15% മുതല്‍ 31 % വരെ നേട്ടം ലഭിക്കാവുന്ന 3 ഓഹരികള്‍

എസ് ചന്ദ് & കമ്പനി, അപ്പോളോ ഹോസ്പിറ്റല്‍, ബാറ്റ ഇന്ത്യ എന്നി ഓഹരികളുടെ സാധ്യതകള്‍ നോക്കാം

Update:2023-06-03 16:37 IST

രാജ്യത്ത്‌ പാദരക്ഷകളുടെ വ്യവസായം കോവിഡിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-22 ല്‍ 20% വളര്‍ച്ച രേഖപ്പെടുത്തി. കുടുംബ ബിസിനസുകളും ചെറുകിട ഇടത്തരം ബിസിനസുകളുമാണ് ഈ മേഖലയില്‍ കൂടുതല്‍ ഉള്ളത്. എന്നാല്‍ ചില ആഗോള ബ്രാന്‍ഡുകളും ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്, അതില്‍ ഒന്നാണ് ബാറ്റ.

1.ബാറ്റ ഇന്ത്യ (Bata India Ltd):
ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ കമ്പനിയും പ്രമുഖ പാദരക്ഷ നിര്‍മാതാക്കളുമാണ് ബാറ്റ. 2000ല്‍ അധികം ചില്ലറ വ്യാപാര കടകള്‍ നടത്തുന്നുണ്ട്. 2022-23 മാര്‍ച്ച് പാദത്തില്‍ വരുമാനത്തില്‍ 17% വളര്‍ച്ച കൈവരിച്ചു. ശരാശരി വില്‍പന വിലയില്‍ 15% വര്‍ധന രേഖപ്പെടുത്തി. ജി.എസ്.ടി നിരക്ക് വര്‍ധന, പണപ്പെരുപ്പം എന്നിവ കൂടുതല്‍ വിറ്റഴിയുന്ന പാദരക്ഷകളുടെ വില്‍പ്പനയെ ബാധിച്ചു. മൊത്തം മാര്‍ജിന്‍ 0.8% വര്‍ധിച്ച് 58.4 ശതമാനമായി. 2024ല്‍ മൊത്തം ഫ്രാഞ്ചൈസികളുടെ എണ്ണം 500 ആക്കുകയാണ് ലക്ഷ്യം. നിലവില്‍ 419 ഫ്രാഞ്ചൈസി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2022-23 മുതല്‍ 2024-25 കാലയളവില്‍ വരുമാനത്തില്‍ 12% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിച്ചും വിതരണം ശക്തിപെടുത്തിയും വില്‍പ്പന, വരുമാന വര്‍ധന നേടാന്‍ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില : 1826 രൂപ
നിലവില്‍ : 1557 രൂപ.
Stock Recommendation by Geojit Financial Services.
2. അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസ് (Apollo Hospitals Enterprise Ltd):
ഇന്ത്യന്‍ ആരോഗ്യ പരിരക്ഷ രംഗത്ത് സ്വകാര്യ ആശുപത്രികള്‍ നിര്‍ണായകമായ സേവനമാണ് നല്‍കുന്നത്. അത്യാധുനിക ചികിത്സ, രോഗനിര്‍ണയ സംവിധാനങ്ങള്‍, മികച്ച ഡോക്ടര്‍ മാരുടെ സേവനം എന്നിവയുടെ പിന്‍ബലത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സാധിച്ചിട്ടുണ്ട്. 2022 -23 മുതല്‍ 2026-27 കാലയളവില്‍ 18% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് ഒരു പ്രമുഖ വിപണി ഗവേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ അതിവേഗം വികസിക്കുന്ന ആശുപത്രി ശൃംഖലയാണ് അപ്പോളോ ഹോസ്പിറ്റല്‍സ്, നിലവില്‍ ഈ ഓഹരി മുന്നേറ്റത്തിലാണ്.
2022 -23 മാര്‍ച്ച് പാദത്തില്‍ വരുമാനം 21.3% വര്‍ധിച്ച് 4302.2 കോടി രൂപയായി. അറ്റാദായം 60.3% വര്‍ധിച്ച് 144.5 കോടി രൂപയായി. 2023-24 മാര്‍ച്ച് പാദത്തില്‍ ആശുപത്രി മുറികളുടെ താമസ നിരക്ക് (occupancy rate) 70 ശതമാനത്തിന് അടുത്ത് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പെഷ്യാലിറ്റി ചികിത്സകള്‍ വഴിയാണ് ആശുപത്രിയുടെ 60% വരുമാനം ലഭിക്കുന്നത്. അടുത്ത 3-4 വര്‍ഷത്തില്‍ 3,000 കോടി രൂപ മൂലധന ചെലവില്‍ 2,000 കിടക്കകള്‍ കൂടി സജ്ജമാകും. മുംബൈ, ഗുഡ്ഗാവ്, ചെന്നൈ, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലാണ് ആശുപത്രി വികസനം നടത്തുന്നത്. ബിസിനസില്‍ 7-8 % വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. 2023-24 ല്‍ ആശുപത്രി വരുമാനത്തില്‍ 15%, ഓഫ് ലൈന്‍ ഫാര്‍മസിയില്‍ 19-20 % എന്നിങ്ങനെയാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. അടുത്ത 3 വര്‍ഷത്തില്‍ രോഗ നിര്‍ണയ (diagnostics) ബിസിനസ് ഇരട്ടിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില : 5,300 രൂപ
നിലവില്‍ : 4967 രൂപ
Stock Recommendation by Prabhudas Lilladher.
3. എസ് ചന്ദ് & കമ്പനി (S Chand & Co ):
കോവിഡിന് ശേഷം സ്‌കൂളുകള്‍ കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ തുറന്നു പ്രവര്‍ത്തിച്ചതോടെ പാഠ പുസ്തകങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. എസ് ചന്ദ് & കമ്പനി ഈ രംഗത്തെ പ്രമുഖ പ്രസാധകരാണ്.
2022 -23 മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 14.2% വര്‍ധിച്ച് 390.5 കോടി രൂപയായി. നികുതിക്ക് മുന്‍പുള്ള ആദായം 134 കോടി രൂപ (5 .5% വര്‍ധന). നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം 3.1% വര്‍ധിച്ച് 146.6 കോടി രൂപയായി. 2022 23ല്‍ വില്‍പ്പന വര്‍ധന 9%, വില്‍പ്പന മൂല്യം 18% വര്‍ധിച്ചു. 2023-24 ല്‍ 6-8% പുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കും. നിലവില്‍ മൊത്തം ചെലവിന്റെ 35-40% ഇറക്കുമതി ചെയ്യുന്ന കടലാസിന് വേണ്ടിയാണ് ചെലവാകുന്നത്. ഇന്തോനേഷ്യയില്‍ നിന്നാണ് കൂടുതല്‍ കടലാസ് ഇറക്കുമതി ചെയ്യുന്നത്. വില്‍പ്പന, മാര്‍ക്കറ്റിങ് ചെലവുകള്‍ 6-7% പ്രതീക്ഷിക്കുന്നു. 2022-23 ല്‍ മൊത്തം വരുമാനം 6,10 കോടി രൂപ (26 .9% വാര്‍ഷിക വളര്‍ച്ച). 2023-24 ല്‍ വരുമാനം 30% വര്‍ധിച്ച് 720-750 കോടി രൂപ വരെ ഉയരാം. അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരത, വില്‍പ്പന വര്‍ധന, പുസ്തകങ്ങളുടെ വില വര്‍ധന എന്നിവയുടെ പിന്‍ബലത്തില്‍ കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില : 257 രൂപ
നിലവില്‍ : 196 രൂപ.
Stock Recommendation by Prabhudas Lilladher
Tags:    

Similar News