എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ ടാറ്റ ഓഹരി, ഒരുമാസത്തിനിടെ 30 ശതമാനത്തിന്റെ കുതിപ്പ്
1,124.50 രൂപയാണ് ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഓഹരി വില
ഒരു മാസത്തിനിടെ ഓഹരി വില 30 ശതമാനം അഥവാ 262 രൂപ ഉയര്‍ന്നതിന് പിന്നാലെ എക്കാലത്തെയും ഉയര്‍ന്നനില തൊട്ട് ടാറ്റ കെമിക്കല്‍സ് (Tata Chemicals). ഇന്നലെ നേരിയ നേട്ടത്തോടെ 1,124.50 രൂപ എന്ന നിലയിലാണ് കെമിക്കല്‍ നിര്‍മാതാക്കളുടെ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഒരുമാസത്തിനിടെ ഓഹരിവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയെങ്കിലും ഒരു വര്‍ഷത്തിനിടെ 34 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഈ ഓഹരി രേഖപ്പെടുത്തിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഈ കമ്പനിയുടെ ഓഹരി വില കുതിച്ചത്. ജൂണ്‍ പാദത്തിലെ അറ്റാദായത്തില്‍ 86 ശതമാനം കുതിപ്പാണ് കമ്പനി രേഖപ്പെടുത്തിയത്. അതായത്, 637 കോടി രൂപ. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 342 കോടി രൂപയായിരുന്നു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റ കെമിക്കല്‍സ് രാസവസ്തുക്കള്‍, വിള സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, സ്പെഷ്യാലിറ്റി കെമിസ്ട്രി ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ കെമിക്കല്‍ കമ്പനികളിലൊന്നാണ്.