പൊറിഞ്ചു വെളിയത്തിന്റെ ഈ ഓഹരി രണ്ട് വര്‍ഷത്തില്‍ മുന്നേറിയത് 350 ശതമാനം
2021 മുതല്‍ റെയ്മണ്ട് ലിമിറ്റഡിന്റെ ഓഹരികള്‍ നിക്ഷേപകര്‍ക്കായി വാങ്ങുന്നു
കഴിഞ്ഞ വ്യാഴാഴ്ചയാണ് റെയ്മണ്ട് കണ്‍സ്യൂമര്‍ കെയര്‍ ലിമിറ്റഡിന്റെ(ആര്‍.സി.സി.എല്‍) എഫ്.എം.സി.ജി ബിസിനസ് 2,825 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് പ്രഖ്യാപിച്ചത്. വാര്‍ത്തയെ തുടര്‍ന്ന് റെയ്മണ്ട് ലിമിറ്റഡിന്റെ ഓഹരി വില ആറ് ശതമാനം ഉയര്‍ന്ന് 1715 രൂപയായി. ആര്‍.സി.സി.എല്ലില്‍ റെയ്മണ്ട് ലിമിറ്റഡിന് 48 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
പ്രമുഖ ഫണ്ട് മാനേജറായ പൊറിഞ്ചു വെളിയത്തിനെ സംബന്ധിച്ച് ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതായിരുന്നു. കാരണം 2021 മുതല്‍ പൊറിഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ് ഇടപാടുകാര്‍ക്കു വേണ്ടി റെയ്മണ്ടിന്റെ ഓഹരികള്‍ വാങ്ങുന്നുണ്ട്. അന്ന് വെറും 2,500 കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില 375 രൂപയായിരുന്നു. ഇപ്പോള്‍ വില 1,715 രൂപയിലെത്തി നില്‍ക്കുമ്പോള്‍ ഓഹരിയുടെ ഇതുവരെയുള്ള വളര്‍ച്ച 350 ശതമാനമാണ്. അതായത് ആദ്യം ഓഹരി വാങ്ങിയ വിലയില്‍ നിന്ന് നാലരമടങ്ങ് വര്‍ധിച്ചു. കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം 11,400 കോടി രൂപയും.
വാല്വേഷനിലെ കുറവ് ശ്രദ്ധയില്‍പെട്ടു
മാന്യവര്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥ കമ്പനിയായ വേദാന്ത ഫാഷന്‍സിന്റെ ഐ.പി.ഒ ഫയലിംഗാണ് റെയ്മണ്ടിന്റെ ഓഹരിയിലേക്ക് പൊറിഞ്ചുവിന്റെ ശ്രദ്ധ തിരിച്ചത്. വേദാന്തയുടെ ഐ.പി.ഒ നടക്കുന്ന സമയത്തെ കമ്പനികളുടെ പൊതുവേയുള്ള ഉയര്‍ന്ന വാല്വേഷന്‍ കണക്കിലെടുത്തപ്പോള്‍ റെയ്മണ്ടിന്റെ വാല്വേഷന്‍ കുറവാണെന്ന് മനസിലായി. അങ്ങനെയാണ് റെയ്മണ്ട് മികച്ച നിക്ഷേപമാകുമെന്ന് പൊറിഞ്ചു വിലയിരുത്തിയത്.
സ്യൂട്ടുകളുടെ വിപണനത്തില്‍ ശ്രദ്ധനേടിയിട്ടുള്ള റെയ്മണ്ട് വസ്ത്രമേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും നല്‍കുന്നു. കൂടാതെ എന്‍ജിനീയറിംഗ്, റിയല്‍ എസ്റ്റേറ്റ് വിഭാഗങ്ങളും ഗ്രൂപ്പിനു കീഴിലുണ്ട്. മഹാരാഷ്ട്രയിലെ താനെയില്‍ കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് വിഭാഗം 120 ഏക്കറില്‍ പ്രോപ്പര്‍ട്ടി നിര്‍മാണം നടത്തി വരുന്നു.
ഇനിയും സാധ്യതയുണ്ടോ?
ആദ്യം വാങ്ങിയ വിലയില്‍ നിന്ന് ഇരട്ടിയായെങ്കിലും റെയ്മണ്ട് ഓഹരികള്‍ വാങ്ങാന്‍ മികച്ച അവസരമാണെന്ന് 2022 ഫെബ്രുവരിയില്‍ (വേദാന്ത ഫാഷന്‍സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന സമയത്ത്) പൊറിഞ്ചു ട്വിറ്ററിലൂടെ തന്റെ 12 ലക്ഷത്തോളം വരുന്ന ഫോളോവേഴ്‌സിന് സൂചന നല്‍കിയിരുന്നു.
Manyavar (listed today):
— Porinju Veliyath (@porinju) February 16, 2022
Rev ~800 Cr Mkt Cap 23000 Cr
Raymond:
Rev ~5600 Cr Mkt Cap ~ 5000 Cr
What am I missing, other than the perception about promoter?
Disc: Holding Raymond
അന്ന് മാന്യവറിന്റെ വരുമാനം 800 കോടി രൂപയും വിപണി മൂല്യം 23,000 കോടി രൂപയുമായിരുന്നു. അതേ സമയം റെയ്മണ്ടിന്റെ വരുമാനം 5,600 കോടി രൂപയായിരുന്നെങ്കിലും മൂല്യം 5,000 കോടി രൂപ മാത്രമായിരുന്നു.
വലിയ ഉയര്‍ച്ചയ്ക്ക് ശേഷവും റെയ്മണ്ട് ഓഹരിയില്‍ പൊറിഞ്ചു വെളിയത്ത് സാധ്യത കാണുന്നുണ്ടോ എന്നാണ് റീറ്റൈയ്ല്‍ നിക്ഷേപകര്‍ ഇപ്പോള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്.