എവര്‍ഗ്രാന്‍ഡെയുടെ പതനം ക്രിപ്‌റ്റോയെയും പിടികൂടി, ബിറ്റ്‌കോയ്ന്‍ ഇടിഞ്ഞു
24 മണിക്കൂറിനിടെ 5.7 ശതമാനം ഇടിവാണ് ബിറ്റ്‌കോയ്ന്‍ നേരിട്ടത്
ചൈനീസ് റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ എവര്‍ഗ്രാന്‍ഡെയുടെ പതനം ക്രിപ്‌റ്റോകറന്‍സികളെയും ബാധിച്ചു. ലോകമെങ്ങുമുള്ള വിപണികള്‍ തകര്‍ച്ച നേരിട്ടതോടെയാണ് ക്രിപ്‌റ്റോകറന്‍സിയും കുത്തനെ പതിച്ചത്. 24 മണിക്കൂറിനിടെ 5.7 ശതമാനം ഇടിവാണ് ബിറ്റ്‌കോയ്ന്‍ നേരിട്ടത്. ഇന്ന് ഉച്ചക്ക് 2.43ന് 42,955 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
മറ്റ് ക്രിപ്റ്റോകറന്‍സികളും താഴ്ന്നുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളില്‍ എഥേറിയം, ഡോഗെകോയ്ന്‍ എന്നിവ യഥാക്രമം 4.4 ശതമാനം, 6 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്. ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഭീമന്റെ തകര്‍ച്ച കാരണം യുഎസ് സ്റ്റോക്കുകളില്‍ വലിയ തിരുത്തല്‍ നേരിട്ടതിനെ തുടര്‍ന്നാണ് ഈ ഇടിവ്. വാരാന്ത്യത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച് ക്രിപ്‌റ്റോകറന്‍സികളുടെ വില താഴ്ന്നിരുന്നു. ഇതിനിടെയാണ് ആഗോള വിപണിക്ക് തിരിച്ചടിയായി ചൈനീസ് മേഖലയില്‍നിന്നുള്ള തിരിച്ചടി.
അതേസമയം, എവര്‍ഗ്രാന്‍ഡെയുടെ പതനം ലോകവിപണികള്‍ക്ക് തന്നെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക രാജ്യമായ ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണിത്. 300 ബില്ല്യണ്‍ ഡോളര്‍ കട ബാധ്യതയുള്ള കമ്പനിയുടെ ഓഹരി വിലയില്‍ ഒരു വര്‍ഷത്തിനിടെ 85 ശതമാനത്തോളം ഇടിവാണുണ്ടായിട്ടുള്ളത്. ഇന്നലെ മാത്രം ഹോങ്കോംഗ് വിപണിയില്‍ 10 ശതമാനമാണ് ഓഹരി വില താഴ്ന്നത്. നിലവില്‍ തകര്‍ച്ചയിലൂടെ കടന്നുപോകുന്ന എവര്‍ഗ്രാന്‍ഡെ പലിശയടക്കാന്‍ പോലും മാര്‍ഗമില്ലാത്ത സ്ഥിതിയിലാണ്. ചൈനീസ് ഭരണകൂടത്തില്‍നിന്ന് അനുകൂലമായ നടപടികളുണ്ടായാല്‍ മാത്രമേ ഈ കമ്പനിക്ക് തിരിച്ചുകയറാനാവുകയുള്ളൂ. നിലവില്‍ നിരവധി പേരാണ് ഈ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.