ബജറ്റ് നിർദ്ദേശങ്ങളെ തുടർന്ന് മെച്ചപ്പെട്ട നേട്ടം നൽകാവുന്ന 4 ഓഹരികൾ
അടിസ്ഥാന സൗകര്യ വികസനം, ഉരുക്ക്, ലോജിസ്റ്റിക്സ്, എൻജിനീയറിഗ് കമ്പനികൾക്ക് നേട്ടം പ്രതീക്ഷിക്കാം
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റിൽ മൂലധന നിക്ഷേപം 11.1 ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് ചില മേഖലകളുടെ വളർച്ചാ സാധ്യത മെച്ചപ്പെടുത്തുമെന്ന് കരുതാം. അതിൽ എൻജിനിയറിംഗ്, ലോജിസ്റ്റിക്സ്, ഉരുക്ക് നിർമാണം തുടങ്ങിയവ ഉൾപ്പെടും. ചെലവ് കുറഞ്ഞ ഭവന, സൗരോർജ പദ്ധതികൾക്ക് പ്രോത്സാഹനം നൽകുന്നതും ഗവേഷണ വികസന പദ്ധതികൾ നടപ്പാക്കുന്നതും ഇന്ത്യൻ സമ്പദ്ഘടനയെ ശക്തിപ്പെടുത്തും. ഈ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്ന 4 ഓഹരികൾ നോക്കാം.
1. ജിൻഡാൽ സ്റ്റീൽ & പവർ (Jindal Steel & Power): നവീൻ ജിൻഡാൽ നേതൃത്വം നൽകുന്ന പ്രമുഖ ഉരുക്ക്, ഊർജ കമ്പനിയാണ് ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ. 2023-24 ഡിസംബർ പാദത്തിൽ വരുമാനം 5.32 ശതമാനം കുറഞ്ഞ് 13,698 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുൻപുള്ള ലാഭം 18.87ശതമാനം വർധിച്ച് 2802 കോടി രൂപയായി. ഉരുക്ക് ഉൽപ്പാദനം 19.4 ലക്ഷം ടൺ, വിൽപ്പന 18.1 ലക്ഷം ടൺ. അറ്റ കടം 9,115 കോടി രൂപ. 2018-19 മുതൽ 2023-24 കാലയളവിൽ അറ്റ കടം 77 ശതമാനം കുറഞ്ഞു. കടം-ഓഹരി അനുപാതം 1.23 ശതമാനത്തിൽ നിന്ന് 0.29 ശതമാനമായി കുറഞ്ഞു. മെക്സിക്കോ, പോളണ്ട്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കും കയറ്റുമതി വ്യാപിപ്പിച്ചു. പുതിയ ആറ് മൂല്യവർധിത ഉത്പന്നങ്ങൾ പുറത്തിറക്കി. പുതിയ ഖനികൾ പ്രവർത്തനം ആരംഭിച്ചതോടെ ഊർജ ചെലവുകൾ കുറയ്ക്കാൻ സാധിക്കും. ഇൻഫ്ലുവൻസർ മാർക്കറ്റിംഗിലൂടെ റീറ്റെയ്ൽ വിപണി ശക്തിപ്പെടുത്തുകയാണ്.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 842 രൂപ
നിലവിൽ 776.10 രൂപ
Stock Recommendation by Prabhudas Lilladher.
2. ബ്ലൂഡാർട് എക്സ്പ്രസ് (Bluedart Express Ltd): പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനമായ ബ്ലൂ ഡാർട് 2023-24 ഡിസംബർ പാദത്തിൽ വരുമാനത്തിൽ 3 ശതമാനം വളർച്ച കൈവരിച്ച് 1,380 കോടി രൂപയായി. EBITDA മാർജിൻ 9.7 ശതമാനം (1.6% വാർഷിക ഇടിവ്). ഇതിന് കാരണം ജീവനക്കാരുടെ ചെലവുകളും മറ്റു ചെലവുകളും വർധിച്ചതാണ്. ചരക്ക് ഗതാഗതത്തിന് രണ്ട് വിമാനങ്ങൾ വാങ്ങിയതിനാൽ തുടർച്ചയായ പാദങ്ങളിൽ ചരക്ക് കൈകാര്യം ചെയ്യുന്നതിൽ വർധന ഉണ്ടായിട്ടുണ്ട്. കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലും കമ്പനിക്ക് വിപണി വിഹിതം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. സേവന ചെലവുകൾ വർധിപ്പിക്കൽ വരുമാനം ഉയരാൻ സഹായിച്ചു. ഇനിയും നിരക്കുകൾ 5 ശതമാനം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നു. 2022-23 മുതൽ 2025-26 വരെയുള്ള കാലയളവിൽ വരുമാനത്തിൽ 12 ശതമാനം, നികുതിക്കും പലിശക്കും മറ്റും മുൻപുള്ള വരുമാനത്തിൽ 14 ശതമാനം, അറ്റാദായത്തിൽ 17 ശതമാനം എന്നിങ്ങനെ സംയുക്‌ത വാർഷിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 7850 രൂപ
നിലവിൽ വില - 6395.55 രൂപ
Stock Recommendation by Motilal Oswal Financial Services.
3.ലാർസെൻ & ടൂബ്രോ (Larsen & Toubro Ltd): പ്രമുഖ എൻജിനിയറിംഗ് കമ്പനിയായ ലാർസെൻ ആൻഡ് ടൂബ്രോയുടെ (L&T) 2023-24 ഡിസംബർ പാദ ഫലം പ്രതീക്ഷ നൽകുന്നതാണ്. മധ്യ കിഴക്ക് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിച്ചത് കൊണ്ട് 25 ശതമാനം ഓർഡർ വർധിച്ചു, വരുമാനം 19 ശതമാനം ഉയർന്നു. ഡിസംബർ പാദത്തിൽ ലഭിച്ച പുതിയ ഓർഡറുകളിൽ 39 ശതമാനം വിദേശത്തു നിന്നായിരുന്നു. 76,000 കോടി രൂപയുടെ അധിക ഓർഡർ ലഭിച്ചതിൽ 57 ശതമാനം അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു. ഡിസംബർ അവസാനത്തെ കണക്കുകൾ പ്രകാരം 4.69 ലക്ഷം കോടി രൂപയുടെ ഓർഡറുകൾ നടപ്പാക്കാനുണ്ട്. ഊർജ മേഖലയിൽ വിദേശത്തു നിന്ന് ലഭിച്ച ഹൈഡ്രജൻ പദ്ധതി വലിയ നേട്ടമായി. ഹെവി എൻജിനിയറിംഗ് വിഭാഗത്തിൽ വരുമാന വളർച്ചയിൽ ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും പ്രതിരോധ വിഭാഗത്തിൽ നേട്ടം ഉണ്ടാക്കാൻ സാധിച്ചു. അറ്റ വരുമാനം 5 ശതമാനം വർധിച്ച് 11,200 കോടി രൂപയായി. EBITDA മാർജിൻ മെച്ചപ്പെട്ട് 20.7 ശതമാനമായി. വികസന പദ്ധതികളുടെ വിഭാഗത്തിൽ ഹൈദരാബാദ് മെട്രോ, നാഭ പവർ എന്നിവ കരസ്ഥമാക്കിയത് കൂടുതൽ വരുമാനം ലഭിക്കാൻ സഹായിക്കും.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 3865 രൂപ
നിലവിൽ വില - 3377.80 രൂപ
Stock Recommendation by LKP Securities.
4. അദാനി പോർട്സ് & സ്‌പെഷ്യൽ ഇക്കോണോമിക് സോൺ: അദാനി ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയാണ് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കോണോമിക് സോൺ. ഈ ഓഹരി വാങ്ങാനുള്ള നിർദേശം ധനം ഓൺലൈനിൽ ജനുവരി 9ന് നൽകിയിരുന്നു (Stock Recommendation by Motilal Oswal Financial Services). അന്നത്തെ വിലയായ 1194.40ൽ നിന്ന് നിലവിൽ 1261.75ലേക്ക് ഉയർന്നിട്ടുണ്ട്. ജനുവരിയിൽ ചരക്ക് കൈകാര്യം ചെയ്തതിൽ 26 ശതമാനമായി വർധന ഉണ്ടായി -351 ലക്ഷം മെട്രിക് ടൺ. ഡ്രൈ ബൾക്ക് വിഭാഗത്തിൽ 46 ശതമാനം, കണ്ടെയ്നർ വിഭാഗത്തിൽ 13 ശതമാനമായി വർധിച്ചു. ലോജിസ്റ്റിക്സ് വിഭാഗത്തിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചു.
2023-24 ഡിസംബർ പാദ പ്രവർത്തന ഫലങ്ങൾ പുറത്തുവന്നതോടെ ഓഹരിയിൽ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. വരുമാനം 45 ശതമാനം വർധിച്ച് 6,920 കോടി രൂപയും നികുതിക്കും പലിശക്കും മറ്റും മുൻപുള്ള ലാഭം 59 ശതമാനം വർധിച്ച് 4,293 കോടി രൂപയുമായി. അറ്റാദായം 65 ശതമാനം വർധിച്ച് 2,208 കോടി രൂപയായി.
ഡിസംബർ പാദത്തിൽ ചരക്ക് കൈകാര്യം ചെയ്‌തതിൽ സർവകാല റിക്കോഡ് കൈവരിച്ചു -1086 ലക്ഷം മെട്രിക് ടൺ. കമ്പനിയുടെ ആദ്യ തുറമുഖമായ മുന്ദ്ര ഏറ്റെടുത്തിട്ട് 25 വർഷം പൂർത്തിയാക്കി.
കരയ്ക്കൽ തുറമുഖം ഏറ്റെടുക്കൽ പൂർത്തിയാക്കി. മ്യാൻമാറിലെ ആസ്തികൾ വിറ്റഴിച്ചു.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1470 രൂപ
നിലവിൽ 1261.75 രൂപ
Stock Recommendation by Motilal Oswal Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)