സൊമാറ്റോയുടെ സ്ഥാപകന് സ്ഥാനം ഇപ്പോൾ ശതകോടീശ്വര ക്ലബിലാണ്! ഓഹരി കുതിച്ചത് 300%

വിപണി മൂല്യത്തിലും പുതിയ നാഴികക്കല്ല് പിന്നിട്ടു

Update:2024-07-15 13:12 IST

Deepinder Goyal 

ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവെറി സ്ഥാപനമായ സൊമാറ്റോയുടെ ഓഹരികളിന്ന് 4 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന വില തൊട്ടു. ഇതോടെ സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദര്‍ ഗോയല്‍ ശതകോടീശ്വര ക്ലബിലേക്ക് കടന്നു.

ഇന്ന് ഓഹരി വില ഉയര്‍ന്നതോടെ സൊമാറ്റോയുടെ വിപണി മൂല്യം ആദ്യമായി രണ്ട് ലക്ഷം കോടിയെന്ന നാഴികക്കല്ലും കടന്നു. ഗോയലിന്റെ ആസ്തി 8,300 കോടിയും പിന്നിട്ടു. ഇതോടെ 41-ാം വയസില്‍ ഇന്ത്യയുടെ റിച്ചസ്റ്റ് പ്രൊഫഷണല്‍ മാനേജര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗോയല്‍.
2023 ജൂലൈയിലെ താഴ്ചയില്‍ നിന്ന് 300 ശതമാനത്തോളമാണ് ഓഹരി കുതിച്ചു കയറിയത്. 73 രൂപയില്‍ നിന്ന് ഓഹരി വില 232 രൂപയിലെത്തി. 
പ്ലാറ്റ്‌ഫോം ഫീസ് അഞ്ച് രൂപയില്‍ നിന്ന് ആറ് രൂപയായി വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഓഹരി വില ഉയര്‍ന്നത്.

ബ്ലിങ്കിറ്റ് ലാഭത്തിലേക്ക്

സൊമാറ്റോയില്‍ ഗോയലിന് 36.95 കോടി ഓഹരികളാണുള്ളത്. കമ്പനിയുടെ 4.24 ശതമാനം ഓഹരി വിഹിതം വരുമിത്. ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ബ്ലിങ്കിറ്റിന്റെ കരുത്തുറ്റ പ്രകടനമാണ് സൊമാറ്റോയുടെ ഓഹരി വില ഉയര്‍ത്തിയത്.
എതിരാളികളായ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടിനെയും സെപ്‌റ്റോയെയും മറികടക്കുന്ന പ്രകടനമാണ് ബ്ലിങ്കിറ്റ് കാഴ്ചവയ്ക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കമ്പനി ലാഭത്തിലാകുമെന്നതാണ് കണക്കുകൂട്ടല്‍. 2025ന്റെ ആദ്യ പാദത്തില്‍ ബ്ലിങ്കിറ്റ് ലാഭത്തിലേക്കെത്തുമെന്ന് സൊമാറ്റോ സൂചിപ്പിച്ചിരുന്നു.
Tags:    

Similar News