സൊമാറ്റോ ഐപിഒ ജൂലൈ 14 ന്; സാധാരണക്കാര്‍ക്കും തെരഞ്ഞെടുക്കാവുന്ന പ്രൈസ് ബാന്‍ഡ്, അറിയാം
9,375 കോടി രൂപയുടെ ഐപിഒയ്ക്കാണ് രാജ്യത്തെ ഏറ്റവും വലിയ ഫുഡ് ഡെലിവറി ആപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
ഏറ്റവും വലിയ ഐപിഒ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനിരിക്കുകയാണ് ഓഹരി വിപണി ഈ ജൂലൈയില്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ വളരെ മുമ്പ് തന്നെ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) പ്രഖ്യാപിച്ചിരുന്നതാണ്. ഇന്നലെ വരെ സൊമാറ്റോ ഐപിഒ ജൂലൈ 19 നായിരിക്കും നടത്തുക എന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കമ്പനി തീയതിയില്‍ മാറ്റം വരുത്തിയതായി ഇന്ന് നടന്ന പ്രസ്മീറ്റില്‍ അറിയിച്ചു. പുതിയ തീരുമാനം അനുസരിച്ച് ജൂലൈ 14നായിരിക്കും ഐപിഒ.
2020 മാർച്ചിൽ കാർഡുകളും പേയ്‌മെന്റ് സേവനങ്ങളും വഴി എസ്‌ബിഐ നടത്തിയ 10,341 കോടി രൂപ സമാഹരിച്ച ഐ പി ഒയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്. സൊമാറ്റോ ഐപിഒയുടെ പ്രൈസ് ബാൻഡ് 72-76 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് 195 ഷെയറുകളിലേക്കോ അല്ലെങ്കിൽ അതിന്റെ ഗുണിതങ്ങളിലേക്കോ സബ്‌സ്‌ക്രൈബുചെയ്യാൻ കഴിയും. റീറ്റെയ്ൽ നിക്ഷേപകർക്ക് പ്രൈസ് ബാൻഡിന്റെ പരമാവധി 13 ലോട്ടുകൾ വരെ ലേലം വിളിക്കാൻ കഴിയും.
വിദേശ, ആഭ്യന്തര നിക്ഷേപകരില്‍ നിന്ന് ഇഷ്യുവിന് വലിയ ഡിമാന്റ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ കരാറോടെ ചില പുതിയ എഫ്‌ഐഐകള്‍ ഇന്ത്യന്‍ വിപണികളിലേക്ക് എത്തുമെന്നാണ് വിപണി നിരീക്ഷരുടെ വിലയിരുത്തല്‍.
ഐപിഒ മൂല്യനിര്‍ണയം മുമ്പേ നിശ്ചയിക്കപ്പെട്ടിരുന്ന എട്ട് ബില്യണ്‍ ഡോളറില്‍ നിന്ന് 10 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഓഹരി നിക്ഷേപകര്‍ക്കിടയില്‍ ഡിമാന്‍ഡും വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യം പദ്ധതിയിട്ടിരുന്ന 7000 കോടി രൂപ അങ്ങനെ 9000 കോടിക്ക് മുകളിലുമായി. 9375 ആയിരിക്കും ആകെ ഇഷ്യു വലുപ്പം.
സൊമാറ്റോയ്ക്ക് ഇന്‍ഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡും ഉള്‍പ്പെടുന്നു. (18.55%), ഉബര്‍ ബി.വി. (9.13%), അലിപേ സിംഗപ്പൂര്‍ ഹോള്‍ഡിംഗ് ലിമിറ്റഡ്. (8.33%), ആന്റ് ഫിന്‍ സിംഗപ്പൂര്‍ ഹോള്‍ഡിംഗ് (8.20%), ടൈഗര്‍ ഗ്ലോബല്‍ (6%), സെക്വോയ ക്യാപിറ്റല്‍ (5.98%), സഹസ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ (5.51%), ടെമാസെക് ഹോള്‍ഡിംഗ്‌സ് സബ്‌സിഡിയറി (3.65%) എന്നിവരാണ് ഇപ്പോള്‍ പ്രധാന നിക്ഷേപകരായുള്ളത്.
കോവിഡ് രണ്ടാം തരംഗത്തോടെ ബിസിനസ് വളര്‍ച്ച നേടിയ കമ്പനികളില്‍ സൊമാറ്റോ മുന്‍ പന്തിയിലാണ്. രണ്ട് ലക്ഷത്തിലധികം ഡെലിവറി പങ്കാളികളുള്ള ഇന്ത്യയിലുടനീളം അഞ്ഞൂറോളം നഗരങ്ങളില്‍ പ്രാതിനിധ്യമുള്ള കമ്പനിയെന്ന നിലയില്‍ സൊമാറ്റോയ്ക്ക് ഐപിഒയും വന്‍ വിജയം നേടിക്കൊടുക്കുമെന്നതില്‍ സംശയമില്ല.