വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് ലാഭക്കുതിപ്പ്; ഓഹരിയിലും മുന്നേറ്റം
പാദ, വാര്‍ഷികാടിസ്ഥാനങ്ങളില്‍ വരുമാനത്തിലും ലാഭത്തിലും മികച്ച വളര്‍ച്ച
കൊച്ചി ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 64.22 കോടി രൂപ സംയോജിത ലാഭം രേഖപ്പെടുത്തി.
മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 53.37 കോടി രൂപയേക്കാള്‍ 20.3 ശതമാനം അധികമാണിത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 52.73 കോടി രൂപയേക്കാളും ലാഭം മികച്ച തോതില്‍ ഉയര്‍ത്താന്‍ വി-ഗാര്‍ഡിന് കഴിഞ്ഞു.
സംയോജിത മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 1,023.41 കോടി രൂപയില്‍ നിന്ന് 1,226.55 കോടി രൂപയിലെത്തി. കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ ഇത് 1,142.78 കോടി രൂപയായിരുന്നു.
മാതൃകമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഉപകമ്പനികളായ വി-ഗാര്‍ഡ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഗട്‌സ് ഇലക്ട്രോ-മെക്ക്, സണ്‍ഫ്‌ളെയിം എന്നിവയുടെ സംയോജിത പ്രവര്‍ത്തന ഫലമാണിത്.
ഓഹരി വിലയില്‍ കുതിപ്പ്
മികച്ച ജൂണ്‍പാദ പ്രവര്‍ത്തന ഫലത്തിന്റെ പശ്ചാത്തലത്തില്‍ വി-ഗാര്‍ഡ് ഓഹരി വില (Click here) ഇന്നലെ 8.17 ശതമാനം മുന്നേറി 309.25 രൂപയിലെത്തി.
ഇക്കുറി ജൂണ്‍പാദത്തില്‍ കമ്പനിയുടെ എല്ലാ വിഭാഗങ്ങളിലും മികച്ച വളര്‍ച്ച കൈവരിച്ചത് നേട്ടമായെന്ന് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നത് നേട്ടമാകുന്നുണ്ട്. ഉത്സവകാല സീസണില്‍ മികച്ച പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.