കാത്തിരിപ്പ് ഇനി വേണ്ട, സ്വിഗി ഐ.പി.ഒ ദീപാവലിക്ക് ശേഷം; വിലയും വിശദാംശങ്ങളും നോക്കാം
അനൗദ്യോഗിക വിപണിയില്‍ ഓഹരിക്ക് മികച്ച വില
രാജ്യത്തെ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) മേളം കൊഴുപ്പിക്കാന്‍ പ്രമുഖ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും എത്തുന്നു. നിക്ഷേപകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഐ.പി.ഒകളില്‍ ഒന്നാണിത്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഉള്‍പ്പെടെ ഈ വര്‍ഷം 66 പ്രധാന കമ്പനികളാണ് ഐ.പി.ഒയുമായി എത്തിയത്. രാജ്യത്തെ ഏറ്റവും വമ്പന്‍ ഐ.പി.ഒ എന്നതായിരുന്നു ഹുണ്ടായിയുടെ ആകര്‍ഷണമെങ്കില്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഞെട്ടിച്ചത് വാരി എനര്‍ജിയാണ്. ഈ ലിസ്റ്റിലിലേക്കാണ് സ്വിഗിയും എത്തുന്നത്.
സോഫ്റ്റ് ബാങ്കിന്റെ പിന്തുണയുള്ള സ്വിഗി ഐ.പി.ഒ വഴി 11,327.43 കോടി രൂപയാണ് സമാഹരിക്കാനുദ്ദേശിക്കുന്നത്. 11.53 കോടി പുതിയ ഓഹരി വില്‍പ്പനയും (Fresh Sale) 17.50 കോടിയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് (OFS) ഐ.പി.ഒയിലുണ്ടാകുക. മിനിമം ലോട്ട് സൈസ് കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ആക്‌സല്‍ ഇന്ത്യ IV (മൗറീഷ്യസ്), അപ്പോലെറ്റോ ഏഷ്യ, ആല്‍ഫ വേവ് വെഞ്ച്വേഴ്‌സ്, ഇന്‍സ്പയേഡ് എലൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ടെന്‍സെന്റ് ക്ലൗഡ് യൂറോപ്പ്, എം.ഐ.എച്ച് ഇന്ത്യ ഫുഡ് ഹോള്‍ഡിംഗ്‌സ് തുടങ്ങി സ്വിഗിയുടെ 10 ഓഹരിയുടമകള്‍ ഒ.എഫ്.എസില്‍ പങ്കെടുക്കുന്നുണ്ട്.
വിലയും ലിസ്റ്റിംഗും
നവംബര്‍ ആറ് മുതല്‍ എട്ട് വരെയാണ് ഐ.പി.ഒ നടക്കുക. ഓഹരിയൊന്നിന് 371-390 രൂപയാണ് പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അലോട്ട്‌മെന്റ് നവംബര്‍ 11നായിരിക്കും. 12ന് നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരികള്‍ ക്രെഡിറ്റ് ചെയ്യും. നവംബര്‍ 13 ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ.
സ്വിഗിയുടെ ഉപകമ്പനിയായ സ്‌കൂട്ട്‌സിയില്‍ നിക്ഷേപിക്കാനും കമ്പനിയുടെ ചില കടങ്ങള്‍ ഭാഗകമായോ മുഴുവനായോ വീട്ടാനും ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും. ഇതുകൂടാതെ ക്വിക്ക് കൊമേഴ്‌സ് വിഭാഗത്തില്‍ സംഭരണശാലാ ശൃംഖല വികസിപ്പിക്കാനും ഈ പണം പ്രയോജനപ്പെടുത്തും.
ഗ്രേ മാര്‍ക്കറ്റും ഓഹരിയും
ഓഹരി വിപണിക്ക് പുറത്തുള്ള അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റില്‍) ഓഹരിക്ക് മികച്ച പ്രീമിയം ലഭിക്കുന്നുണ്ട്. ഐ.പി.ഒയുടെ അപ്പര്‍ പ്രൈസ് ബാന്‍ഡിനെ അപേക്ഷിച്ച് 130 രൂപയോളം ഉയര്‍ന്നാണ് വ്യാപാരമെന്ന് അനൗദ്യോഗിക വിപണി നിരിക്ഷിക്കുന്ന ചില സ്രോതസുകള്‍ വെളിപ്പെടുത്തുന്നു.
ലാഭവും വരുമാനവും
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയിരിക്കുന്ന ഡി.ആര്‍.എച്ച്.പി പ്രകാരം സ്വിഗി 2025 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 3,222.21 കോടി രൂപയുടെ വരുമാനം നേടി. തൊട്ടു മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 2,389.81 കോടി രൂപയായിരുന്നു വരുമാനം, 2024 സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 11,247.40 കോടി രൂപയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8,264.60 കോടിയും 2022 സാമ്പത്തിക വര്‍ഷത്തില്‍ 12,884.40 കോടിയുമായിരുന്നു.
സ്വിഗ്ഗിയുടെ മൊത്തം ചെലവുകൾ ഒന്നാം പാദത്തില്‍ 3,907.95 കോടിയാണ്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ 3,072.56 കോടിയായിരുന്നു.
അതേസമയം കമ്പനിയുടെ നഷ്ടം ഒന്നാം പാദത്തില്‍ കൂടി. 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ 564.08 കോടിയില്‍ നിന്ന് 611 കോടിയായാണ് നഷ്ടം വര്‍ധിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൊത്തം നഷ്ടം 2,350.24 കോടി രൂപയാണ്.
സ്വിഗിയുടെ മുഖ്യ എതിരാളിയായ സൊമാറ്റോ 2021ലാണ് ഐ.പി.ഒയുമായി എത്തിയത്. 9,375 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ട് എത്തിയ ഐ.പി.ഒ അന്ന് 35 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ നേടിയിരുന്നു.