607 കോടിരൂപയ്ക്ക് സൊമാറ്റോ ഓഹരികള്‍ വാങ്ങി സിംഗപ്പൂര്‍ കമ്പനി

സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയാണ് ഓഹരികള്‍ വാങ്ങിയത്

Update: 2022-12-01 04:38 GMT

സൊമാറ്റോയിലെ നിക്ഷേപം ഉയര്‍ത്തി സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ Temasek. നവംബര്‍ 30ന് സൊമാറ്റോയുടെ 9.80 കോടി ഓഹരികളാണ്  ടെമാസെക്ക് സ്വന്തമാക്കിയത്. 607 കോടി രൂപയുടേതാണ് ഇടപാട്. ഓഹരി ഒന്നിന് 62 രൂപ നിരക്കിലായിരുന്നു നിക്ഷേപം.

പുതിയ നിക്ഷേപത്തിലൂടെ സൊമാറ്റോയിലെ കമ്പനിയുടെ ഓഹരി വിഹിതം 4 ശതമാനമായി ഉയര്‍ന്നു. അലിബാബ സൊമാറ്റോയിലെ നിക്ഷേപം കുറച്ച ദിവസം തന്നെ സിംഗപ്പൂര്‍ കമ്പനി ഓഹരികള്‍ വാങ്ങി എന്നതും ശ്രദ്ധേയമാണ്. 1,631 കോടി രൂപയ്ക്ക് 3.07 ശതമാനം ഓഹരികളാണ് അലിബാബയുടെ ഉടമസ്ഥതയിലുള്ള അലിപേ സിംഗപ്പൂര്‍ വിറ്റത്. ഓഹരി ഒന്നിവ് 62.06 രൂപ നിരക്കിലായിരുന്നു വില്‍പ്പന.

കഴിഞ്ഞ ജൂലൈയില്‍ ലോക്ക്-ഇന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മൂര്‍ സ്ട്രാറ്റജിക് വെഞ്ച്വഴ്സ്, ഊബര്‍ എന്നീ കമ്പനികള്‍ സൊമാറ്റോയിലെ മുഴുവന്‍ ഓഹരികളും വിറ്റിരുന്നു. ടൈഗര്‍ ഗ്ലോബല്‍, സെക്വോയ എന്നിവരും കമ്പനിയിലെ ഓഹരി വിഹിതം കുറച്ച നിക്ഷേപകരാണ്. 2021 ജൂലൈയില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഇതുവരെ 47 ശതമാനത്തിലധികം ആണ് ഇടിഞ്ഞത്. നിലവില്‍ 65.80 രൂപയാണ് (10.00 AM) സൊമാറ്റോ ഓഹരികളുടെ വില.

Tags:    

Similar News