'ഓഹരിയില്‍ നേട്ടമുണ്ടാക്കണോ? നല്ല കമ്പനികളെ ശ്രദ്ധിക്കൂ'
നിങ്ങള്‍ ആദ്യമായി ഓഹരി നിക്ഷേപം നടത്തുന്നവരാണെങ്കില്‍ ഓഹരികള്‍ സ്വയം തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക
ഇന്ത്യന്‍ ഓഹരി നിക്ഷേപ രംഗത്ത് എന്നും വേറിട്ട നിരീക്ഷണങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തിയ മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി ധനത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഇപ്പോഴത്തെ ഓഹരി വിപണിയെ സംബന്ധിച്ചും പുതുതലമുറ നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും തുറന്നുപറയുന്നു.
സ്വന്തം അനുഭവത്തില്‍ നിന്നും സൗരഭ് മുഖര്‍ജി ആര്‍ജിച്ചെടുത്ത അറിവിന്റെ കരുത്തില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ നിക്ഷേപകരുടെ അകക്കണ്ണ് തുറപ്പിക്കുന്നതാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ സൗരഭ് മുഖര്‍ജി ലണ്ടനിലെ ക്ലിയര്‍ ക്യാപിറ്റലിന്റെ സഹസ്ഥാപകനായിരുന്നു. 2007ല്‍ യു.കെയിലെ ടോപ് സ്മോള്‍ ക്യാപ് അനലിസ്റ്റായും ഇദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
ഇന്ത്യയിലും മുന്‍നിര ഓഹരി വിപണി വിദഗ്ധനായി പലവട്ടം വിവിധ സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത സൗരഭ് മുഖര്‍ജി സെബിയുടെ നിരവധി വര്‍ക്കിംഗ് ഗ്രൂപ്പുകളുമായി പങ്കാളിയുമായിട്ടുണ്ട്. ആഴത്തില്‍ പഠിച്ച്, അമിതാവേശമില്ലാതെ, സമചിത്തതയോടെ ഓഹരി വിപണിയെ സമീപിക്കുകയും ന്യായമായ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കുകയും ചെയ്യുന്നതില്‍ തിളങ്ങുന്ന ട്രാക്ക് റെക്കോര്‍ഡാണ് സൗരഭ് മുഖര്‍ജിക്കുള്ളത്.
* അടുത്തിടെയാണല്ലോ താങ്കള്‍ MeritorQ എന്ന നൂതനമായൊരു പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനം അവതരിപ്പിച്ചത്. എന്താണതിന്റെ സവിശേഷതകള്‍? നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണമെന്താണ്?
മാഴ്സലസിന്റെ എല്ലാ സേവനങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഗുണഫലം നിക്ഷേപകരിലേക്ക് എത്തിക്കാനുള്ളത് മാത്രമല്ല, ഒപ്പം രാജ്യത്തെ പ്രമുഖ 20-30 കമ്പനികളുടെ കൈവശമുള്ള വലിയ ലാഭത്തിന്റെ പങ്ക് അവരിലേക്ക് കൂടി വീതിച്ചുകൊടുക്കാനായി ലക്ഷ്യമിട്ടുള്ളതാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഓരോ മേഖലയിലുമുള്ള 2-3 കമ്പനികളാണ് ആ മേഖലയുടെ ലാഭത്തിന്റെ 80 ശതമാനവും കൈയടക്കുന്നതെന്ന് നമുക്ക് കാണാന്‍ കഴിയും. ഞങ്ങളുടെ പി.എം.എസ് (പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസ്) സേവനങ്ങളായ കണ്‍സിസ്റ്റന്റ് കോമ്പൗണ്ടേഴ്സ് (സി.സി.പി), ലിറ്റില്‍ ചാംമ്പ്സ് എന്നിവ ഇത്തരം കമ്പനികളില്‍ ബോട്ടം അപ് ക്വാളിറ്റേറ്റീവ് റിസര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്നവയാണ്.
അതേസമയം ഞങ്ങളുടെ MeritorQ എന്ന ഉപദേശക സേവനം വിപണിയിലെ ഇതേ ട്രെന്‍ഡ് സൃഷ്ടിക്കുന്ന സാധ്യതയെ ക്വാണ്ടിറ്റേറ്റീവ് റിസര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താനുള്ളതാണ്. ഞങ്ങളുടെ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി വിഭാഗം മേധാവി കൃഷ്ണന്‍, മാഴ്സലസിന്റെ നിക്ഷേപ തന്ത്രത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമാക്കി മാറ്റി അതിന്റെ അടിസ്ഥാനത്തില്‍ നാല്‍പ്പതോളം ഓഹരികള്‍ ഉള്‍പ്പെടുന്ന പോര്‍ട്ട്ഫോളിയോയാണ് നിക്ഷേപകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക പത്ത് ലക്ഷമാണ്. ഈ സേവനം തുടങ്ങിയിട്ട് രണ്ട് മാസം ആയതേയുള്ളൂ. ഇതിനകം 150 ഓളം പേര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ പത്തുലക്ഷത്തിലേറെ തുക നിക്ഷേപിച്ചിട്ടുമുണ്ട്.
*കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ പൊതുവേ ഓഹരി നിക്ഷേപകര്‍ക്ക് നല്ലകാലമായിരുന്നു. 2023നെ താങ്കള്‍ എങ്ങനെ വിലയിരുത്തും?
സമ്പദ് വ്യവസ്ഥയോ വിപണിയുടെ പ്രകടനമോ അടിസ്ഥാനമാക്കി യാതൊരു വിധ അനുമാനത്തിനും ഞങ്ങള്‍ തുനിയാറില്ല. അതുകൊണ്ട് നിക്ഷേപകര്‍ക്ക് യാതൊരു മെച്ചവുമില്ലെന്നതാണ് വസ്തുത. 2023 അല്ലെങ്കില്‍ 2024ല്‍ നിക്ഷേപകര്‍ക്ക് എങ്ങനെയാകുമെന്ന് യാതൊരു ധാരണയും ഞങ്ങള്‍ക്കില്ല. അതേസമയം ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്; നിക്ഷേപകര്‍ നല്ല പ്രൊമോര്‍ട്ടര്‍മാര്‍ നയിക്കുന്ന (വിവേകമുള്ള പ്രൊമോര്‍ട്ടര്‍മാര്‍ ആരാണെന്ന് കണ്ടെത്താന്‍ വഴിയുണ്ട്. ഒരു ദശാബ്ദത്തിലേറെയായി മൂലധന നിക്ഷേപത്തിന്മേല്‍ ഏറ്റവും കുറഞ്ഞത് 15 ശതമാനത്തോളം നേട്ടം (നികുതിക്ക് മുമ്പ്) ഇവര്‍ ഉണ്ടാക്കിയിരിക്കണം) ക്ലീന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയാണെങ്കില്‍ (ക്ലീന്‍ കമ്പനിയെന്നാല്‍ കമ്പനിയുടെ മാനേജ്മെന്റ് അവിടത്തെ പണം മോഷ്ടിക്കരുതെന്ന് ചുരുക്കം) അവര്‍ക്ക് ന്യായമായ ലാഭം ലഭിച്ചിരിക്കും.
ഇത്തരം കമ്പനികള്‍ക്ക് അതത് സെക്ടറുകളിലെ വില നിര്‍ണയത്തില്‍ ശക്തമായ മേല്‍ക്കൈയും ഉണ്ടായിരിക്കും. ഉദാഹരണത്തിന്, ഞങ്ങളുടെ സി.സി.പി സ്ട്രാറ്റജി അടിസ്ഥാനമാക്കി നടത്തുന്ന നിക്ഷേപത്തിന്റെ അറ്റ നേട്ടം പ്രതിവര്‍ഷം ശരാശരി 19 ശതമാനത്തോളമാണ്.
*ഓഹരി വിപണി ഇപ്പോള്‍ അങ്ങേയറ്റം അസ്ഥിരതയിലാണ്. ഈ സാഹചര്യത്തില്‍ ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെന്താണ്?
ഇന്നത്തെ ഓഹരി വിപണി കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തേക്കാളോ അല്ലെങ്കില്‍ പത്തുവര്‍ഷം മുമ്പുള്ളതിനേക്കാളോ അല്ലെങ്കില്‍ ഇരുപത് വര്‍ഷം മുമ്പുള്ളതിനേക്കാളോ അസ്ഥിരമൊന്നുമല്ല. മാത്രമല്ല, ഓഹരി നിക്ഷേപത്തില്‍ ഹ്രസ്വകാലമെന്നോ ദീര്‍ഘകാലമെന്നോ ഉള്ള വ്യത്യാസവുമില്ല. ലളിതമായി പറഞ്ഞാല്‍ ഓഹരികളില്‍ നിക്ഷേപം നടത്തി കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കെങ്കിലും അക്കാര്യം മറന്നുകളയാന്‍ സാധിക്കുന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് ഓഹരി വിപണി. മൂന്നുവര്‍ഷത്തിനും താഴെയുള്ള കാലയളവിലേക്കാണ് നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത്തരക്കാര്‍ ഓഹരിയില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് നല്ലത്.
* ഇപ്പോള്‍ പലരും ഭയക്കുന്നത് പോലെ ആഗോള സമ്പദ് വ്യവസ്ഥയില്‍ തളര്‍ച്ചയുണ്ടാകുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ? അങ്ങനെ വന്നാല്‍ അത് എത്രമാത്രം ഇന്ത്യയെ ബാധിക്കും?
നേരത്തെ സൂചിപ്പിച്ചതുപോലെ ഞങ്ങള്‍ മാക്രോ ഇക്കണോമിക് പ്രവചനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരാണ്. അതൊരുതരം ഭാവി ഫലപ്രവചനത്തിന് തുല്യമായാണ് ഞാന്‍ കണക്കാക്കുന്നത്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന കാര്യം അവിടെ നില്‍ക്കട്ടെ, ആസന്നമായ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള അവസാനിക്കാത്ത ചര്‍ച്ചകള്‍ എന്നെ അന്ധാളിപ്പിക്കുന്നുണ്ട്. ഇന്ത്യയിലോ അമേരിക്കയിലോ കോണ്ടിനെന്റല്‍ യൂറോപ്പിലോ മാന്ദ്യത്തിന്റെ ഒരു സൂചനയുമില്ല. ലോകമെമ്പാടും തൊഴിലുകള്‍ കൂടി വരികയാണ്. ഓര്‍ഡര്‍ ബുക്കുകള്‍ നിറഞ്ഞിരിക്കുന്നു. വാസ്തവത്തില്‍ ലോകമെമ്പാടും കേന്ദ്ര ബാങ്കുകള്‍ കുതിച്ചുപായുന്ന ഡിമാന്റുകള്‍ കീഴടക്കാന്‍ പാടുപെടുകയാണ്. ഇത് നമ്മള്‍ കോവിഡില്‍ നിന്ന് പുറത്തുകടക്കുന്ന വേളയില്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമായി.
* സാന്ദര്‍ഭികമായി ഓഹരിയില്‍ നിക്ഷേപം നടത്തുന്നവരോട് താങ്കള്‍ക്ക് പറയാനുള്ള മാര്‍ഗനിര്‍ദേശം എന്താണ്? അവര്‍ വിപണിയെയും കമ്പനികളെയും കുറിച്ച് പഠിക്കേണ്ടതുണ്ടോ? സ്വയം നിക്ഷേപിക്കാനൊരുങ്ങണോ? അല്ലെങ്കില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ വേണ്ടി ഇത്തരക്കാര്‍ മ്യൂച്വല്‍ ഫണ്ടുകളെയോ പോര്‍ട്ട്‌ഫോളിയോ മാനേജ്മെന്റ് സേവനങ്ങളേയോ ആണോ ആശ്രയിക്കേണ്ടത്?
എന്നെ സംബന്ധിച്ചിടത്തോളം സാന്ദര്‍ഭികമായി ഓഹരികളില്‍ നിക്ഷേപിക്കുക എന്നത് മോശം ആശയമായാണ് തോന്നുന്നത്. ഒരു ഹോബി പോലെ ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ (അത് ഏതാണ്ട് കുതിരപ്പന്തയത്തിന് സമാനമാണ്) കനത്ത നഷ്ടം ഏറ്റുവാങ്ങാന്‍ മനസുകൊണ്ട് ഒരുങ്ങിയിരിക്കണം. തന്റെ റിട്ടയര്‍മെന്റ് കാലത്ത് ഉപകാരപ്പെടാന്‍ വേണ്ടി കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഒരാള്‍ ഇത്തരത്തില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നതിന് മുമ്പ് എന്തായാലും നന്നായി പഠിച്ചിരിക്കണം. ഞാന്‍ നേരത്തെ ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞ കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്.
ഓഹരിയില്‍ നിക്ഷേപിക്കാന്‍ എത്രമാത്രം പരിശീലനം നേടിയിരിക്കണമെന്ന് അറിയണമെങ്കില്‍ വായിക്കാന്‍ ഞങ്ങളുടെ തന്നെ ഒരു ബുക്ക് നിര്‍ദേശിക്കാം. Diamonds in the Dust: Consistent Compounding for Etxraordinary Wealth Creation
* ഗൗതം അദാനിയുടെ കമ്പനികള്‍ക്കെതിരായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യന്‍ ഓഹരി വിപണിയെയും കോര്‍പ്പറേറ്റുകളെയും സംബന്ധിച്ച ആഗോള നിക്ഷേപകരുടെ കാഴ്ച്ചപ്പാടുകളെ എങ്ങനെയാണ് സ്വാധീനിക്കുക?
മാധ്യമങ്ങള്‍ എപ്പോഴും ഓഹരികളെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ സൃഷ്ടിക്കുന്നതില്‍ താല്‍പ്പര്യമുള്ളവരാണ്. ഗൗരവത്തോടെ ഓഹരി നിക്ഷേപത്തെ സമീപിക്കുന്നവര്‍ ആരെങ്കിലും ഇതൊക്കെ കാര്യമായി എടുക്കുന്നുണ്ടോയെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഈ അവസരത്തില്‍ എനിക്കോര്‍മ വരുന്നത് മറ്റൊരു കാര്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്റ്റര്‍മാര്‍ ചില വിവാദമായ സെലക്ഷനുകള്‍ നടത്തിയ കാലത്ത് അന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണി ഒരു ചോദ്യത്തിന് മറുപടിയായി ഒരു കാര്യം പറഞ്ഞു. അതിന്റെ അര്‍ത്ഥം ഏതാണ്ട് ഇങ്ങനെയാണ്; ഞാന്‍ എപ്പോഴും ശ്രദ്ധ കൊടുക്കുന്നത് എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യങ്ങളിലാണ്. മറ്റ് കാര്യങ്ങളുടെ പേരില്‍ എനിക്കെന്റെ ഉറക്കം നഷ്ടമാവില്ല.
* കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിലാക്സോ ഫുട്വെയര്‍ താങ്കളുടെ പോര്‍ട്ട്ഫോളിയോയിലെ പ്രമുഖ കമ്പനിയായിരുന്നു. എന്നാല്‍ അടുത്തിടെ താങ്കളുടെ പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസ് ആ കമ്പനിയില്‍ നിന്ന് പുറത്തുകടന്നതായി കണ്ടു. അത്തരമൊരു യൂ ടേണ്‍ എടുക്കാനിടയായ സാഹചര്യമെന്താണ്?
ഞങ്ങള്‍ അഞ്ചുവര്‍ഷത്തോളം റിലാക്സോ ഓഹരികള്‍ കൈവശം വെച്ചിരുന്നു. അക്കാലഘട്ടത്തില്‍ അതിന്റെ വില 300 രൂപയില്‍ നിന്ന് 900 രൂപ വരെയായി. ഇക്കാര്യത്തില്‍ റിലാക്സോ മാനേജ്മെന്റിനും ദുവ കുടുംബത്തിനും നന്ദി പറയുന്നു. ഇത് മാഴ്സലസ് ഇടപാടുകാരുടെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വലിയ വര്‍ധനയെ തുടര്‍ന്ന് റിലാക്സോ മാനേജ്മെന്റ് വില വര്‍ധിപ്പിക്കാനെടുത്ത തീരുമാനം ഞങ്ങളെ അലോസരപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ആ ഓഹരിയില്‍ നിന്ന് പുറത്തുകടക്കാന്‍ തീരുമാനമെടുത്തത്.
* താങ്കളോ മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സോ, ഇന്ത്യന്‍ ഓഹരി നിക്ഷേപ രംഗത്ത് നല്‍കിയ സംഭാവനയെന്താണ്?
ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് നിങ്ങളും നിങ്ങളുടെ സഹപ്രവര്‍ത്തകരും നിങ്ങളുടെ വായനക്കാരുമാണെന്ന് ഞാന്‍ കരുതുന്നു. എന്തായാലും ഇന്ത്യയില്‍ ജീവിക്കാനും ഇന്ത്യന്‍ ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും സാധിച്ചത് വലിയ അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. ഓരോ നിമിഷവും ഞങ്ങളത് ആസ്വദിക്കുന്നു.
* കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓഹരിവിപണിയിലേക്ക് പുതു നിക്ഷേപകരുടെ കുത്തൊഴുക്കാണ്. അവര്‍ക്കുള്ള താങ്കളുടെ ഉപദേശം എന്താണ്?
എന്റെ ഒരു കണക്കുകൂട്ടല്‍ പ്രകാരം ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏതാണ്ട് 80 ശതമാനത്തോളം നിക്ഷേപകര്‍ക്കും ദീര്‍ഘകാല ഓഹരി നിക്ഷേപത്തിന്റെ കാര്യത്തില്‍ വലിയ അനുഭവസമ്പത്തൊന്നുമില്ല. അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അതേ മനോഭാവത്തില്‍ നിന്ന്, അതായത് ഒരു 20 വര്‍ഷം മുമ്പത്തെ ഞാനായി നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറയാം. അക്കാലത്ത് ഞാന്‍ തന്നെ പരിശീലിച്ച മൂന്ന് കാര്യങ്ങളാണിത്.
1. നിങ്ങള്‍ ആദ്യമായി ഓഹരി നിക്ഷേപം നടത്തുന്നവരാണെങ്കില്‍ ഓഹരികള്‍ സ്വയം തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. മ്യൂച്വല്‍ ഫണ്ടുകള്‍, ഇ.ടി.എഫുകള്‍ എന്നിവയില്‍ ആദ്യമായി നിക്ഷേപിക്കുകയോ അല്ലെങ്കില്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറുടെ മാര്‍ഗനിര്‍ദേശപ്രകാരം നിക്ഷേപം നടത്തുകയോ ചെയ്യുക. (നിങ്ങള്‍ തന്നെ സ്വയം തെരഞ്ഞെടുക്കുന്ന ഓഹരികളില്‍ നിന്ന് വലിയ നേട്ടം ഉണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണ്). നിങ്ങള്‍ക്ക് വലിയ നഷ്ടം താങ്ങാനുള്ള കരുത്തുണ്ടെന്ന് ബോധ്യപ്പെടുമ്പോള്‍ ഓഹരി നിക്ഷേപം കൂട്ടുക. (നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ മൂല്യം ഇടിയുമ്പോള്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല).
2. ഇനി നിങ്ങള്‍ക്ക് സ്വയം ഓഹരികള്‍ തെരഞ്ഞെടുക്കണമെങ്കില്‍ അതിന് മുമ്പ് ഇക്കാര്യത്തില്‍ മതിയായ പരിശീലനം നിങ്ങള്‍ നേടിയിട്ടുണ്ടെന്നത് ഉറപ്പാക്കണം. CFA ചാര്‍ട്ടര്‍ പ്രോഗ്രാം പോലുള്ള കോഴ്സുകള്‍ കഴിഞ്ഞിരിക്കണമെന്ന് സാരം.
3. ഇനി നിങ്ങള്‍ മതിയായ പരിശീലനം നേടി ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയാലും 3-4 വര്‍ഷത്തേക്കുള്ള ജീവിത ചെലവിനുള്ള തുക സ്ഥിരനിക്ഷേപമായോ സര്‍ക്കാര്‍ ബോണ്ടുകളിലോ ആയി മാറ്റിവെച്ചിരിക്കണം. നിങ്ങളുടെ ഓഹരി പോര്‍ട്ട്ഫോളിയോയിലെ സമ്പാദ്യം മൊത്തം ഒലിച്ചുപോയാലും ജീവിക്കാനുള്ള മുതല്‍ക്കൂട്ട് നിങ്ങള്‍ക്കുണ്ടായിരിക്കണം.
*ഓഹരി നിക്ഷേപകര്‍ക്കായി 5 കമ്പനികള്‍
ധനത്തിന്റെ വായനക്കാര്‍ക്കായി അഞ്ച് ഓഹരികള്‍ ഞാന്‍ പറയാം. പക്ഷേ അതെന്റെ വ്യക്തിപരമായ നിര്‍ദേശമല്ല. മാഴ്സലസ് വലിയ തോതില്‍ നിക്ഷേപം നടത്തിയ കമ്പനികളാണത്. ആ കമ്പനികള്‍ ഇതാണ്:
1. എച്ച്.ഡി.എഫ്.സി ബാങ്ക്
2. ബജാജ് ഫിനാന്‍സ്
3. കോട്ടക് ബാങ്ക്
4. ഏഷ്യന്‍ പെയ്ന്റ്സ്
5. പിഡിലൈറ്റ്