ജപ്പാനിലും വമ്പന്‍ ഐ.പി.ഒ വരുന്നു, ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

230 കോടി ഡോളറാണ് ടോക്കിയോ മെട്രോയുടെ സമാഹരണ ലക്ഷ്യം

Update:2024-10-15 13:04 IST

രാജ്യത്തെ വമ്പന്‍ പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ)ക്ക് ഒരുങ്ങി ജപ്പാനിലെ ടോക്കിയോ മെട്രോ. ഐ.പി.ഒയിലൂടെ 348.6 ബില്യണ്‍ യെന്‍ (230 കോടി ഡോളര്‍) സമാഹരിക്കാനാണ് ലക്ഷ്യം. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജപ്പാനില്‍ നടക്കുന്ന ഏറ്റവും വലിയ ഓഹരി വില്‍പനയായിരിക്കും ഇതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ നടന്ന സോഫ്റ്റ് ബാങ്കിന്റെ ഐ.പി.ഒയാണ് ഇതിനു മുമ്പ് നടന്ന ഏറ്റവും വലിയ ഐ.പി.ഒ.

ഓഹരി ഒന്നിന് 1,200 യെന്‍ വീതമാണ് പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. വ്യാഴാഴ്ചയാണ് ഔദ്യോഗികമായ വില പ്രഖ്യാപിക്കുക. ടോക്കിയോയിലെ പ്രധാന സബ്‌വേകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ടോക്കിയോ മെട്രോയുടെ ഓഹരികള്‍ ഒക്ടോബര്‍ 23ന് ലിസ്റ്റ് ചെയ്യും.

ഐ.പി.ഒ വര്‍ഷം

ജപ്പാനില്‍ ഈ വര്‍ഷം ഇതു വരെ 160 കോടി ഡോളറിന്റെ ഐ.പി.ഒകളാണ് നടന്നത്. ടോക്കിയോ മെട്രോ കൂടി ലിസ്റ്റ് ചെയ്ത് കഴിയുമ്പോള്‍ 2023ല്‍ സമാഹരിച്ച 440 കോടി ഡോളറിന് അടുത്ത് വരും മൊത്തം സമാഹരണം.
ഇതുകൂടാതെ വമ്പന്‍ ഐ.പി.ഒകള്‍ പലതും അണിയറങ്ങളില്‍ ഒരുങ്ങുന്നുമുണ്ട്. ആഗോള നിക്ഷേപകരില്‍ നിന്ന് ഐ.പി.ഒകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം തന്നെ വിദേശ നിക്ഷേപം നിരവധി ലഭിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടോക്കിയോ മെട്രോ ഐ.പി.ഒയുടെ 80 ശതമാനത്തോളം ആഭ്യന്തര നിക്ഷേപകര്‍ക്കായുള്ളതാണ്. ഇത് പൂര്‍ണമായും തന്നെ സബ്‌സ്‌ക്രൈബ് ചെയ്തതായാണ് സൂചന.

ലാഭവിഹിതവും കമ്പനിയുടെ പ്രകടനവും 

ആകര്‍ഷകമായ ഡിവിഡന്റ് വരുമാനം കൂടാതെ കമ്പനിയുടെ പെര്‍ഫോമന്‍സിനെ കുറിച്ചുള്ള പ്രതീക്ഷകളും ഓഹരിയിലേക്ക് നിക്ഷേപം നടത്തുന്നതിന് നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.
ഓഹരി വില അനുസരിച്ച് 3.3 ശതമാനം ഡിവിഡന്‍ഡാണ് ടോക്കിയ മെട്രോ വാഗ്ദാനം ചെയ്യുന്നത്. ഇതനുസരിച്ച് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഓഹരിക്ക് 40 യെന്‍ വീതം ലഭിക്കും. 2004ലാണ് ടോക്കിയോ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത്. നാല് സ്ഥലങ്ങളിലേക്കായി പ്രതിദിനം 65.2 ലക്ഷം യാത്രക്കാരെ വഹിക്കുന്നു.
ജപ്പാന്‍ സര്‍ക്കാരിന് 53.42 ശതമാനവും ടോക്കിയോ മെട്രോപൊളിറ്റന്‍ സര്‍ക്കാറിന് ബാക്കി 46.58 ഓഹരികളുമാണ് ടോക്കിയോ മെട്രോയിലുള്ളത്. ഐ.പി.ഒയ്ക്ക് ശേഷം ഇവയുടെ ഓഹരി പങ്കാളിത്തം പാതിയായി കുറയും.
Tags:    

Similar News