ടാറ്റ സണ്‍സ് ലിസ്റ്റിംഗ് ഒഴിവാക്കാന്‍ നീക്കം, നിക്ഷേപകരെ എങ്ങനെ ബാധിക്കും?

ടാറ്റ കെമിക്കല്‍സ്, റാലീസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് ഓഹരികള്‍ ക്ഷീണത്തില്‍

Update:2024-03-11 10:49 IST

ടാറ്റാ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സ് ലിസ്റ്റ് ചെയ്യാതിരിക്കാന്‍ വഴി തേടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് ഗ്രൂപ്പ് ഓഹരികളെ ബാധിച്ചു. ടാറ്റ സണ്‍സ് ഓഹരിവിപണിയിലേക്കെത്തുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ടാറ്റാ കെമിക്കല്‍സ് അടക്കം ഏതാനും ടാറ്റാ കമ്പനികള്‍ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു.

ആറ് വ്യാപാര സെഷനുകളിലായി 40 ശതമാനത്തോളം നേട്ടമാണ് ടാറ്റ കെമിക്കല്‍സ് ഓഹരി നേടിയത്. ടാറ്റ സണ്‍സിന്റെ ലിസ്റ്റിംഗ് ഏറ്റവും ഗുണം നല്‍കുക ടാറ്റ കെമിക്കല്‍സിനായിരിക്കുമെന്ന സ്പാര്‍ക്ക് ക്യാപിറ്റല്‍ റിപ്പോര്‍ട്ടിലെ നിഗമനമായിരുന്നു ഓഹരിയെ ഉയര്‍ത്തിയത്. എന്നാല്‍ ഇന്ന് രാവിലത്തെ സെഷനില്‍ ഒമ്പത് ശതമാനത്തിലധികം ഇടിവിലാണ് ഓഹരി. റാലിസ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയും ഇന്ന് ഇടിവില്‍ മുന്നില്‍ നില്‍ക്കുന്നു.

ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള 24 ലിസ്റ്റഡ് കമ്പനികളില്‍ വെറും മൂന്നെണ്ണമാണിന്ന് നേട്ടത്തില്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ നാല് വ്യാപാരദിനങ്ങളിലായി 85,000 കോടി രൂപയുടെ വര്‍ധനയാണ് വിപണി മൂല്യത്തില്‍ ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ നേടിയത്. എന്നാല്‍ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ഓഹരികളുടെ കയറ്റം നിക്ഷേപകര്‍ക്ക് പണം നഷ്ടമാക്കാറാണ് പതിവെന്നും കമ്പനികളുടെ അടിസ്ഥാന മികവിന് പരിഗണന നല്‍കാതെയുള്ള നിക്ഷേപം ഫലം കാണാറില്ലെന്നും ഓഹരി മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

പിന്മാറാന്‍ കാരണം

അപ്പര്‍ ലെയര്‍ എന്‍.ബി.എഫ്.സി  എന്ന പട്ടികയില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തിയ ടാറ്റാ സണ്‍സ് 2025 സെപ്റ്റംബറിനകം ലിസ്റ്റ് ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്താല്‍ ടാറ്റാ സണ്‍സില്‍ ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം കുതിക്കും.
ലിസ്റ്റിംഗ് നിബന്ധനയില്‍ നിന്ന് ഒഴിവാകാന്‍ ടാറ്റാ സണ്‍സിന്റെ കടങ്ങള്‍ കുറയ്ക്കാനും ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ഗ്രൂപ്പ് ആലോചന തുടങ്ങി. പ്രധാനമായും ട്രസ്റ്റുകള്‍ ഓഹരി കൈയാളുന്ന ടാറ്റാ സണ്‍സ് ലിസ്റ്റ് ചെയ്താല്‍ ട്രസ്റ്റുകളുടെ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും എന്ന സാഹചര്യമുണ്ട്. ഇതാണു പുനരാലോചനയ്ക്കു പ്രധാന കാരണം. നിലവില്‍ ടാറ്റ സണ്‍സ് ലിസ്റ്റഡ് കമ്പനിയല്ലാത്തതുകൊണ്ട് മറ്റ് ഗ്രൂപ്പ് കമ്പനികളുടെ നിക്ഷേപങ്ങളിലും പണം വകമാറ്റലിലും സ്വതന്ത്രമായ തീരുമാനമെടുക്കാനാകും. ലിസ്റ്റഡ് കമ്പനിയായാല്‍ സ്വാതന്ത്ര്യം ഭാഗികമായി നഷ്ടമാകും. എന്നാല്‍ ആര്‍.ബി.ഐ നയം ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ അനുവദിക്കില്ല. ഇതിനായാണ് ടാറ്റ സണ്‍സ് മറ്റ് വഴികള്‍ തേടുന്നത്. 

Tags:    

Similar News