മൂന്നുവര്‍ഷം കൊണ്ട് നാല് ലക്ഷം ഒരു കോടിയാക്കി, ഈ അദാനി കമ്പനി പൊളിയാണ് ട്ടോ
ഒരു വര്‍ഷത്തിനിടെ 139 ശതമാനത്തിന്റെ കുതിപ്പാണ് ഓഹരി വിലയിലുണ്ടായത്
കഴിഞ്ഞവര്‍ഷങ്ങളില്‍ ഓഹരി വിപണിയില്‍ തിളങ്ങിയവയാണ് അദാനി കമ്പനികള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച നേട്ടമാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ള മിക്ക കമ്പനികളും നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഇതില്‍തന്നെ കിടിലന്‍ നേട്ടം സമ്മാനിച്ചൊരു അദാനി കമ്പനിയുണ്ട്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. മൂന്ന് വര്‍ഷത്തിനിടെ 2500 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 145 രൂപയായിരുന്നു ഈ കമ്പനിയുടെ വിലയെങ്കില്‍ ഇന്ന് അത് 3,629.60 രൂപയിലാണ് എത്തി നില്‍ക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 21 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 113 ശതമാനത്തിന്റെയും ഒരു വര്‍ഷത്തിനിടെ 139 ശതമാനത്തിന്റെ വളര്‍ച്ചയും ഈ ഓഹരിയിലുണ്ടായി. ഇന്ന് 1.56 ശതമാനം ഉയര്‍ന്നതോടെ എക്കാലത്തെയും ഉയര്‍ന്നനിലയിലാണ് അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിവില.
കഴിഞ്ഞദിവസം ഓഹരിവില ഉയര്‍ന്നതോടെ ഈ കമ്പനിയുടെ വിപണി മൂല്യം നാല് ട്രില്യണ്‍ രൂപയിലെത്തിയിരുന്നു. വിപണി മൂലധനത്തില്‍ നാല് ട്രില്യണ്‍ ക്ലബില്‍ ചേരുന്ന അദാനി ഗ്രൂപ്പിലെ നാലാമത്തെ കമ്പനിയാണിത്. ബിഎസ്ഇയിലെ മൊത്തത്തിലുള്ള മാര്‍ക്കറ്റ് ക്യാപ് റാങ്കിംഗില്‍ 15ാം സ്ഥാനത്താണ് അദാനി എന്റര്‍പ്രൈസസ്.
വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന അതിവേഗം വളരുന്ന കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. ട്രാന്‍സ്‌പോര്‍ട്ട്, ലോജിസ്റ്റിക്‌സ്, ഊര്‍ജം & യൂട്ടിലിറ്റി മേഖലകളിലും പുതിയ ബിസിനസുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ജനുവരി-മാര്‍ച്ച് പാദത്തില്‍ അദാനി എന്റര്‍പ്രൈസസ് 304 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്.
കൂടാതെ, ഈ മാസം ആദ്യത്തില്‍ ഓഹരി വിപണിയിലെ ഹെഡ്‌ലൈന്‍ സൂചികയായ നിഫ്റ്റി 50ല്‍ അദാനി എന്റര്‍പ്രൈസസിനെ എന്‍എസ്ഇ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീ സിമന്റിന് പകരമാണ് ഈ അദാനി കമ്പനി ബെഞ്ച്മാര്‍ക്ക് സൂചികയില്‍ ഇടംനേടിയത്. അദാനി എന്റര്‍പ്രൈസസ് സെപ്റ്റംബര്‍ 30 മുതല്‍ നിഫ്റ്റി50 സൂചികയില്‍ ഉള്‍പ്പെടും. അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷല്‍ ഇക്കണോമിക് സോണിന് ശേഷം നിഫ്റ്റി സൂചികയില്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ അദാനി കമ്പനിയാണിത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel