ബോണസ് ഓഹരിയുമായി ഇതാ ഒരു മള്‍ട്ടിബാഗര്‍ കമ്പനി

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 9 മടങ്ങ് റിട്ടേണ്‍ ആണ് ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് നല്‍കിയത്

Update:2022-05-11 11:22 IST

നിക്ഷേപകര്‍ക്ക് ബോണസ് ഓഹരിയുമായി പോളിപ്രൊഫൈലിന്‍ ഫിലിം നിര്‍മാണ കമ്പനിയായ കോസ്‌മോ ഫിലിംസ് ലിമിറ്റഡ്. 10 രൂപ മുഖ വിലയുള്ള ഓരോ രണ്ട് ഓഹരികള്‍ക്കും ഒരു ഓഹരി എന്ന അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കാന്‍ കോസ്‌മോ ഫിലിംസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. തീരുമാനം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായിരിക്കും. ബോണസ് ഓഹരികള്‍ നല്‍കുന്നതിനുള്ള റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്ന് (11-05-2022, 10.50 am) 1,733 രൂപ എന്ന തോതിലാണ് കോസ്മോ ഫിലിംസ് ലിമിറ്റഡിന്റെ ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്. ഒരു വര്‍ഷത്തിനിടെ 152 ശതമാനത്തിന്റെ നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത് ഒരു വര്‍ഷം മുമ്പ് 695 രൂപയായിരുന്ന ഓഹരി വില 1059 രൂപയോളം ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 9 മടങ്ങ് റിട്ടേണ്‍ ആണ് ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് നല്‍കിയത്. കെമിക്കല്‍ സ്‌പേസിലേക്ക് വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കുന്നതിന് അതിന്റെ പേര് കോസ്‌മോ ഫസ്റ്റ് എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ കോസ്മോ ഫിലിംസിന്റെ ഏകീകൃത അറ്റാദായത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏകീകൃത അറ്റാദായം 45.30 ശതമാനം വര്‍ധിച്ച് 108.18 കോടി രൂപയിലെത്തി. ഉയര്‍ന്ന വില്‍പ്പനയും മികച്ച പ്രവര്‍ത്തന മാര്‍ജിനുകളുമാണ് ഇതിന് സഹായകമായത്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 671.80 കോടി രൂപയില്‍ നിന്ന് 820.88 കോടി രൂപയായും ഉയര്‍ന്നു.


Tags:    

Similar News