മൂന്ന് ദിവസത്തിനിടെ വിപണിയില്‍ മുന്നേറി ഈ കേരള കമ്പനി, സമ്മാനിച്ചത് 18 ശതമാനം നേട്ടം
ഇന്ന് ഓഹരി വില 3.68 ശതമാനമാണ് ഉയര്‍ന്നത്
ഓഹരി വിപണി ഇടിവില്‍ നീങ്ങിയപ്പോഴും നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ച് കേരള കമ്പനിയായ വണ്ടര്‍ല ഹോളിഡേയ്‌സ്. ഇന്ന് ഓഹരി വില 3.68 ശതമാനം ഉയര്‍ന്ന് 238.00 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ട്രേഡിംഗ് ദിവസങ്ങളിലായി 18 ശതമാനത്തിന്റെ കുതിപ്പും ഈ ഓഹരി കണ്ടു. മെയ് 26ന് 201 രൂപയുണ്ടായിരുന്ന ഓഹരി വില മൂന്ന് ദിവസത്തിനിടെ 37 രൂപ വര്‍ധിച്ച് 238.00 രൂപയായി. ഏപ്രില്‍ 22ന് 253 രൂപയുണ്ടായിരുന്ന ഓഹരി തിരുത്തലിനെ തുടര്‍ന്നാണ് 201 രൂപയിലേക്ക് വീണത്. തുടര്‍ന്നുള്ള ഈ തിരിച്ചുവരവ് നിക്ഷേപകര്‍ക്ക് ആശ്വാസമാണ്.
2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മികച്ച ഫലം നേടാനായതാണ് വണ്ടര്‍ല ഹോളിഡേയ്‌സിന്റെ ഓഹരി വിലയും ഉയരാന്‍ കാരണം. ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ ഓഹരിവില ഏഴ് ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.
മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ ഇരട്ടിയിലധികം വളര്‍ച്ചയാണ് കമ്പനി നേടിയത്. 8.51 കോടി രൂപ. 2021 മാര്‍ച്ച് പാദത്തില്‍ 4.87 കോടി രൂപയായിരുന്നു അറ്റദായ നഷ്ടം. കൂടാതെ, മാര്‍ച്ച് പാദത്തിലെ വില്‍പ്പന 73.24 ശതമാനം ഉയര്‍ന്ന് 57.69 കോടി രൂപയായി. കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ ഇത് 33.30 കോടി രൂപയായിരുന്നു.
2022 സാമ്പത്തിക വര്‍ഷത്തെ അറ്റാദായ നഷ്ടം മുന്‍വര്‍ഷത്തെ 49.93 കോടി രൂപയില്‍ നിന്ന് 9.48 കോടി രൂപയായി കുറഞ്ഞു. വില്‍പ്പന 231.99 ശതമാനം ഉയര്‍ന്ന് മുന്‍വര്‍ഷത്തെ 38.42 കോടിയില്‍ നിന്ന് 127.55 കോടി രൂപയായും ഉയര്‍ന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്കുകളുടെ ശൃംഖലയാണ് വണ്ടര്‍ല. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 3 അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ വണ്ടര്‍ല ഹോളിഡേയ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.