ഒരു മാസത്തിനിടെ 56 ശതമാനം നേട്ടം, ഓഹരി വിപണിയില്‍ 'വണ്ടര്‍ഫുള്‍' ആയ കേരള കമ്പനിയിതാ
അഞ്ച് ദിവസത്തിനിടെ മാത്രം 28 ശതമാനം കുതിപ്പാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്
ഓഹരി വിപണിയില്‍ ഒരു മാസത്തിനിടെ മിന്നും നേട്ടം സമ്മാനിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് (Wonderla Holidays Ltd). ഒരു മാസത്തിനിടെ ഓഹരി വില 56 ശതമാനം അഥവാ 131 രൂപയോളമാണ് ഉയര്‍ന്നത്. അഞ്ച് ദിവസത്തിനിടെ മാത്രം 28 ശതമാനം കുതിച്ചുയര്‍ന്ന ഓഹരി ഇന്ന് രാവിലെ 10.10ന് 1.26 ശതമാനം നേട്ടത്തോടെ 360.00 രൂപയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയും ഇതാണ്.
അതേസമയം, ചാഞ്ചാട്ടത്തിന് സാക്ഷ്യംവഹിച്ച കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ കമ്പനിയുടെ ഓഹരിവില 57 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കോവിഡിന്റെ തുടക്കത്തില്‍ 111 രൂപ എന്ന നിലയിലേക്ക് ഇടിഞ്ഞ വണ്ടര്‍ലയുടെ ഓഹരികള്‍ ബിസിനസ് മെച്ചപ്പെട്ട് തുടങ്ങിയതോടെയാണ് ഉയര്‍ന്നുതുടങ്ങിയത്.
വ്യവസായ പ്രമുഖനായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സ്ഥാപിച്ച വണ്ടര്‍ലാ ഹോളിഡേഴ്‌സിന് നിലവില്‍ കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അമ്യൂസ്മെന്റ്റ് പാര്‍ക്കുകളുണ്ട്. കൂടാതെ, ഒഡീഷയിലെ ഭുവനേശ്വറില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാരുമായി ധാരണ പത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. 130 കോടി രൂപ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 50.63 ഏക്കര്‍ സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിനെടുക്കുകയും ചെയ്തു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മികച്ച പ്രവര്‍ത്തനഫലമാണ് വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് രേഖപ്പെടുത്തിയത്. വരുമാനം 2019-20 ആദ്യപാദത്തിനെ അപേക്ഷിച്ച് 27 ശതമാനം വര്‍ധിച്ച് 152 കോടി രൂപയായി. വണ്ടര്‍ല സന്ദര്‍ശിച്ചവരുടെ എണ്ണം 24 ശതമാനം വര്‍ധിച്ച് 1.12 ദശലക്ഷമായാണ് ഉയര്‍ന്നത്.