആദ്യ പാദത്തിൽ ഏകീകൃത വരുമാനം 188 % വർധിച്ച് 660 കോടി രൂപയായി. അറ്റാദായം 16 കോടി രൂപ. പുതിയ ബിസിനസുകളിൽ ശക്തമായ വളർച്ച കൈവരിച്ചു. അതിൽ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിൻറ്റെ 56 ശതമാനമായി. ഗ്രീവ്സ് കോട്ടൺ കമ്പനിയുടെ ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിൽ സൗദി അറേബിയൻ സ്ഥാപനമായ അബ്ദുൾ ജമീൽ ലത്തീഫ് 1171 കോടി രൂപയുടെ നിക്ഷേപം നടത്തി 38.5 % ഓഹരി പങ്കാളിത്തം കരസ്ഥമാക്കി.
- 2018 ൽ ആംപിയർ ഇലക്ട്രിക് (Ampere Electric) കമ്പനി ഏറ്റെടുത്ത വൈദ്യുത ഇരു ചക്ര വാഹന വിപണിയിൽ ശക്തമായി. ആംപിയർ ഇരു ചക്ര-മുച്ചക്ര വാഹനങ്ങളുടെ വിൽപ്പന 1274 % വാർഷിക വളർച്ച കൈവരിച്ച് 29577 എണ്ണമായി. 2021 -22 ൽ മൊത്തം വിൽപ്പന്ന 62142 വാഹനങ്ങൾ (+128 %). ഇരു ചക്ര ഇലക്ട്രിക് വാഹനങ്ങളിൽ 15.5 % വിപണി വിഹിതം നേടി ഈ വിപണിയിൽ രണ്ടാം സ്ഥാനത്ത് എത്തി. തമിഴ് നാട്ടിലെ റാണിപെറ്റ് ഉൽപ്പാദന കേന്ദ്രത്തിൽ നിന്ന് 50,000-മത്തെ ഇലക്ട്രിക് സ്‌കൂട്ടർ നിർമിച്ച് പുറത്തിറക്കി മറ്റൊരു പുതിയ ഒരു നാഴികക്കല്ല് നേടി. വിവിധ ബ്രാൻഡുകളുടെ വൈദ്യുത വാഹനങ്ങൾ വിൽക്കുന്ന ഓട്ടോ ഇ വി മാർട്ട് ആരംഭിച്ചു.
- വൈദ്യുത മുച്ചക്ര വാഹനങ്ങളുടെ വിപണി വികസിപ്പിക്കാനായി എം എൽ ആർ ഓട്ടോ, ഇലി (Ele) എന്നി കമ്പനികളുടെ 26 % ഓഹരി പങ്കാളിത്തം കരസ്ഥമാക്കി.
- ഗ്രീവ്സ് കോട്ടൺ കമ്പനി ഓട്ടോമോട്ടീവ്, ഓട്ടോമോട്ടീവ് ഇതര, ഫിനാൻസ്, റീറ്റെയ്ൽ, ഇ മൊബിലിറ്റി എന്നി വിഭാഗങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള വികസന തന്ത്രമാണ് ആവിഷ്കരിക്കുന്നത് . ഇതിലൂടെ 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 21.2 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കും.
- കേന്ദ്ര സർക്കാർ വൈദ്യുത വാഹന നയം ഗ്രീവ്സ് കോട്ടൺ കമ്പനിയുടെ ഇ-മൊബിലിറ്റി ബിസിനസ്സിൽ മുന്നേറ്റം നടത്താൻ സഹായകരമാകും. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ്, മുച്ചക്ര വാഹന വിപണി യിലെ മന്ദഗതിയിലെ വളർച്ച എന്നിവ കമ്പനിയുടെ പ്രവർത്തന ഫലത്തെ ബാധിച്ചേക്കാം.
- പുതിയ ബിസിനസുകളിൽ ശക്തമായ മുന്നേറ്റം കൂടാതെ പരമ്പരാഗതമായ എൻജിൻ, പവർ ട്രെയിൻ തുടങ്ങിയ വിഭാഗങ്ങൾ ശക്തമായി തുടരുന്നതും ഗ്രീവ്സ് കോട്ടൺ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 212 രൂപ
നിലവിൽ 170 ട്രെൻഡ് ബുള്ളിഷ്
(Stock Recommendation by Sharekhan)