വിപണിയില്‍ ഇടിഞ്ഞുവീണ് സൊമാറ്റൊ, നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നതെന്ത്?

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം കമ്പനിയുടെ ഓഹരി വില 14 ശതമാനമാണ് താഴ്ന്നത്

Update:2022-07-25 14:41 IST

പ്രീ-ഐപിഒ ഫണ്ട് സമാഹരണത്തിന്റെ ലോക്ക്-ഇന്‍ പിരീഡ് അവസാനിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ താഴേക്ക് പതിച്ച് സൊമാറ്റൊ. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം കമ്പനിയുടെ ഓഹരി വില വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 ശതമാനം വരെയാണ് ഇടിഞ്ഞത്. നിലവില്‍ (25-07-2022, 12.05) 11 ശതമാനം നഷ്ടത്തോടെ 48.05 രൂപ എന്ന നിലയിലാണ് സൊമാറ്റൊ വിപണിയില്‍ വ്യാപാരം നടത്തുന്നത്. ഏറ്റവും താഴ്ന്നനിലയായ 2022 മെയ് 11 50.35 രൂപയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 2021 ജൂലൈ 23 ന് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച സൊമാറ്റൊ അതിന്റെ ഇഷ്യു വിലയായ 76 രൂപയേക്കാള്‍ 39 ശതമാനം താഴെയാണ് വ്യാപാരം ചെയ്യുന്നത്.

ഒരുവര്‍ഷത്തെ പ്രീ-ഐപിഒ നിക്ഷേപകരുടെ (പ്രൊമോട്ടര്‍മാര്‍, ജീവനക്കാര്‍, മറ്റ് സ്ഥാപനങ്ങള്‍) ലോക്ക്-ഇന്‍ കാലയളവാണ് ഇന്ന് അവസാനിച്ചത്. സെബി ഐസിഡിആര്‍ റെഗുലേഷനുകളുടെ 17-ാം ചട്ടങ്ങള്‍ അനുസരിച്ച്, ഓഫറിന്റെ ഭാഗമായി കൈമാറ്റം ചെയ്യപ്പെടുന്ന ഇക്വിറ്റി ഷെയറുകള്‍ ഒഴികെ, അലോട്ട്‌മെന്റ് തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് മുഴുവന്‍ പ്രീ-ഓഫര്‍ ഇക്വിറ്റി ഓഹരി മൂലധനവും ലോക്ക്-ഇന്‍ ചെയ്യപ്പെടും.
അതിനിടെ ക്വിക്ക്-കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്കിറ്റിനെ 4,447 കോടി രൂപയ്ക്ക് (ഏകദേശം 567 മില്യണ്‍ ഡോളര്‍) ഏറ്റെടുക്കാന്‍ കമ്പനിയുടെ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. ബ്ലിങ്ക് കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിസിപിഎല്‍) 33,018 ഇക്വിറ്റി ഓഹരികളാണ് ഫുഡ് അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഏറ്റെടുക്കുന്നത്. സൊമാറ്റോ ഇതിനകം ബ്ലിങ്കിറ്റിന് 150 മില്യണ്‍ ഡോളര്‍ വായ്പയായി നല്‍കിയിട്ടുണ്ട്. ഇത് ഏറ്റെടുക്കലിന്റെ ഭാഗമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍, വിപണിയില്‍ ലിസ്റ്റ് ചെയ്ത സൊമാറ്റൊ 9,375 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചത്.


Tags:    

Similar News