റഷ്യയുടെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരി വിപണി
ക്രൂഡ് ഓയ്ല്‍ വില 102 ഡോളര്‍ കടന്നു
യുക്രൈനിന് മേല്‍ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മൂന്നുശതമാനത്തോളം, അതായത് 1,814 പോയ്ന്റ് നഷ്ടത്തിലാണ് സെന്‍സെക്‌സ് സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി സൂചിക 514 ഇടിവോടെ 16,548 പോയ്ന്റിലാണ് വ്യാപാരം തുടങ്ങിയത്.
വിപണി വലിയ താഴ്ചയിലേക്ക് നീങ്ങിയതോടെ മേഖലാ സൂചികകളൊക്കെ ചോര്‍ന്നൊലിച്ചു. റിയല്‍റ്റി നാല് ശതമാനത്തോളമാണ് ഇടിഞ്ഞത്. പിഎസ്‌യു ബാങ്ക്, ഫാര്‍മ, ഓട്ടോ എന്നീ മേഖലാ സൂചികകള്‍ 3.5 ശതമാനം വരെ താഴ്ന്നു. മറ്റെല്ലാ സൂചികകളും 2 ശതമാനം ഇടിഞ്ഞു. വിശാലമായ വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോള്‍ക്യാപ് സൂചികകളും യഥാക്രമം 2.8 ശതമാനം വരെ ഇടിഞ്ഞ് ചുവപ്പിലാണ്. ബിഎസ്ഇയില്‍ 2,578 ഓഹരികള്‍ ഇടിവിലേക്ക് വീണപ്പോള്‍ 270 ഓഹരികള്‍ മാത്രമാണ് മുന്നേറ്റപാതയിലുള്ളത്.
അതിനിടെ, റഷ്യ യുക്രൈനുമേല്‍ യുദ്ധം പ്രഖാപിച്ചതിന് പിന്നാലെ ക്രൂഡ് ഓയ്ല്‍ വില ബാരലിന് 102 ഡോളര്‍ കടന്നു. 2014 ശേഷം ഇത് ആദ്യമായാണ് ക്രൂഡ് ഓയ്ല്‍ വില 100 ഡോളര്‍ കടക്കുന്നത്.