നിക്ഷേപകരെ കൈവിട്ടില്ല, ലിസ്റ്റിംഗിന് പിന്നാലെ വിപണിയില്‍ മിന്നുംനേട്ടം സമ്മാനിച്ച കമ്പനിയിതാ

നാല് മാസങ്ങള്‍ക്ക് മുമ്പുള്ള ലിസ്റ്റിംഗ് തുകയേക്കാള്‍ 58 ശതമാനം നേട്ടത്തിലാണ് ഈ കമ്പനിയുടെ ഓഹരികള്‍

Update: 2022-09-21 05:29 GMT

Representational Image From Pixabay

നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിക്ഷേപകര്‍ക്ക് മിന്നും നേട്ടം സമ്മാനിച്ച് വീനസ് പൈപ്‌സ് ആന്റ് ട്യൂബ്‌സ്. ഇന്ന് രാവിലെ മൂന്ന് ശതമാനം ഉയര്‍ന്ന ഈ കമ്പനിയുടെ ഓഹരികള്‍ 561 രൂപ എന്ന നിലയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിന്റെയും ഒരു മാസത്തിനിടെ 39.44 ശതമാനത്തിന്റെയും ഉയര്‍ച്ചയാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. മെയ് 24 ലെ ലിസ്റ്റിംഗ് തുകയേക്കാള്‍ 58 ശതമാനം നേട്ടത്തോടയാണ് ഈ കമ്പനിയുടെ ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്.

സ്റ്റൈന്‍ലെസ് സ്റ്റീലിന്റെയും ട്യൂബ്‌സിന്റെയും നിര്‍മാണത്തിലും കയറ്റുമതിയിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനി മെയ് 11-13 വരെ നടത്തിയ ഐപിഒയിലൂടെ 165.4 കോടി രൂപയാണ് സമാഹരിച്ചത്. ഒരു ഓഹരിക്ക് 310-326 രൂപയായിരുന്നു പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നതെങ്കില്‍ നേരിയ നേട്ടത്തോടെ 335 രൂപയിലാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏതാനും ആഴ്ചകളായി ഈ കമ്പനിയുടെ ഓഹരിവില ഉയരുകയായിരുന്നു.

രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരവും ഈ കമ്പനിക്ക് ലഭിച്ചു. ഇതോടെയാണ് ഓഹരിവിലയില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌റ്റൈന്‍ലെസ് പൈപ്പുകള്‍ക്കും ട്യൂബുകള്‍ക്കും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണിത്.

വീനസ് പൈപ്പ്‌സ് ആന്‍ഡ് ട്യൂബ്‌സ് ലിമിറ്റഡിന് പ്രതിവര്‍ഷം 10,800 മെട്രിക് ടണ്‍ സ്ഥാപിത ശേഷിയുള്ള ഒരു നിര്‍മാണ പ്ലാന്റ് ഉണ്ട്. കമ്പനി ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലാണ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. വീനസ് പൈപ്‌സ് ആന്‍ഡ് ട്യൂബ്‌സ് ബ്രസീല്‍, യുകെ, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങളിലേക്കും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.

Tags:    

Similar News