2023 ഓഹരി വിപണിയില്‍ തിളങ്ങുന്നത് ആരായിരിക്കും?
2022 ല്‍ സൂചികകളില്‍ മികച്ച പ്രകടനം നടത്തിയത് ബാങ്കിംഗ് ധനകാര്യ സേവന (BFSI) കമ്പനികളാണ്.
2022 ല്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട രണ്ടു ഓഹരി സൂചികകളായ ബി എസ് ഇ സെന്‍സെക്‌സ്, നിഫ്റ്റി 50 എന്നിവ 4 ശതമാനത്തില്‍ അധികം ഉയര്‍ന്നു. ഉയര്‍ന്നു വരുന്ന വിപണികളില്‍ ഏറ്റവും മികച്ച നേട്ടമാണ് സെന്‍സെക്‌സ്, നിഫ്റ്റിയില്‍ ഉണ്ടായത്. സൂചികകളില്‍ മികച്ച പ്രകടനം നടത്തിയത് ബാങ്കിംഗ് ധനകാര്യ സേവന (BFSI) കമ്പനികളാണ്.
നിഫ്റ്റിയില്‍ ഏറ്റവും അധികം വെയ്‌റ്റേജ് (weightage) നല്‍കിയിരിക്കുന്നത് ബി എഫ് എസ് ഐ വിഭാഗത്തിനാണ് -36.7%. ഈ വിഭാഗത്തില്‍ ഏറ്റവും അധികം തിളങ്ങിയത് എസ് ബി ഐ യാണ്-28 ശതമാനത്തില്‍ അധികം ഓഹരി ഉയര്‍ന്നു.
ബാങ്കിംഗ് മേഖലക്ക് 2022 ലെ പ്രകടനം നിലനിര്‍ത്താന്‍ കഴിയുമോ എന്നത് സംശയമാണ് - ഡിപ്പോസിറ്റുകള്‍ക്ക് കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നതും, ബാങ്ക് എടുക്കുന്ന വായ്പക്ക് കൂടുതല്‍ പലിശ നല്‍കുന്നതും അറ്റ പലിശ മാര്‍ജിന്‍ കുറയാന്‍ ഇടയാക്കും. നിഷ്‌ക്രിയ ആസ്തികള്‍ കൂടുന്നതും ബാങ്ക് ഓഹരികളില്‍ പ്രതിഫലിക്കും. എസ് ബി ഐ ഓഹരി വില 710 രൂപ വരെ ഉയര്‍ന്നേക്കാമെന്ന് ഷെയര്‍ഖാന്‍ ബ്രോക്കിംഗ് ഡിസംബറില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
2022 ലെ മികച്ച ഓഹരികള്‍
നിഫ്റ്റി സൂചികയെ മുന്നേറാന്‍ സഹായിച്ചത് ബാങ്ക്, എണ്ണ, പ്രകൃതി വാതകം, എഫ് എം സി ജി, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയാണ്. അദാനി എന്റ്റര്‍പ്രൈസസ് (143 %), കോള്‍ ഇന്ത്യ (52 %), ഐ ടി സി (52 %), മഹീന്ദ്ര & മഹീന്ദ്ര (52 %), ആക്‌സിസ് ബാങ്ക് (40%).
പിന്നില്‍ നില്‍ക്കുന്ന ഓഹരികള്‍
നിഫ്റ്റിയില്‍ പ്രമുഖ ഐ ടി കമ്പനികളാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത്. വിപ്രോ - 45 % (715 രൂപയില്‍ നിന്ന് 388 രൂപയായി). ടെക്ക് മഹീന്ദ്ര 40%, ഡിവിസ് ലാബ് 26.31 %, എച്ച് സി എല്‍ ടെക്ക് 21 %, ഇന്‍ഫോസിസ് 20 %. വീട്ടില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് മാറി ഓഫീസുകളിലേക്കായപ്പോള്‍ ചെലവ് വര്‍ധിക്കുകയും, മാര്‍ജിന്‍ ഇടിയുകയും ചെയ്തു. 2023 ല്‍ ടെക്ക് ഓഹരികളില്‍ ബലഹീനത തുടരുമെന്ന് കരുതുന്നു.
എഫ് എം സി ജി മേഖല മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സാധ്യത ഉണ്ട്. ഉല്‍പ്പന്ന വില കുറയുന്നത് മാര്‍ജിന്‍ മെച്ചപ്പെടുത്തും. ജെഫ്റീസ് എന്ന നിക്ഷേപ സ്ഥാപനം പോര്‍ട്ട് ഫോളിയോ യില്‍ ടെലികോം, കണ്‍സ്യുമര്‍, റിയല്‍ എസ്റ്റേറ്റ്, യൂട്ടിലിറ്റി കമ്പനികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ധനകാര്യ കമ്പനികളില്‍ 'ന്യൂട്രല്‍' സമീപനവും, ഐ ടി, ഊര്‍ജം, ആരോഗ്യ പരിപാലന കമ്പനികളുടെ വെയിറ്റേജ് കുറച്ചും നിക്ഷേപിക്കുമെന്ന് ജെഫ്റീസ് അഭിപ്രായപ്പെട്ടു
(ഇതൊരു ധനം ഓഹരി നിർദേശമല്ല. ശ്രദ്ധാപൂർവം പഠിച്ച് മാത്രം നിക്ഷേപം നടത്തുക)