24% വരെ ആദായം നല്‍കി പത്ത് സ്‌മോള്‍ക്യാപ് മ്യൂച്വല്‍ഫണ്ടുകള്‍
നിഫ്റ്റി സ്‌മോള്‍ക്യാപ് ഓഹരിസൂചിക കഴിഞ്ഞ 5 വര്‍ഷത്തില്‍ നല്‍കിയ ആദായം 15.8%
ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്‌മോള്‍ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ മെച്ചപ്പെട്ട ആദായം നല്‍കുന്നതായി കഴിഞ്ഞ 5 വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നിഫ്റ്റി സ്‌മോള്‍ക്യാപ് ഓഹരിസൂചിക 15.8% നേട്ടം ഉണ്ടാക്കി. ചില സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ 24% വരെ ആദായം നല്‍കി. കഴിഞ്ഞ 5 വര്‍ഷത്തില്‍ നിഫ്റ്റി 50 സൂചികയുടെ ആദായം 8.43 ശതമാനമാണ്.
മികച്ച ആദായം നല്‍കിയ 10 സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍:
1. ക്വാണ്ട് സ്‌മോള്‍ക്യാപ് ഫണ്ട്-1996ല്‍ ആരംഭിച്ച ഈ ഫണ്ടില്‍ പുതിയ നിക്ഷേപകര്‍ തുടക്കത്തില്‍ കുറഞ്ഞത് 5000 രൂപ നിക്ഷേപിക്കണം. നിഫ്റ്റി സ്‌മോള്‍ക്യാപ് 250 അടിസ്ഥാനപ്പെടുത്തിയാണ് നിക്ഷേപം. സ്‌മോള്‍ക്യാപ് ഓഹരികളില്‍ 65% മുതല്‍ 100% വരെ നിക്ഷേപിക്കും. കടപ്പത്രങ്ങളില്‍ 35% വരെ. കഴിഞ്ഞ 5 വര്‍ഷത്തില്‍ 24.27 % ആദായം നിക്ഷേപകര്‍ക്ക് നല്‍കി. ചെലവ് അനുപാതം 0.63%. ഐ.റ്റി.സി, പഞ്ചാബ് നാഷണല്‍ ബാങ്ക്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, ആര്‍.ബി.എല്‍ ബാങ്ക് എന്നിവയില്‍ കൂടുതല്‍ നിക്ഷേപം.
2. ആക്‌സിസ് സ്‌മോള്‍ക്യാപ് ഫണ്ട് - 2013ല്‍ ആരംഭിച്ച ഫണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 19.22% ആദായം നിക്ഷേപകര്‍ക്ക് നല്‍കി. നിക്ഷേപിക്കുന്ന പ്രധാന മേഖലകള്‍ - രാസവസ്തുക്കള്‍, ധനകാര്യസേവന കമ്പനികള്‍, ആരോഗ്യരക്ഷ, മൂലധന ഉത്പന്നങ്ങള്‍, വിവര സാങ്കേതികമേഖല. ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപ. ചെലവ് അനുപാതം 1.91%.
3. കൊട്ടക് സ്‌മോള്‍ക്യാപ് ഫണ്ട് : കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 16% ആദായം നല്‍കി. മൊത്തം നിക്ഷേപങ്ങളുടെ 96.18 ശതമാനം ഓഹരികളിലാണ്. അതിനാല്‍ അപകട സാദ്ധ്യത കൂടുതലാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 500 രൂപ. ചെലവ് അനുപാതം 1.87%.
4. നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ക്യാപ് - ഈ ഫണ്ട് 5 വര്‍ഷത്തില്‍ 16.24% വരെ ആദായം നല്‍കിയിട്ടുണ്ട്. ഓഹരി നിക്ഷേപങ്ങളില്‍ 63.8% സ്‌മോള്‍ക്യാപ് വിഭാഗത്തിലാണ്. ആദ്യത്തെ നിക്ഷേപത്തിന് കുറഞ്ഞത് 5000 രൂപ വേണം, തുടര്‍ന്ന് 1000 രൂപ ഗുണിതത്തില്‍.
5. എസ്.ബി.ഐ സ്‌മോള്‍ക്യാപ് ഫണ്ട് -14.59% ആദായം 5 വര്‍ഷത്തില്‍ നല്‍കി. മൊത്തം ഓഹരിനിക്ഷേപം 84.65%. ബ്ലൂ സ്റ്റാര്‍, കാര്‍ബൊറാണ്ടം, വി-ഗാര്‍ഡ്, ഫിനോലക്‌സ്, ത്രിവേണി ടര്‍ബൈന്‍ തുടങ്ങിയ ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം.
6. ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ സ്‌മോള്‍ക്യാപ് ഫണ്ട് - ഇതിലെ ഡയറക്ട് പ്ലാന്‍ 14.98% ആദായം നല്‍കിയിട്ടുണ്ട്. ഓഹരികളില്‍ 92.5% നിക്ഷേപം.
7 . എച്ച്.ഡി.എഫ്.സി സ്‌മോള്‍ക്യാപ് ഫണ്ട് - 13.29% ആദായം നല്‍കി. ഗ്രോത്ത് സ്‌കീം 12.92% ആദായം നല്‍കി.
8. യൂണിയന്‍ സ്‌മോള്‍ക്യാപ് ഫണ്ട് - കഴിഞ്ഞ 5 വര്‍ഷത്തില്‍ 12.64% ആദായം നല്‍കി. റെഗുലര്‍ പ്ലാനില്‍ 11.77%.
9. ഐ.ഡി.ബി.ഐ സ്‌മോള്‍ക്യാപ് ഫണ്ട്: ഡയറക്ട് പ്ലാന്‍ അഞ്ചുവര്‍ഷത്തില്‍ സമ്മാനിച്ച ആദായം 13.15%. 97.70% ഓഹരിയില്‍ നിക്ഷേപം.
10 എച്ച്.എസ്.ബി.സി സ്‌മോള്‍ക്യാപ് ഫണ്ട് -12.50% ആദായം, റെഗുലര്‍ പ്ലാനില്‍ 11.30%.
എല്ലാ ഓഹരി നിക്ഷേപങ്ങളിലും നഷ്ട് സാദ്ധ്യത ഉണ്ട്. ഓഹരി മ്യൂച്വല്‍ഫണ്ടുകളുടെ മുന്‍കാല പ്രവര്‍ത്തനം തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് ഗ്യാരന്റി നല്‍കുന്നില്ല. ചെലവ് അനുപാതം കുറവുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കണം.
Equity investing is subject to market risk. Always do your own research before investing