ക്രെഡിറ്റ് കാർഡ് ബിസിനസിൽ അഭിവൃദ്ധി, എസ് ബി ഐ കാർഡ്‌സ് ഓഹരികൾ വാങ്ങാം

9 ലക്ഷം പുതിയ അക്കൗണ്ടുകൾ കമ്പനിക്ക് നേടാൻ കഴിഞ്ഞു. മൊത്തം ക്രെഡിറ്റ് കാർഡ് വിതരണം ചെയ്തത് 14.3 ദശലക്ഷം കോടി രൂപയായി.

Update:2022-08-01 08:49 IST


  • 1998 ൽ ആദ്യമായി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി വിപണിയിലേക്ക് പ്രവേശിച്ച എസ് ബി ഐ കാർഡ്‌സ് (SBI Cards & Payment Services Ltd) 2022 -23 ആദ്യ പാദത്തിൽ പ്രവർത്തന വരുമാനം 31 % വാർഷിക വളർച്ച കൈവരിച്ച് 2362 കോടി രൂപയായി. 9 ലക്ഷം പുതിയ അക്കൗണ്ടുകൾ കമ്പനിക്ക് നേടാൻ കഴിഞ്ഞു. മൊത്തം ക്രെഡിറ്റ് കാർഡ് വിതരണം ചെയ്തത് 14.3 ദശലക്ഷം കോടി രൂപയായി. അറ്റാദായം 106 % വർധിച്ച് 627 കോടിയായി.
  • ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ് ബി ഐ യുടെ സബ്സിഡിയറി സ്ഥാപനമായതിനാൽ, ബാങ്കിൻറ്റെ 22,400 ബ്രാഞ്ചുകളിൽ നിന്ന് പുതിയ ബിസിനസ് സാധ്യതകൾ ഉപയോഗപ്പെടുത്താൻ എസ് ബി ഐ കാർഡ്‌സിന് സാധിക്കുന്നു. 447 ദശലക്ഷം അക്കൗണ്ടുകൾ എസ് ബി ഐ ക്ക് ഉണ്ട്.
  • മൊത്തം നിഷ്ക്രിയ ആസ്തി മുൻ വർഷത്തിൽ 3.91 ശതമാനമായിരുന്നത് 2.24 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഉപഭോക്താക്കൾ എസ് ബി ഐ കാർഡ് ഉപയോഗിച്ച് ചെലവാക്കിയ തുക 79 % വർധിച്ച് 59671 കോടി രൂപയായി. പലിശയിൽ നിന്നുള്ള വരുമാനം 20 % വർധിച്ച് 1387 കോടി രൂപയായി. ഫണ്ടുകളുടെ ചെലവ് (cost of funds) 5.1 ശതമാനമായി കുറഞ്ഞു. ഒരു ക്രെഡിറ്റ് കാർഡ് ഉടമ ചെലവാക്കുന്ന ശരാശരി തുക 53 % വർധിച്ച് 1,70 ,000 രൂപ യായി.
  • നഷ്ട സാധ്യത കുറയ്ക്കാനായി സ്ഥിര വരുമാനകാർക്കും , കോർപറേറ്റ് ജീവനക്കാർക്കുമാണ് കാർഡുകൾ നൽകുന്നത്. മൊത്തം കാർഡ് വിതരണത്തിൻറ്റെ 80 % ഈ വിഭാഗത്തിൽ പെട്ടവർക്കാണ് ലഭിച്ചത്. ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ജനസംഖ്യയുടെ 5 % മാത്രമാണ്, അതിനാൽ ക്രെഡിറ്റ് കാർഡ് ബിസിനസ് ഇനിയും വളരാനുള്ള സാധ്യതകൾ ഉണ്ട്. നഗരവത്കരണവും, ഇകൊമേഴ്സ് വളർച്ചയും ഡിജിറ്റൽ പേ മെൻറ്റ്സ് വർധിക്കാൻ കാരണമാകുന്നുണ്ട്. മൊത്തം എസ് ബി ഐ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ 54 % ഓൺലൈനായി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനാണ്.
  • ഐ ആർ ടി സി, എസ് ബി ഐ, ബി പി സി എൽ, ടാറ്റ, വിസ്താര തുടങ്ങിയ കമ്പനികളുമായി ചേർന്ന് കോ ബ്രാൻഡഡ് കാർഡുകൾ പുറത്തിറക്കുന്നുണ്ട്. എച്ച് ഡി എഫ് സി കാർഡ് കഴിഞ്ഞാൽ ഏറ്റവും അധികം പ്രചാരമുള്ള ക്രെഡിറ്റ് കാർഡ് എസ് ബി ഐ കാർഡ്‌സാണ്.
  • യു പി ഐ ഇടപാടുകൾ വർധിക്കുന്നുണ്ടെങ്കിലും അത് ക്രെഡിറ്റ് കാർഡ് ബിസിനസിന് ഭീഷണി യാകില്ലന്ന്, എസ് ബി ഐ കാർഡ്‌സ് സി ഇ ഒ രാമ മോഹൻ റാവു അമര അഭിപ്രായപ്പെട്ടിട്ടുണ്ട്.
  • മാതൃ സ്ഥാപനമായ എസ് ബി ഐ യുടെ പിൻബലം, വളരെ വേഗം വളരുന്ന ക്രെഡിറ്റ് കാർഡ് വിപണി, ഇകൊമേഴ്സിൽ കുതിപ്പ് എന്നി അനുകൂല ഘടകങ്ങൾ കൊണ്ട് എസ് ബി ഐ കാർഡ്‌സ് ഇനിയും മെച്ചപ്പെട്ട വളർച്ച നേടുമെന്ന് കരുതാം.

നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)

ലക്ഷ്യ വില 1080രൂപ

നിലവിൽ 938 രൂപ

(Stock Recommendation by Touch By Acumen)



Tags:    

Similar News