സൗത്ത് ഇന്ത്യയിലെ ഈ ജൂവല്‍റി കൂടി ഓഹരി വിപണിയിലേക്ക്

വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂവല്‍റി സ്വര്‍ണം, വജ്രം, രത്നങ്ങള്‍, പ്ലാറ്റിനം, വെള്ളി ആഭരണങ്ങള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത്

Update:2022-09-07 11:45 IST

Photo : Canva

സൗത്ത് ഇന്ത്യയിലെ പ്രമുഖ റീജ്യനല്‍ ജൂവല്‍റി  ബ്രാന്‍ഡായ വൈഭവ് ജെംസ് എന്‍ ജൂവലേഴ്‌സ് ലിമിറ്റഡും ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു. 210 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റവും 43 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതാണ് ഐപിഒ.

കൂടാതെ, 40 കോടി രൂപയുടെ ഒരു പ്രീ-ഐപിഒ പ്ലേസ്‌മെന്റും കമ്പനി പരിഗണിച്ചേക്കും. അത് യാഥാര്‍ത്ഥ്യമായാല്‍ ഐപിഒ വലുപ്പം കുറയും. പുതിയ ഇഷ്യൂവിന്റെ വരുമാനം 12 കോടി രൂപ ചിലവ് വരുന്ന എട്ട് പുതിയ ഷോറൂമുകള്‍ സ്ഥാപിക്കുന്നതിനും 2023, 2024 സാമ്പത്തിക വര്‍ഷങ്ങളില്‍ 160 കോടി രൂപയുടെ സാധന സാമഗ്രികള്‍ വാങ്ങുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമാണ് വിനിയോഗിക്കുക.

വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈഭവ് ജൂവലേഴ്‌സ് സ്വര്‍ണം, വജ്രം, രത്നങ്ങള്‍, പ്ലാറ്റിനം, വെള്ളി ആഭരണങ്ങള്‍ എന്നിവയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നത്. 1994ല്‍ സ്ഥാപിതമായ ഈ കമ്പനിയെ ഭരത മല്ലിക രത്ന കുമാരി ഗ്രാന്ധിയും മകള്‍ ഗ്രാന്ധി സായ് കീര്‍ത്തനയുമാണ് മുന്നോട്ടുനയിക്കുന്നത്.

ബജാജ് ക്യാപിറ്റല്‍ ലിമിറ്റഡും എലാറ ക്യാപിറ്റല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. ഇക്വിറ്റി ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

ടെക്‌നോപാക് റിപ്പോര്‍ട്ട് അനുസരിച്ച്, 2021 സാമ്പത്തിക വര്‍ഷത്തില്‍, വിപണിയുടെ ഏകദേശം 14 ശതമാനം വിപണി വിഹിതമാണ് വെഭവ് ജെംസ് എന്‍ ജൂവലേഴ്‌സ് ലിമിറ്റഡിനുള്ളത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,694 കോടി രൂപയായിരുന്നു.

Tags:    

Similar News