ഓഹരി ബ്രോക്കര്‍ പെട്ടെന്ന് സേവനം അവസാനിപ്പിച്ച് മുങ്ങിയാല്‍ വാങ്ങിയ ഓഹരികള്‍ക്ക് എന്ത് സംഭവിക്കും?

ഓഹരി ബ്രോക്കര്‍ ആവശ്യപ്പെടുന്ന എല്ലാ രേഖകളും നിക്ഷേപകന്‍ നല്‍കേണ്ടതുണ്ടോ?

Update:2024-11-03 13:46 IST

image credit : canva

? ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനായി ഓഹരി ബ്രോക്കറെ ബന്ധപ്പെടുമ്പോള്‍ പവര്‍ ഓഫ് അറ്റോര്‍ണി (POA) നല്‍കാനായി നിര്‍ബന്ധിക്കുന്നു. അത് നിര്‍ബന്ധമായും കൊടുക്കേണ്ടതുണ്ടോ.
ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന്റെ ഭാഗമായി POA നല്‍കാന്‍ ഉടമയെ ഓഹരി ബ്രോക്കര്‍മാര്‍ നിര്‍ ബന്ധിക്കാന്‍ പാടില്ല. സെബി ചട്ടം പ്രകാരം POA കൊടുക്കണോ വേണ്ടയോ എന്നത് നിക്ഷേപകന് തീരുമാനിക്കാം. പ്രധാനമായും POA പ്രകാരം നിക്ഷേപകന്‍ ഓഹരി വില്‍ക്കുമ്പോള്‍ നിക്ഷേപ കന്റെ പേരിലുള്ള ഡീമാറ്റ് അക്കൗണ്ടില്‍ നിന്ന് ഓഹരികള്‍ എടുത്ത് ക്ലീയറിംഗ് കോര്‍പ്പറേഷന് കൈമാറേണ്ട ഉത്തരവാദിത്വം ബ്രോക്കര്‍ക്കുണ്ട് POA നല്‍കിയിട്ടുണ്ടെങ്കില്‍ ബ്രോക്കര്‍ക്ക് ഓരോ തവണ ഓഹരി വില്‍ക്കുമ്പോഴും നിക്ഷേപകനെ ബന്ധപ്പെടുന്നതിനുള്ള ആവശ്യം വരുന്നില്ല. POA കൊടുക്കാത്ത പക്ഷം നിക്ഷേപകന്‍ താഴെപ്പറയുന്ന ഏതെങ്കിലും സംവിധാനം വഴി ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരും.
- നിക്ഷേപകന് ഫിസിക്കല്‍ ഡെലിവറി ഇന്‍സ്ട്രക്ഷന്‍ സ്ട്രിപ്പ് (DIS) ബ്രോക്കര്‍ക്ക് നല്‍കാം
- ഡീമാറ്റ് ഡെബിറ്റ് പ്ലഡ്ജ് ഇന്‍സ്ട്രക്ഷന്‍ (DDPI) . ഇലക്ട്രോണിക്- ഡെലിവറി ഇന്‍സ്ട്രക്ഷന്‍ സ്ലിപ് (e DIS) നല്‍കാം.
?ഡീമാറ്റ് ഡെബിറ്റ് പ്ലഡ്ജ് ഇന്‍സ്ട്രക്ഷന്‍ (DDPI) എന്തിനാണ് ഉപയോഗിക്കുന്നത്.
പവര്‍ ഓഫ് അറ്റോര്‍ണി (POA)യുടെ ദുരൂപയോഗം ഉണ്ടായപ്പോള്‍, ഓഹരി വിപണി റെഗുലേറ്ററായ സെബി തുടങ്ങിയ സംവിധാനമാണ് DDPI ഓഹരികള്‍, മ്യൂചല്‍ ഫണ്ടുകള്‍ എന്നിവ വില്‍ക്കുമ്പോഴും പണയപ്പെടുത്തുമ്പോഴും ബൈബാക്ക് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഇവന്റുകള്‍ നടക്കുമ്പോഴും ഡീമാറ്റ് അക്കൗണ്ടില്‍ നിന്ന് POAയോ, DISഓ സമര്‍പ്പിക്കാതെ സുരക്ഷിതമായി ഓഹരികള്‍ നമ്മുടെ ഡീമാറ്റ് അക്കൗണ്ടില്‍ നിന്ന് എടുക്കാന്‍ ബ്രോക്കര്‍മാരെ സഹായിക്കുന്നു.
? ഓഹരി ബ്രോക്കര്‍ പെട്ടെന്ന് സേവനം അവസാനിപ്പിക്കുകയും സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്താല്‍ ഞാന്‍ വാങ്ങിയ ഓഹരികള്‍ നഷ്ടപ്പെട്ടു പോകുമോ.
ഒരിക്കലും നഷ്ടപ്പെടില്ല. കാരണം ഓഹരികള്‍ ഡെപ്പൊസിറ്ററി നിയമപ്രകാരം ഇലക്ട്രോണിക് രൂപത്തില്‍ NSDL(National Securities Depository Limited) അല്ലെങ്കില്‍ CDSL (Central Depository Services Limited) ലോ ആണ് സൂക്ഷിച്ചുവെയ്ക്കുന്നത്. എന്‍എസ്ഡിഎല്ലിന്റെയോ സിഡിഎസ്എല്ലിന്റെയോ ഒരു മെംബര്‍ മാത്രമാണ് ബ്രോക്കര്‍മാര്‍. ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ബ്രോക്കര്‍ സേവനം അവസാനിപ്പിക്കുന്ന സാഹചര്യം ഉണ്ടായാലും ഓഹരികളും മറ്റ് സെക്യൂരിറ്റികളും സുരക്ഷിതമായി ഡെപ്പൊസിറ്ററികളായ എന്‍എസ്ഡിഎല്ലിലോ സിഡിഎസ്എല്ലിലോ സുരക്ഷിതമായി ഉണ്ടാകും. ഒരു ബ്രോക്കര്‍ പൂട്ടിപ്പോകുന്ന സാഹചര്യം ഉണ്ടായാലും പ്രസ്തുത ഓഹരികളുടെ ഹോള്‍ഡിംഗ് മറ്റൊരു ഡീമാറ്റ് അക്കൗണ്ട് തുറന്ന് അതിലേക്ക് മാറ്റാന്‍ സാധിക്കും.
?ഓഹരി വിപണിയിലെ നിക്ഷേപ പദ്ധതികള്‍ ഒരു 'പോണ്‍സി' നിക്ഷേപ പദ്ധതിയാണോ.
വളരെ ഉയര്‍ന്ന ആദായം വാഗ്ദാനം ചെയ്ത് നഷ്ടസാധ്യത കുറവാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് നിക്ഷേപകരെ ചേര്‍ക്കുകയും അവസാനം വഞ്ചിക്കുകയും ചെയ്യുന്ന പദ്ധതികളാണ് പോണ്‍സി പദ്ധതികള്‍. മറ്റൊരു നിക്ഷേപകനില്‍ നിന്നും ലഭിക്കുന്ന മുതലിന്റെ അംശം ആദ്യ നിക്ഷേപകന് നല്‍കി, ഒരു മണി ചെയിന്‍ മാതൃകയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. നിക്ഷേപകരുടെ പണമൊഴുക്ക് ഇല്ലാതാകുമ്പോള്‍ പോണ്‍സി പദ്ധതി നിലയ്ക്കുന്നു.
?എന്താണ് കോണ്‍ട്രാക്റ്റ് നോട്ട്.
നിക്ഷേപകന്‍ ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ അതിന് നിയമപരമായ തെളിവായി ഓഹരി ബ്രോക്കര്‍ നിക്ഷേപന് നല്‍കുന്ന രേഖയാണ് കോണ്‍ട്രാക്റ്റ് നോട്ട് ഇതില്‍ പ്രധാനമായും വാങ്ങിയതോ വിറ്റതോ ആയ സെക്യൂരിറ്റി, വില, വ്യാപാരം നടത്തുന്ന സമയം, വിവിധ നികുതികള്‍, എണ്ണം, ബ്രോക്കറേജ് തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. വ്യാപാരം നടന്ന് 24 മണിക്കൂറിനകം ബ്രോക്കര്‍ കോണ്‍ട്രാക്റ്റ് നോട്ട് നല്‍കിയിരിക്കണം. ഇലക്ട്രോണിക് കോണ്‍ട്രാക്റ്റ് നോട്ട് ഡിജിറ്റല്‍ സൈന്‍ ചെയ്ത ശേഷമാണ് ബ്രോക്കര്‍ നല്‍കുക
?ഓഹരി ബ്രോക്കര്‍ പെട്ടെന്ന് സേവനം അവസാനിപ്പിച്ചാല്‍ ഓഹരി വാങ്ങാതെ വെച്ചിരിക്കുന്ന നി ക്ഷേപകന്റെ പണത്തിന് എന്താണ് ഗ്യാരണ്ടി.
ഓഹരി ബ്രോക്കര്‍മാര്‍ അവരുടെ ക്ലൈന്റ് ഫണ്ട് ഒരു പ്രത്യേക പൂള്‍ അക്കൗണ്ടിലാണ് സൂക്ഷിക്കുക. ഈ പണം നിക്ഷേപകര്‍ ഓഹരിയില്‍ വ്യാപാരം ചെയ്യുമ്പോള്‍ മാത്രമാണ് ബ്രോക്കര്‍ക്ക് ഉപയോഗിക്കാനാകുക. ഈ സാഹചര്യത്തില്‍ ഒരു ബ്രോക്കര്‍ സാമ്പത്തികമായി തകര്‍ന്ന് ബ്രോക്കിംഗ് സേവനം അവസാനിപ്പിച്ചാല്‍ ഡെപ്പൊസിറ്റ് ഇന്‍ഷുറന്‍സ് പോലെ നാഷണല്‍ സ്റ്റോക്ക് എക്‌സ്ചേഞ്ച് ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ (IPF) 25 ലക്ഷം രൂപവരെയുള്ള പണത്തിന് നഷ്ടപരിഹാരം അനുവദിക്കാറുണ്ട്.
ഡോ.സനേഷ് ചേലക്കാട്
(സെബി സ്മാര്‍ട്സ്, എന്‍.എസ്.ഇ, ബി.എസ്.ഇ, എന്‍.എസ്.ഡി.എല്‍, സി.എസ് ഡി.എല്‍, പി.എഫ്.ആര്‍.ഡി.എ, എന്‍.സി.ഡി.എക്‌സ്, എന്‍.ഐ.എസ്.എം എന്നിവയുടെ അംഗീകൃത പരിശീലകനാണ് ലേഖകന്‍)

ധനം മാഗസിന്‍ ഒക്ടോബര്‍ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Tags:    

Similar News