യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന ഏതൊക്കെ ഓഹരികളെ ബാധിക്കും, നിക്ഷേപകര്‍ എന്ത് ചെയ്യണം?
ഡോളര്‍ സൂചിക 111.67 വരെ കയറി
ആഗോള വിപണിയെ ക്ഷീണത്തിലാക്കി യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന. 75 ബേസിസ് പോയിന്റ് ( 0.75 ശതമാനം) ആണ് യുഎസ് കേന്ദ്രബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ഇത് ആഭ്യന്തര വിപണിയെയും ദുര്‍ബലമാക്കി. പ്രധാന സൂചികകളായ നിഫ്റ്റി (Nifty) 100 പോയിന്റ് താഴ്ന്ന് 17,650 ലെവലിലും ബിഎസ്ഇ (BSE) സെന്‍സെക്‌സ് (Sensex) 450 പോയിന്റ് താഴ്ന്ന് 58,996 ലെവലിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റി മിഡ്ക്യാപ് (Nifty midcap), സ്മോള്‍ ക്യാപ് (Small cap) സൂചികകള്‍ 0.1 ശതമാനം വരെ ഇടിഞ്ഞതിനാല്‍ വിപണികളില്‍ ബലഹീനത തുടര്‍ന്നു. നേരിയ നേട്ടത്തോടെ ആരംഭിച്ച നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി മീഡിയയും ഒഴികെ, മിക്ക മേഖലകളും ഇന്ന് ആരംഭത്തില്‍ നെഗറ്റീവിലാണ്. നിഫ്റ്റി ഐടി, നിഫ്റ്റി ബാങ്ക് സൂചികകള്‍ ആണ് ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്. ഒരു ശതമാനം വരെ ഇവ ഇടിഞ്ഞു.
ഐടിസി (ITC), എച്ച്യുഎല്‍ (HUL), നെസ്ലെ ഇന്ത്യ (Nestle India) എന്നിവ ബെഞ്ച്മാര്‍ക്ക് സൂചികകളുടെ നഷ്ടം കുറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയവയാണ് താഴേക്ക് പോയത്.
യുഎസ് ഫെഡറല്‍ റിസര്‍വ് (US Federal Reserve) വര്‍ഷാവസാനത്തേക്കുള്ള പലിശലക്ഷ്യം 4.4 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയിട്ടുള്ളത്. 2023 മുഴുവനും ഉയര്‍ന്ന പലിശ തുടരുമെന്നു മുന്നറിയിപ്പ് നല്‍കി. ഓഹരികള്‍ ഇടിഞ്ഞു; ഡോളര്‍ കയറി; മറ്റു കറന്‍സികള്‍ ഉലഞ്ഞു. ക്രൂഡ് ഓയില്‍ താഴ്ന്നു. ഇതിനിടെ യുക്രെയ്ന്‍ യുദ്ധം കടുപ്പിക്കാനുള്ള റഷ്യന്‍ നീക്കം ആശങ്ക പരത്തുന്നുണ്ട്.
അഡീഷണല്‍ ടയര്‍-1 ബോണ്ടുകള്‍ വഴി 658 കോടി രൂപ സമാഹരിച്ചതിന് ശേഷം വ്യക്തിഗത ഓഹരികളില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) ഓഹരികള്‍ 2 ശതമാനം നേട്ടമുണ്ടാക്കി. കൂടാതെ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ നിന്ന് 258.12 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതിനെത്തുടര്‍ന്ന് അശോക ബില്‍ഡ്കോണിന്റെ ഓഹരികള്‍ 2 ശതമാനത്തിലധികം ഉയര്‍ന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ ഉയര്‍ത്തിയതോടുകൂടി ആഗോള വിപണിയില്‍ ഡോളറിന്റെ മൂല്യം രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചു. ആഗോള വിപണികളെ അവഗണിച്ചു നീങ്ങുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. ഏഷ്യന്‍ വിപണികള്‍ ഒരു ശതമാനത്തിലേറെ താണപ്പോള്‍ ഇന്ത്യന്‍ വിപണി താഴ്ച അര ശതമാനത്തില്‍ താഴെയാക്കി.
രൂപ ഇന്നു റെക്കാര്‍ഡ് താഴ്ചയിലായി. ഡോളര്‍ വ്യാപാരം തുടങ്ങിയത് 80.28 രൂപയിലാണ്. പിന്നീട് 80.58 രൂപയിലേക്കു കയറി. ഇന്നലെ 79.97 രൂപയില്‍ ക്ലോസ് ചെയ്ത ഡോളര്‍ 0.75 ശതമാനം നേട്ടമാണു രാവിലെ കുറിച്ചത്. മറ്റു കറന്‍സികളും ഡോളറിനു മുമ്പില്‍ വീഴുകയാണ്. ചൈനീസ് യുവാന്‍ ഒരു ഡോളറിന് 7.09 യുവാനിലേക്കു താണു. യൂറോ, ബ്രിട്ടീഷ് പൗണ്ട് എന്നിവയും താഴുകയാണ്. ഡോളര്‍ സൂചിക 111.67 വരെ കയറി.
രൂപയുടെ കനത്ത ഇടിവിനെ തുടര്‍ന്നു സ്വര്‍ണത്തിന്റെ (Gold) ആഗോള വിലയിടിവിന്റെ ആനുകൂല്യം ഇന്ത്യക്കാര്‍ക്കു നഷ്ടമായി. സ്വര്‍ണവില 1660 ഡോളറിലേക്കു താണപ്പാേള്‍ കേരളത്തില്‍ വില കൂടി. എന്തായാലും നിക്ഷേപകര്‍ കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു. ക്ഷമയോടെ കാത്തു നിന്നാല്‍ നല്ല ബ്ലൂ ചിപ് ഓഹരികള്‍ ചുളുവിലയ്ക്കു വാങ്ങാനുള്ള അവസരം ഒരുങ്ങും.