നിക്ഷേപകര്‍ക്കൊരു സന്തോഷവാര്‍ത്ത, 30 രൂപ ലാഭവിഹിതവുമായി ഈ ഫാര്‍മ കമ്പനി
വെള്ളിയാഴ്ച ഈ കമ്പനിയുടെ ഓഹരി വില 7.60 ശതമാനമാണ് ഉയര്‍ന്നത്
ഒരു ഓഹരിക്ക് 30 രൂപയുടെ ലാഭവിഹിതവുമായി പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 30 രൂപ അന്തിമ ലാഭവിഹിതത്തിന് ശുപാര്‍ശ ചെയ്തതായി കമ്പനി അറിയിച്ചു. അഞ്ച് രൂപ മുഖവിലയുള്ള ഓഹരിക്ക് 600 ശതമാനമാണ് ലാഭവിഹിതമായി ലഭിക്കുക. ലാഭവിഹിതം പ്രഖ്യാപിച്ച തീയതി മുതല്‍ അഞ്ച് ദിവസത്തിനോ അതിന് ശേഷമോ ലാഭവിഹിതം നല്‍കും.
അതേസമയം, മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ ഡോ. റെഡ്ഡിയുടെ ഏകീകൃത ലാഭം 76 ശതമാനം ഇടിഞ്ഞ് 87.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 362.4 കോടി രൂപയായിരുന്നു. 2022ലെ അവസാന പാദത്തിലെ വരുമാനം മുന്‍കാലയളവിലെ 4,728 കോടിയെ അപേക്ഷിച്ച് 15 ശതമാനം വര്‍ധിച്ച് 5,436.8 കോടിയായി.
ഇംപയേര്‍മെന്റ് ചാര്‍ജുകള്‍ ലാഭത്തെ ബാധിച്ചപ്പോഴും കമ്പനി വരുമാനത്തില്‍ ആരോഗ്യകരമായ വളര്‍ച്ച കൈവരിച്ചതായി ഡോ.റെഡ്ഡീസ് കോ-ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജിവി പ്രസാദ് പറഞ്ഞു. ''ഒന്നിലധികം ബാഹ്യ വെല്ലുവിളികള്‍ക്കിടയിലും, വിപണി വിഹിതത്തിലെ വര്‍ധനവ്, ലോഞ്ചുകള്‍, ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തല്‍ എന്നിവയാല്‍ ഞങ്ങളുടെ പ്രധാന ബിസിനസ് മികച്ച പ്രകടനം കാഴ്ചവച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 4,228.00 രൂപയാണ് ഡോ.റെഡ്ഡീസ് ലബോറട്ടറീസിന്റെ ഓഹരി വില. വെള്ളിയാഴ്ച വിപണി മുന്നേറിയപ്പോള്‍ ഈ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത് 7.60 ശതമാനമാണ്.