പേടിഎം ഓഹരി തിരികെ വാങ്ങല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമോ ?
ഓഹരികള്‍ തിരികെ വാങ്ങാന്‍ ഓപ്പണ്‍ മാര്‍ക്കറ്റ് രീതി സ്വീകരിച്ചതില്‍ നിക്ഷേപകര്‍ സംതൃപ്തരല്ല. ഓഹരിവില ഉയര്‍ത്തി നിര്‍ത്തുക എന്ന ലക്ഷ്യമാണ് പേയ്ടിഎം നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍
850 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുമെന്നാണ് (share buyback) പേടിഎം ഉടമകളായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചത്. 10.5 ദശലക്ഷം ഓഹരികളാണ് പേയ്ടിഎം തിരികെ വാങ്ങുന്നത്. ഓഹരി ഒന്നിന് 810 രൂപയാണ് കമ്പനി നല്‍കുക.
നിലവില്‍ 537.70 രൂപയാണ് (12.15 PM) പേടിഎം ഓഹരികളുടെ വില. പ്രഖ്യാപനം വിപണിയില്‍ ചലനമുണ്ടാക്കാന്‍ ബൈ ബാക്ക് പ്രഖ്യാപനത്തിന് സാധിച്ചിട്ടില്ല. നിലവില്‍ 1.41 ശതമാനം ഇടിവിലാണ് പേടിഎം ഓഹരികളുടെ വ്യാപാരം. ടെണ്ടര്‍ വഴി ആയിരിക്കില്ല പേയ്ടിഎം ഓഹരികള്‍ തിരികെ വാങ്ങുക. ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ ആണ് ഓഹരി വാങ്ങല്‍.
നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമോ ?
ഓപ്പണ്‍ മാര്‍ക്കറ്റ് രീതി നിക്ഷേപകരെ സംതൃപ്തിപ്പെടുത്തുന്നതല്ല. ടെന്‍ണ്ടര്‍ രീതി പിന്തുടരുമ്പോള്‍, ഒരു നിശ്ചിത വിലയില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വില്‍ക്കാം. എന്നാല്‍ ഇവിടെ വിപണിയില്‍ നിന്ന് ഓഹരികള്‍ പേയ്ടിഎം നേരിട്ട് വാങ്ങുകയാണ്. അതുകൊണ്ട് തന്നെ ലഭ്യമായ ഏതുവിലയിലും (810 രൂപവരെ) പേയ്ടിഎമ്മിന് ഓഹരികള്‍ തിരികെ വാങ്ങാം.
ടെന്‍ണ്ടര്‍ രീതിയില്‍ തിരികെ വാങ്ങുന്ന ഓഹരികളില്‍ 15 ശതമാനം ചില്ലറ നിക്ഷേപകരില്‍ നിന്നാകണം എന്നുണ്ട്. എന്നാല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് രീതിയില്‍ ഇത്തരം നിബന്ധനകളില്ല. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് തിരിച്ചടിയാണ്. കൂടാതെ കമ്പനിയുടെ സൗകര്യം പോലെയാവും ഈ തിരികെ വാങ്ങല്‍ പൂര്‍ത്തിയാവുക.
ഓഹരിവില ഉയര്‍ത്തി നിര്‍ത്തുക എന്ന ലക്ഷ്യമാണ് പേയ്ടിഎം നീക്കത്തിന് പിന്നിലെന്നാണ് മേഖലയില്‍ നിന്നുള്ള വിലയിരുത്തല്‍. നിക്ഷേപകരുടെ വില്‍പ്പന വൈകിപ്പിക്കാന്‍ നടപടി പേയ്ടിഎമ്മിനെ സഹായിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 1950 രുപയ്ക്ക് (എന്‍എസ്ഇ) ലിസ്റ്റ് ചെയ്ത പേടിഎം ഓഹരികള്‍ ഇതുവരെ 65 ശതമാനത്തോളം ആണ് ഇടിഞ്ഞത്.