പുതിയ ചുവടുകളുമായി മൂന്ന് വമ്പന്‍ കമ്പനികള്‍; വാങ്ങാമോ ഈ ഓഹരികള്‍?

ഈ ആഴ്ചയിലെ ഓഹരി നിര്‍ദേശങ്ങള്‍ നോക്കാം

Update:2024-02-24 16:19 IST

ടെക്‌സ്‌റ്റൈല്‍, കെമിക്കല്‍സ് രംഗത്തെ പ്രമുഖ കമ്പനിയായ ഗ്രാസിം ഇന്‍ഡസ്ട്രീസ് വന്‍ നിക്ഷേപവുമായി പെയിന്റ് വിപണിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. ചെമ്മീന്‍ സംസ്‌കരണ കയറ്റുമതി രംഗത്തെ പ്രമുഖ സ്ഥാപനം അവന്തി വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണ ഉത്പാദനം ആരംഭിക്കുന്നു. എന്‍ജിനിയറിംഗ് കമ്പനിയായ എ.ബി.ബി ഡേറ്റ സെന്റര്‍, ഇലക്ട്രോണിക്‌സ്, ലോജിസ്റ്റിക്‌സ് വ്യവസായങ്ങള്‍ക്ക് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നു. പുതിയ ചുവടുവയ്പുകള്‍ ഈ കമ്പനികള്‍ക്ക് നേട്ടമാകുമോ?

1.ആവന്തി ഫീഡ്‌സ് (Avanti Feeds Ltd): ചെമ്മീന്‍ തീറ്റകള്‍ ഉത്പാദനം, ചെമ്മീന്‍ സംസ്‌കരണം, കയറ്റുമതി എന്നീ ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രമുഖ സ്ഥാപനമാണ് അവന്തി ഫീഡ്‌സ്. ചെമ്മീന്‍ തീറ്റ, സംസ്‌കരണം എന്നി ബിസിനസില്‍ നേട്ടം കൈവരിച്ചത് കൊണ്ട് 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനം 14 ശതമാനം ഉയര്‍ന്ന് 1,253 കോടി രൂപയായി.

നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 20.4 ശതമാനം വര്‍ധിച്ച് 97 കോടി രൂപയായി. EBITDA മാര്‍ജിന്‍ 0.40 ശതമാനം വര്‍ധിച്ച് 7.7 ശതമാനമായി. അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ സ്ഥിരത ഉണ്ടായതാണ് നേട്ടം ഉണ്ടാക്കാന്‍ സഹായിച്ചത്. 2023ല്‍ ചെമ്മീന്‍ ഉത്പാദനം കുറഞ്ഞു എന്നാല്‍ 2024ല്‍ 10-15 ശതമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതുമൂലം ചെമ്മീന്‍ തീറ്റ വില്‍പ്പന വര്‍ധിക്കും. ചെമ്മീന്‍ തീറ്റ ഉത്പാദന ശേഷി 1.75 ലക്ഷം മെട്രിക്ക് ടണ്‍ വര്‍ധിപ്പിച്ചു. ചെമ്മീന്‍ സംസ്‌കരണ വിഭാഗത്തില്‍ 7,000 മെട്രിക് ടണ്‍ ശേഷി വര്‍ധിപ്പിക്കുന്നു.

2023-24 മുതല്‍ 2025-26 വരെ കാലയളവില്‍ വരുമാനത്തില്‍ 12 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെമ്മീന്‍ തീറ്റകളുടെ വിലയില്‍ 18 ശതമാനം ചാഞ്ചാട്ടം ഉണ്ടായിട്ടുണ്ട്. സോയാബീന്‍ വില 36 ശതമാനം, ഗോതമ്പ് 14 ശതമാനം, ഫിഷ്മീല്‍ 8 ശതമാനം വീതം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് വില ഇടിഞ്ഞിട്ടുണ്ട്.

ജൂലൈയില്‍ ആരംഭിച്ച അവന്തി പെറ്റ് കെയര്‍ എന്ന ഉപകമ്പനിയില്‍ 51 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ട്. വളര്‍ത്ത് മൃഗങ്ങളുടെ തീറ്റ ഉത്പാദനം രണ്ടു വർഷത്തിനുളില്‍ ആരംഭിക്കും. നിലവില്‍ വളര്‍ത്തുമൃഗങ്ങളുടെ തീറ്റയ്ക്ക് നല്ല ഡിമാന്‍ഡ് ഉണ്ട് -വാര്‍ഷിക വളര്‍ച്ച 2 ശതമാനം. നിലവില്‍ ഉള്ള രണ്ട് പ്രമുഖ പെറ്റ് ഫുഡ് ബ്രാന്‍ഡുകള്‍ ഡ്രൂള്‍, പെഡിഗ്രി എന്നിവ ഇറക്കുമതി ചെയ്യുന്നതാണ്. അതിനാല്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കുന്നത് വിപണിയില്‍ മുന്നേറ്റം ഉണ്ടാകാന്‍ സഹായിക്കും. കേന്ദ്ര സര്‍ക്കാര്‍ ചെമ്മീന്‍ കയറ്റുമതിക്ക് പ്രോത്സാഹനം നല്‍കുന്നത് കമ്പനിക്ക് നേട്ടമാകും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 569 രൂപ

നിലവില്‍ 512 രൂപ.

(ടtock Recommendation by Geojit Financial Services)

2. ഗ്രാസിം ഇന്‍ഡസ്ട്രീസ് (Grasim Industries Ltd): ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ കമ്പനിയാണ് ഏഴു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിച്ച ഗ്രാസിം ഇന്‍ഡസ്ട്രീസ്. തുണിത്തരങ്ങള്‍, വിസ്‌കോസ്, ലിനന്‍ നൂല്‍, രാസവസ്തുക്കള്‍ തുടങ്ങി വൈവിധ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗ്രാസിം. ഇപ്പോള്‍ പെയിന്റ് ബിസിനസിലേക്കും കടന്നിരിക്കുന്നു. 

ഫെബ്രുവരിയില്‍ തമിഴ്‌നാട്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ പെയിന്റ് ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചു. മൂന്നിടത്തും ട്രയല്‍ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലും 2024-25ല്‍ പുതിയ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ബിര്‍ള ഓപസ് എന്ന ബ്രാന്‍ഡിലാണ് പെയിന്റ് പുറത്തിറക്കുന്നത്.

2021ല്‍ 5,000 കോടി രൂപയുടെ മുതല്‍ മുടക്കോടെയാണ് പുതിയ ബിസിനസിലേക്ക് കടന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുളില്‍ വിറ്റുവരവ് 10,000 കോടി രൂപയാകും. ഒരു ലക്ഷത്തിലധികം ജനസംഖ്യ ഉള്ള ചെറുപട്ടണങ്ങളും ഗ്രാമങ്ങളിലും വിതരണ ശൃംഖല വിപുലപ്പെടുത്തും. ചെലവ് കുറഞ്ഞതും പ്രീമിയം വിഭാഗത്തിലും പെയിന്റുകള്‍ പുറത്തിറക്കും.

വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബര്‍ ബിസിനസ് വിഭാഗത്തില്‍ മാര്‍ജിന്‍ സ്ഥിരത കൈവരിക്കാന്‍ സാധിച്ചു. കാസ്റ്റിക്ക് സോഡാ വില താഴേക്ക് പോയി. എപ്പോക്‌സി (Epoxy) ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നത് കമ്പനിക്ക് വരുമാന നേട്ടം ഉണ്ടാക്കും. കാസ്റ്റിക് സോഡയെ അപേക്ഷിച്ചു എപ്പോക്‌സി വിഭാഗത്തില്‍ മാര്‍ജിന്‍ മെച്ചപ്പെട്ടതാണ്. വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബര്‍ വില്‍പ്പനയില്‍ 34 ശതമാനം വര്‍ധന 2023-24 ഡിസംബര്‍ പാദത്തില്‍ ഉണ്ടായതിനാല്‍ വരുമാനം 3 ശതമാനം വര്‍ധിച്ച് 6,400 കോടി രൂപയായി. സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, വിസ്‌കോസ് ബിസിനസില്‍ വളര്‍ച്ച, കൂടാതെ പെയിന്റ് വിപണിയിലേക്ക് പ്രവേശിച്ചതും കമ്പനിയുടെ ഭാവി വരുമാന വളര്‍ച്ചയ്ക്ക് അനുകൂലമാണ്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -2670 രൂപ

നിലവില്‍ 2194.30 രൂപ

Stock Recommendation by Motilal Oswal Financial Services.

3. എ.ബി.ബി ലിമിറ്റഡ് (ABB Ltd): വിവിധ വലിയ വ്യവസായങ്ങള്‍ക്ക് എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണ് എ.ബി.ബി. 2023 ഡിസംബര്‍ പാദത്തില്‍ 35 ശതമാനം ഓര്‍ഡര്‍ വര്‍ധന ഉണ്ടായി. വരുമാനം 14 ശതമാനം വര്‍ധിച്ച് 2,757 കോടി രൂപയായി. ഇതുവരെ കൈവരിച്ച ഏറ്റവും ഉയര്‍ന്ന വരുമാനം. 2023ല്‍ ലഭിച്ച പുതിയ ഓര്‍ഡറുകളിലും റെക്കോഡ് നേട്ടം 12,319 കോടി രൂപ, വരുമാനം 10,447 കോടി രൂപ.

നിലവില്‍ സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ് വ്യവസായങ്ങളില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ റോബോട്ടിക്സ് സൊല്യൂഷന്‍സ്, ഖനന മോട്ടോറുകള്‍, ഇലക്ട്രിക് ഡ്രൈവ്, ഡിസ്ട്രിബ്യുട്ടഡ്ഡ് കണ്‍ട്രോള്‍ സിസ്റ്റംസ് വിഭാഗത്തിലും ഓര്‍ഡറുകള്‍ വര്‍ധിച്ചു. അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ മൂലധന നിക്ഷേപം വര്‍ധിക്കുന്നതും കമ്പനിക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാനുള്ള അനുകൂല സാഹചര്യമാണ്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)

ലക്ഷ്യ വില -5487 രൂപ

നിലവില്‍ 5389 രൂപ

Stock Recommendation by HDFC Securities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News