രണ്ടര മാസത്തിനിടെ ഓഹരി വില വര്‍ധിച്ചത് രണ്ട് മടങ്ങിലധികം, ഈ അദാനി കമ്പനിയുടെ കുതിപ്പ് തുടരുമോ?
കഴിഞ്ഞ ഒരു മാസത്തിനിടെ 76 ശതമാനം നേട്ടം സമ്മാനിച്ച കമ്പനിയുടെ ഓഹരി വില അഞ്ച് ദിവസത്തിനിടെ ഉയര്‍ന്നത് 14 ശതമാനത്തോളമാണ്
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഓഹരി വിപണിയില്‍ മുന്നേറുകയാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി കമ്പനികള്‍. അദാനി പവര്‍ വിപണിയില്‍ കുതിച്ചുചാട്ടം എല്ലാക്കാലത്തെയും ഉയര്‍ന്ന നിലയിലാണിപ്പോള്‍. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി എട്ടിന് ഓഹരി വിപണിയില്‍ എത്തിയതിന് പിന്നാലെ രണ്ട് മടങ്ങോളം വര്‍ധിച്ച് നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചൊരു കമ്പനിയുണ്ട്, അദാനി വില്‍മര്‍ ലിമിറ്റഡ്. ഓഹരി വിപണിയില്‍ രംഗപ്രവേശനം ചെയ്യുമ്പോള്‍ ഒരു ഓഹരിക്ക് 221 രൂപ മാത്രമായിരുന്ന ഈ കമ്പനിയുടെ ഓഹരി വില രണ്ടര മാസങ്ങള്‍ കൊണ്ട് തൊട്ടത് 682 രൂപയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 76 ശതമാനം നേട്ടം സമ്മാനിച്ച അദാനി വില്‍മറിന്റെ ഓഹരി വില അഞ്ച് ദിവസത്തിനിടെ ഉയര്‍ന്നത് 14 ശതമാനത്തോളമാണ്.
ഇഷ്യൂ വില 230 രൂപയില്‍നിന്ന് 3.91 നഷ്ടത്തോടെയായിരുന്നു കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. പിന്നാലെയാണ് വിപണിയില്‍ അദാനി വില്‍മര്‍ അതിവേഗം മുന്നേറിയത്. എന്നാല്‍, ഓഹരി കുതിച്ചുയര്‍ന്നതോടെ കൈവശം വയ്ക്കണോ വില്‍ക്കണോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഈ സാഹചര്യത്തില്‍ നിലവിലെ ലെവലില്‍ ഭാഗിക ലാഭം ബുക്ക് ചെയ്യാന്‍ നിര്‍ദേശിക്കുകയാണ് ടിപ്സ് 2 ട്രേഡ്സിന്റെ സഹസ്ഥാപകന്‍ പവിത്ര ഷെട്ടി. 'എണ്ണ വില ഉയര്‍ന്നത് ഭക്ഷ്യ എണ്ണ വ്യവസായത്തിലെ മുന്‍നിരക്കാരില്‍ ഒരാളായ അദാനി വില്‍മറില്‍ ശക്തമായ റാലിക്ക് ആക്കം കൂട്ടി. നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുകയും ചെയ്തു. നിലവിലെ ലെവലില്‍ ഭാഗിക ലാഭം ബുക്ക് ചെയ്യാനാണ് നിര്‍ദേശിക്കുന്നത്. മെച്ചപ്പെട്ട റിട്ടേണിനായി സ്റ്റോക്കിലേക്ക് വീണ്ടും പ്രവേശിക്കാന്‍ 460-475 രൂപയ്ക്ക് സമീപമുള്ള ഡിപ് ഉപയോഗിക്കാം'' അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഓഹരിയുടെ ബുള്‍ റണ്‍ അവസാനിച്ചേക്കുമെന്നാണ് ആഭ്യന്തര ബ്രോക്കറേജായ എഡല്‍വീസ് റിസര്‍ച്ച് വിലയിരുത്തുന്നത്.
അദാനി ഗ്രൂപ്പിന്റെയും സിംഗപ്പൂരിലെ വില്‍മര്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍ ലിമിറ്റഡ്. ഭക്ഷ്യ എണ്ണ, ഗോതമ്പ് മാവ്, അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര എന്നിവയുടെ നിര്‍മാണത്തിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ എണ്ണ ബ്രാന്‍ഡായ ഫോര്‍ച്യൂണ്‍ എന്ന ജനപ്രിയ ബ്രാന്‍ഡും കമ്പനിക്ക് സ്വന്തമാണ്.