കേന്ദ്ര ബജറ്റ് മൂലം സ്വര്‍ണാഭരണ ഡിമാന്‍ഡ് വീണ്ടും കുറയുമോ?

കേന്ദ്ര ബജറ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യം പരിഗണിച്ചില്ല

Update: 2023-02-02 09:48 GMT

2022 ല്‍ സ്വര്‍ണ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ ആഭരണ ഡിമാന്‍ഡ് 2% കുറഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2023 ആരംഭം മുതല്‍ ഇതുവരെ വില വര്‍ധിച്ചത് 7.5 ശതമാനമാണ്. സ്വര്‍ണാഭരണ ഡിമാന്‍ഡ് 2021 ല്‍ 610.9 ടണ്ണായിരുന്നത് 2022 ല്‍ 600.4 ടണ്ണായി കുറഞ്ഞു.

2022 നാലാം പാദത്തില്‍ ഉല്‍സവ സീസണ്‍, വിവാഹ ആവശ്യങ്ങള്‍ക്കുള്ള വില്‍പ്പന വര്‍ധിച്ചെങ്കിലും ഡിമാന്‍ഡില്‍ 17% വാര്‍ഷിക കുറവ് രേഖപ്പെടുത്തി. ഇതിന് കാരണം 2021 നാലാം പാദത്തില്‍ ആഭരണ ഡിമാന്‍ഡിലെ വന്‍ വര്‍ധനവ് മൂലമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തി.

കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി വാര്‍ഷിക സ്വര്‍ണാഭരണ ഡിമാന്‍ഡ് 600 ടണ്ണായിരുന്നു. 2022 ലും ഈ നില തുടര്‍ന്നു. സ്വര്‍ണ വില വര്‍ധനവ് മൂലം കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ പണം നിക്ഷേപിച്ചതാണ് സ്വര്‍ണാഭരണ ഡിമാന്‍ഡ് കുറയാന്‍ ഒരു കാരണം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ 0.25% വര്‍ധിപ്പിച്ചതോടെ അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 1960 ഡോളറിലേക്ക് ഉയര്‍ന്നു.

2023 ആദ്യ പാദത്തില്‍ വിവാഹ ആവശ്യങ്ങള്‍ക്കുള്ള ആഭരണ ഡിമാന്‍ഡ് വര്‍ധിക്കും. കാര്‍ഷിക രംഗത്ത് ഖാരിഫ് വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിച്ചാല്‍ ഗ്രാമീണ ഡിമാന്‍ഡ് ഉയരും. നിലവില്‍ സ്ഥിരമായി ഉയരുന്ന സ്വര്‍ണ വില വിപണിക്ക് ആഘാതമുണ്ടാക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കരുതുന്നു.

ചൈനയില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡ് 15% കുറഞ്ഞ് 571 ടണ്ണായി. വില വര്‍ധനവും, കോവിഡ് നിയന്ത്രണങ്ങളുമാണ് ഡിമാന്‍ഡ് കുറയാന്‍ കാരണമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സ്വര്‍ണ ഡിമാന്‍ഡ് ഏറ്റവും കൂടുതല്‍ ഉള്ള രണ്ടു രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്.

Tags:    

Similar News