ബിര്‍ളയ്ക്ക് തിരിച്ചടി; അള്‍ട്രാടെക്കിന്റെ അറ്റാദായം 42 ശതമാനം ഇടിഞ്ഞു
അദാനി ഏറ്റെടുത്ത എസിസി സിമന്റ് കമ്പനി രണ്ടാം പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു
രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക്കിന്റെ (UltraTech Cement Ltd) അറ്റാദായത്തില്‍ 42 ശതമാനത്തിന്റെ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (FY23) രണ്ടാംപാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 755.7 കോടി രൂപയാണ് അള്‍ട്രാടെക്കിന്റെ അറ്റാദായം. ഊര്‍ജ്ജ വില ഉയര്‍ന്നതാണ് ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയുടെ ലാഭം ഇടിയാന്‍ കാരണം.
മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനി 1,313.5 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 52.3 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1,584 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഏകീകൃത വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.6 ശതമാനം ഉയര്‍ന്ന് 13,892.7 കോടിയിലെത്തി. അതേ സമയം ഏപ്രില്‍-ജൂണ്‍ പാദത്തെ അപേക്ഷിച്ച് വരുമാനം 8.4 ശതമാനം ഇടിയുകയാണ് ചെയ്തത്.
മഴകാരണം രണ്ടാം പാദത്തില്‍ രാജ്യത്ത് സിമന്റിന്റെ ഡിമാന്‍ഡ് കുറവായിരുന്നെന്നും ദീപാവലിക്ക് മുന്നോടിയായി വിപണി ശക്തിപ്പെട്ടെന്നും അള്‍ട്രാടെക്ക് പറഞ്ഞു. അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്റ് കമ്പനി രണ്ടാം പാദത്തില്‍ 87.32 കോടി രൂപയുടെ അറ്റനഷ്ടം നേടിയിരുന്നു. 6,350ല്‍ വ്യാപാരം തുടങ്ങിയ അള്‍ട്രാടെക്കിന്റെ ഓഹരികളുടെ നിലവില്‍ 6,343.65 രൂപയാണ് (11.30 AM).