ഒരു വര്‍ഷം കൊണ്ട് 1550 ശതമാനം നേട്ടം! അത്ഭുതതാരമായി മലയാളികള്‍ സ്ഥാപിച്ച കമ്പനി

കഴിഞ്ഞ വര്‍ഷം മെയ് 12ന് ഓഹരി വില 4.43 രൂപ. ഇന്നലെ 63.95 രൂപ. സ്‌മോള്‍ കാപ് ഓഹരികളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കി സുബെക്‌സ് ലിമിറ്റഡ്

Update:2021-05-13 13:30 IST

കഴിഞ്ഞ വര്‍ഷം മെയ് 12ന് ഒരു ലക്ഷം രൂപ സുബെക്‌സ് ലിമിറ്റഡിന്റെ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നലെ അതിന്റെ മൂല്യം 14 ലക്ഷം രൂപ കവിഞ്ഞിട്ടുണ്ടാകും!

ഇന്ത്യന്‍ ഓഹരി വിപണിയിലെ സ്‌മോള്‍ കാപ് കമ്പനികള്‍ക്കിടയില്‍ അമ്പരപ്പിക്കുന്ന നേട്ടം സമ്മാനിച്ച് മുന്നേറുകയാണ് മലയാളികള്‍ സ്ഥാപിച്ച, ഇപ്പോള്‍ ഒരു മലയാളി നയിക്കുന്ന സുബെക്‌സ് ലിമിറ്റഡ്. നേട്ടങ്ങളുടെ നെറുകയില്‍ നിന്ന് തകര്‍ച്ചയിലേക്ക് വീണ് വീണ്ടും കുതിപ്പിന്റെ പാതയിലെത്തിയ സുബെക്‌സ് ഇന്ത്യന്‍ കമ്പനികളുടെ ടേണ്‍ എറൗണ്ട് കഥകള്‍ക്കിടയിലെ മറ്റൊരു സുവര്‍ണതാരം കൂടിയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം സമ്മാനിച്ച സ്‌മോള്‍ കാപ് കമ്പനിയാണ് സുബെക്‌സ് ലിമിറ്റഡ്. ലോകമെമ്പാടുമുള്ള ടെലികോം കമ്പനികള്‍ക്ക് ഡിജിറ്റല്‍ ട്രസ്റ്റ് ഉപകരണങ്ങള്‍ നല്‍കുന്ന ഈ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനി എന്റര്‍പ്രൈസ് സോഫ്റ്റ് വെയര്‍ രംഗത്ത് രാജ്യാന്തരതലത്തില്‍ ശക്തമായ സാന്നിധ്യമാണ്.

പാലക്കാട് സ്വദേശിയായ സുഭാഷ് മേനോന്‍, അലക്‌സ് പി ജെ, അലക്‌സ് പുത്തന്‍ചിറ എന്നിവര്‍ ചേര്‍ന്ന് 1992ല്‍ സ്ഥാപിച്ച സുബെക്‌സിന്റെ ചരിത്രം മിന്നിത്തിളങ്ങുന്ന വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും കൂടിയാണ്. മൂന്ന് ദശാബ്ദത്തിനിടയില്‍ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ള സുബെക്‌സ് ഇനിയും ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

ട്രേഡിംഗ് കമ്പനിയില്‍ നിന്ന് പ്രോഡക്റ്റ് കമ്പനിയിലേക്ക് പകര്‍ന്നാട്ടം

1992-1999 കാലഘട്ടത്തില്‍ സുബെക്‌സ് ടെലികോം ഉല്‍പ്പന്നങ്ങളുടെ ട്രേഡിംഗ് രംഗത്തായിരുന്നു. 1999ല്‍ ടെലികോം മേഖലയിലേക്ക് വേണ്ട തട്ടിപ്പ് തടയുന്ന ഉല്‍പ്പന്നങ്ങളുടെയും വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പന്ന നിര്‍മാണ രംഗത്തേക്ക് സുബെക്‌സ് കടന്നു.

1999 - 2008 കാലത്ത് ഇന്ത്യയിലെ അതിവേഗം വളരുന്ന, രാജ്യാന്തര തലത്തിലേക്ക് ബിസിനസ് വളര്‍ത്തിയ കമ്പനികളുടെ നിരയിലായിരുന്നു സുബെക്‌സിന്റെ സ്ഥാനം. സുബെക്‌സ് സ്ഥാപകരായ സുഭാഷ് മേനോനും അലക്‌സ് പി ജെയും ഇന്ത്യന്‍ എന്റര്‍പ്രണേറിയല്‍ നെറ്റ് വര്‍ക്കുകളില്‍ നിറസാന്നിധ്യമായി.
എല്ലാം തകിടം മറിച്ച ഏറ്റെടുക്കല്‍
2004 മുതല്‍ സുബെക്‌സ് വളര്‍ച്ചയുടെ ഭാഗമായി വന്‍ ഏറ്റെടുക്കലുകളും നടത്തിയിരുന്നു. 2007ല്‍ നടത്തിയ അത്തരമൊരു ഏറ്റെടുക്കല്‍ പക്ഷേ കാര്യങ്ങള്‍ തലകീഴായി മറിച്ചു. 165 ദശലക്ഷം ഡോളറിനുള്ള ഈ ഏറ്റെടുക്കലിനൊപ്പം ആഗോള സാമ്പത്തിക പ്രതിസന്ധിയും കൂടിയായപ്പോള്‍ സുബെക്‌സിന്റെ ദുര്‍ദശ തുടങ്ങി. ഓഹരി വില 300 രൂപയില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് 30 രൂപയിലെത്തി. കമ്പനിയുടെ സാരഥ്യത്തില്‍ നിന്ന് സ്ഥാപകര്‍ പുറത്തായി. ഇതോടെ കമ്പനിയുടെ സാരഥ്യത്തിലേക്ക് മാനേജ്‌മെന്റ് തലത്തിലുള്ളവര്‍ എത്തി. സുബെക്‌സിനൊപ്പം വര്‍ഷങ്ങളായുള്ള മലയാളിയായ വിനോദ് കുമാര്‍ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ചുമതലയേറ്റു. പിന്നീട് ഇന്ത്യന്‍ കോര്‍പ്പറേറ്റ് രംഗത്തെ സുന്ദരമായൊരു ടേണ്‍ എറൗണ്ട് സ്റ്റോറി തന്നെ സുബെക്‌സ് രചിച്ചു. ''സുബെക്‌സിന്റെ അടിത്തറ കരുത്തുറ്റതായിരുന്നു. മികച്ച പ്രോഡക്റ്റ് നിരയായിരുന്നു. രാജ്യാന്തരതലത്തില്‍ ഒട്ടനവധി ഉപഭോക്താക്കളുമുണ്ടായിരുന്നു. ഏറ്റെടുക്കലുകളും ആഗോള സാമ്പത്തിക പ്രതിസന്ധിയുമാണ് കമ്പനിയെ തകരാറിലാക്കിയത്. അടിസ്ഥാനപരമായി നല്ല കമ്പനി തന്നെയാണ് സുബെക്‌സ്,'' ഒരു ഓഹരി വിപണി നിരീക്ഷകന്‍ അഭിപ്രായപ്പെടുന്നു.

2007 ലെ ഏറ്റെടുക്കലിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി കടക്കെണിയിലായ കമ്പനി വിനോദ് കുമാറിന്റെയും ടീമിന്റെ സാരഥ്യത്തില്‍ 2017 ഓടെ കടമില്ലാത്ത കമ്പനിയായി മാറി. ഇന്നും കടമില്ലാത്ത കമ്പനിയാണ് സുബെക്‌സ്.
ഐഒടി രംഗത്ത് ഊന്നല്‍
ഐഒടി സെക്യൂരിറ്റി രംഗത്ത് ഊന്നല്‍ നല്‍കികൊണ്ടാണ് കമ്പനി ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ലോകത്തിലെ 100 പ്രമുഖ ടെലികോം കമ്പനികളെ എടുത്താല്‍ അതില്‍ 75 ശതമാനവും സുബെക്‌സിന്റെ ഉപഭോക്താക്കളാണ്. ബ്രിട്ടീഷ് ടെലികോം, എയര്‍ടെല്‍, ജിയോ, വിഐ, ടി -മൊബീല്‍, എടി&ടി, ഓറഞ്ച്, സ്വിസ്‌കോം എന്നിവയെല്ലാം സുബെക്‌സിന്റെ ഉപഭോക്തൃനിരയിലുണ്ട്. ആഗോളതലത്തിലെ ടെലികോം ട്രാഫിക്കിന്റെ അഞ്ചിലൊന്നും തങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

ടെലികോം രംഗത്തിനപ്പുറത്തേക്ക് കടന്നും സുബെക്‌സ് ജൈത്രയാത്ര നടത്തുകയാണിപ്പോള്‍. ഫിന്‍ടെക്, ഇ കോമേഴ്‌സ് രംഗത്തേക്കുള്ള ബിസിനസ് വ്യാപനം കമ്പനിയുടെ ഭാവി വളര്‍ച്ച ഉറപ്പാക്കുമെന്നും വിപണി നിരീക്ഷകര്‍ പറയുന്നു.


Tags:    

Similar News