മാറിമറിയുന്ന സാഹചര്യത്തില്‍ ഓഹരി നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രം എന്താണ്? സൗരഭ് മുഖര്‍ജി പറയുന്നു
കോവിഡ് തരംഗങ്ങള്‍, ഉക്രെയ്ന്‍ യുദ്ധം, സാമ്പത്തിക വാണിജ്യ ഉപരോധങ്ങള്‍ ഇവയെല്ലാം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ടെല്ലാ രംഗത്തെയും ആഗോള സപ്ലൈ ശൃംഖലകള്‍ അറ്റുപോയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓഹരി നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രം എന്താണ്? ആഗോളീകരണം അവസാനിച്ചോ?
സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സമ്മിറ്റ് ബിഎഫ്എസ്‌ഐ സമ്മിറ്റ് 2022 ല്‍ പങ്കെടുക്കാനെത്തിയതാണ് ഓഹരി വിപണി വിദഗ്ധനും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവുമായ സൗരഭ് മുഖര്‍ജി.
എത്ര കുഴഞ്ഞ രാജ്യാന്തര, ദേശീയ സംഭവവികാസങ്ങളും സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥയും കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും ടെക്‌നിക്കല്‍ ചാര്‍ട്ടുകളും എല്ലാം വെച്ച് സംസാരിക്കാനിരുന്നാല്‍ ലളിതവും രസകരവുമായ ഉപമകളിലൂടെ അവയെല്ലാം പൊളിച്ചടുക്കി കാര്യങ്ങള്‍ നേരെചൊവ്വേ പറയും സൗരഭ് മുഖര്‍ജി.
വിപണി വിദഗ്ധനും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവുമായ സൗരഭ് മുഖര്‍ജി പറയുന്നു, കോവിഡ് തരംഗങ്ങള്‍, ഉക്രെയ്ന്‍ യുദ്ധം, സാമ്പത്തിക വാണിജ്യ ഉപരോധങ്ങള്‍ ഇവയെല്ലാം വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ഏതാണ്ടെല്ലാ രംഗത്തെയും ആഗോള സപ്ലൈ ശൃംഖലകള്‍ അറ്റുപോയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓഹരി നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രം എന്താണ്? ആഗോളീകരണം അവസാനിച്ചോ? അഭിമുഖത്തിന്റെ പ്രസക്തഭാഗം വായിക്കാം:-
ഉത്തരം: ഇത്തരം ആഘാതങ്ങളും തടസങ്ങളും കോളിളക്കങ്ങളുമൊന്നും പുതിയ കാര്യമല്ല. മുമ്പും ഇവയൊക്കെ ഉണ്ടായിരുന്നു. വലുപ്പച്ചെറുപ്പ വ്യത്യാസം മാത്രം. നിക്ഷേപകര്‍ ഇത്തരം ആനുകാലിക തടസങ്ങളിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്. വിപണി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉയര്‍ച്ചയിലേക്കാണു നീങ്ങുന്നത്. അതാണു പ്രധാനം.
വിപണികളില്‍ കോളിളക്കം എന്നും ഉള്ളതാണ്. പത്തു വര്‍ഷം മുമ്പും, നൂറു വര്‍ഷം മുമ്പും ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും. ധനകാര്യ വിപണികളില്‍ ഇത് എന്നും സംഭവിക്കും. നിക്ഷേപകര്‍ ചെയ്യേണ്ടത്, ആനുകാലിക കോളിളക്കങ്ങളെ മറികടക്കുന്ന മികച്ച കമ്പനികളെ കണ്ടെത്തി അവയില്‍ നിക്ഷേപിക്കുകയാണ്. എന്റെ സ്ഥാപനമായ മാഴ്സലസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് അത്തരം നല്ല കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കുകയാണു ചെയ്യുന്നത്. ബാഹ്യസാഹചര്യം എന്തായാലും നേട്ടമുണ്ടാക്കുന്ന കമ്പനികളെ കെണ്ടത്തുന്നതിനെപ്പറ്റിയാണ് എന്റെ പുസ്തകങ്ങളിലും വിവരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തിയാല്‍, ലോകം രണ്ടു ചേരികളായി തിരിയുകയാണെന്നു വ്യക്തമായിവരികയാണ്. ഒന്ന് സര്‍വാധിപത്യ ചേരി; മറ്റേതു ജനാധിപത്യചേരി. ചൈനയും റഷ്യയും നേതൃത്വം നല്‍കുന്ന സര്‍വാധിപത്യ ചേരിയില്‍ പാക്കിസ്ഥാന്‍, ഉത്തര കൊറിയ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉണ്ട്. ജനാധിപത്യ ചേരിയില്‍ വടക്കേ അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയവ ഉണ്ടാകും. ജനാധിപത്യ രാജ്യമായ ഇന്ത്യയെ ജനാധിപത്യചേരി തങ്ങളുടെ കൂടെ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണ്.
നിങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഇന്ത്യ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനാധിപത്യ ശക്തികളുടെ ഐടി സര്‍വീസസ് അടക്കമുള്ള ബിസിനസുകള്‍ ലഭിക്കണം. അത് ഇവിടെ തൊഴിലും വരുമാനവും ഉണ്ടാക്കും. അതിനു പകരമായി ഇന്ത്യ ജനാധിപത്യ ചേരിയോടൊപ്പം നില്‍ക്കും. ഇരുകൂട്ടര്‍ക്കും ലാഭകരമായ സഖ്യം.
വിദേശ മൂലധന നിക്ഷേപത്തിന്റെ ഗുണഫലങ്ങള്‍ നമുക്കറിയാം. രണ്ടു മൂന്നു ദശകങ്ങളായി നാം ഇവ കാണുന്നു. ഇപ്പോള്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ), ഓഹരി വിപണിയിലെ നിക്ഷേപം തുടങ്ങിയവ വഴി പ്രതിവര്‍ഷം 10,000 കോടിയിലേറെ ഡോളര്‍ ഇവിടെ വരുന്നു. ഇതോടൊപ്പം ഇന്ത്യയുടെ സര്‍വീസസ് കയറ്റുമതി ചേര്‍ക്കണം.
25,000 കോടി ഡോളറിലധികമുണ്ട് സേവനമേഖലയിലെ കയറ്റുമതി വരുമാനം. ബെംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ്, കേരളം തുടങ്ങിയ സ്ഥലങ്ങളിലെ ഐടി സേവന കമ്പനികളില്‍ വരുമാനവും തൊഴിലും കൂടുന്ന വിധം ബിസിനസ് ലഭിക്കണം. അടുത്ത പത്തു വര്‍ഷത്തിനിടയില്‍ ഈ മേഖല നമ്മുടെ ജിഡിപി വളര്‍ച്ചയുടെ തോത് ഉയര്‍ത്തുന്ന ഒരു പ്രധാന ഘടകമായി മാറും.
ഈ വളര്‍ച്ച സ്വാഭാവികമായും രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തും. അതിന്റെ ഒരു കാരണം തൊഴിലാളി ക്ഷാമമാകും. ഔപചാരിക തൊഴിലുകളിലെ വര്‍ധന റിക്കാര്‍ഡ് നിലവാരത്തിലാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഒര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കണക്കനു
സരിച്ച് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 330 ലക്ഷം (3.3 കോടി) തൊഴിലുകള്‍ ഔപചാരിക മേഖലയില്‍ ഉണ്ടായി.
ഈ കണക്ക് സ്വകാര്യ ഗവേഷണ- പഠന സ്ഥാപനമായ സിഎംഐഇ ശരിവെച്ചിട്ടുള്ളതാണ്. ഇങ്ങനെയൊരു തൊഴില്‍ വളര്‍ച്ച രാജ്യത്തു ഞാന്‍ മുമ്പു കണ്ടിട്ടില്ല. ഐടി, ധനകാര്യ സര്‍വീസ്, ട്രാന്‍സ്‌പോര്‍ട് തുടങ്ങി പല മേഖലകളും വേണ്ടത്ര ജീവനക്കാരെയും തൊഴിലാളികളെയും കിട്ടാതെ വിഷമിക്കുകയാണ്. ഇതിന്റെ തുടര്‍ക്കഥയായി വേതന വര്‍ധന വരുന്നു. 15 മുതല്‍ 20 വരെ ശതമാനം തോതിലാണു വേതന വര്‍ധന. ഇതു പൊതു വിലക്കയറ്റം വര്‍ധിപ്പിക്കും.
ഇപ്പോള്‍ ചൈനയും പാശ്ചാത്യ ലോകവുമായുള്ള ബന്ധം മാറുകയാണ്. ഉക്രെയ്ന്‍ യുദ്ധം അതിന് വേഗം കൂട്ടി. കുറഞ്ഞ ചെലവില്‍ ചൈന ഉല്‍പ്പാദിപ്പിച്ചു നല്‍കിയ സാധന സാമഗ്രികള്‍ കഴിഞ്ഞ ദശകങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളിലെ ജീവിതച്ചെലവ് പിടിച്ചു
നിര്‍ത്തി. അതു മാറുകയാണ്. =െചെന പടിഞ്ഞാറോട്ട് പണശോഷണം കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഇനി പണപ്പെരുപ്പമാണ് പ്രായോഗികമായി കയറ്റുമതി ചെയ്യുക. വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു പകരം വില കൂടിയ ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നു പാശ്ചാത്യര്‍ വാങ്ങേണ്ടി വരും.
ഇത് ഇന്ത്യയിലും വിലക്കയറ്റത്തിന്റെ തോത് കൂട്ടും. ഒപ്പം ചൈനയ്ക്കു പകരം പല മേഖലകളിലും ഇന്ത്യയെ ഉല്‍പ്പാദന കേന്ദ്രമായി മാറ്റിയെന്നും വരും. ചുരുക്കം ഇതാണ്; ഇപ്പോഴത്തെ മാറ്റം ഇന്ത്യയില്‍ നിക്ഷേപവും ഉല്‍പ്പാദനവും ജിഡിപിയും കൂടാന്‍ സഹായിക്കും. ഇതോടൊപ്പം ഉയര്‍ന്ന വിലക്കയറ്റവും തുടരും.
നല്ല വളര്‍ച്ചാ സാധ്യതയുള്ള മികച്ച കമ്പനികളില്‍ നിക്ഷേപിക്കാന്‍ ഇത് അവസരമൊരുക്കുന്നു. വരും വര്‍ഷങ്ങള്‍ വിലക്കയറ്റത്തിന്റേതാണ്. അപ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, കമ്പനികളുടെ കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ തുടങ്ങിയ വരുമാനം നിശ്ചിതമാക്കിയ ഇനങ്ങളില്‍ നിക്ഷേപിക്കരുത്. ഉയര്‍ന്ന പണപ്പെരുപ്പം നിങ്ങളുടെ വരുമാനത്തെ കാര്‍ന്നുതിന്നും.
അഭിമുഖത്തിന്റെ പൂര്‍ണഭാഗം ധനം മാഗസിന്‍ യൂട്യൂബ് ചാനലില്‍ കാണാം.