ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ താരം പ്രീമിയം ഉത്പന്നങ്ങൾ, കേരളത്തില്‍ നിന്ന് 30,000ത്തിലധികം കച്ചവടക്കാര്‍
ആമസോണിലെ കേരള വ്യാപാരികളുടെ എണ്ണത്തിൽ 50% വർധന
സെപ്റ്റംബര്‍ 26ന് ആരംഭിച്ച ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ആദ്യ രണ്ടു ദിവസത്തിൽ പങ്കെടുത്തത് 11 കോടി ഉപയോക്താക്കള്‍. മുന്‍വര്‍ഷമിത് 9.5 കോടിയായിരുന്നു. ഓരോ വര്‍ഷവും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യ ആന്‍ഡ് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഷോപ്പിംഗ് എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.
രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലേക്കുള്ള പ്രീമിയം ഉത്പന്നങ്ങളുടെ കടന്നു കയറ്റമാണ് ഈ വര്‍ഷത്തെ ഷോപ്പിംഗ് സീസണില്‍ കൂടുതല്‍ ശ്രദ്ധേയമായത്. പ്രീമിയം സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയില്‍ 70 ശതമാനവും രണ്ടാംനിര, മൂന്നാം നിര നഗരങ്ങളില്‍ നിന്നായിരുന്നുവെന്ന് കിഷോര്‍ വ്യക്തമാക്കി. ടെലിവിഷനുകളില്‍ ഇത് 80 ശതമാനമാണ്. രാജ്യത്തെ എല്ലാ പിന്‍ കോഡുകളിലേക്കും ഉത്പന്നങ്ങള്‍ എത്തിക്കാന്‍ ഈ ഫെസ്റ്റിവൽ സീസണില്‍ സാധിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായ മൊത്തം ഉപയോക്താക്കള്‍ക്കും കൂടി ഈ ഫെസ്റ്റിവല്‍ സീസണില്‍ 240 കോടി രൂപയാണ് ലാഭിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ- സ്‌കൂട്ടറുകള്‍ മുതല്‍ വിമാന ടിക്കറ്റുകള്‍ വരെ
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മുതല്‍ വിമാനടിക്കറ്റുകള്‍ വരെയുള്ള വിഭാഗങ്ങളില്‍ മികച്ച ഡിമാന്‍ഡ് ദൃശ്യമായി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ എന്നിവയിലും മികച്ച വില്‍പ്പന നടന്നു. 700 ഓളം ഇ.വി മോഡലുകളാണ് ആമസോണ്‍ വഴി ലഭ്യമാക്കിയിരിക്കുന്നത്.
ആമസോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 8,000ത്തോളം കച്ചവടക്കാര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ 48 മണിക്കൂറില്‍ ഒരു ലക്ഷം രൂപയുടെ വില്‍പ്പന നേടി. കൂടുതല്‍ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ആമസോണ്‍ വിവിധ വിഭാഗങ്ങളുടെ ഫീസ് കുറച്ചതായി കിഷോര്‍ വ്യക്തമാക്കി.
ദീപാവലി സീസണ്‍ പ്രമാണിച്ചുള്ള ഈ ഉത്സവ കാലത്ത് മാത്രം 1.10 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് ആമസോണ്‍ നല്‍കിയത്. കേരളത്തിലും ഇതിന്റെ ഭാഗമായി നിരവധി തൊഴിലസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
കേരളം പ്രധാന വിപണി
കേരളം ആമസോണിന്റെ പ്രധാന വിപണികളിലൊന്നാണെന്ന് കിഷോര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്ന് മാത്രം 30,000ത്തിലധികം വ്യാപാരികളാണ് ആമസോണില്‍ കച്ചവടം നടത്തുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനത്തോളം വര്‍ധനയാണ് ഇതിലുണ്ടായിരിക്കുന്നത്. കേരളത്തില്‍ ആമസോണിന് 3.4 ക്യുബിക് മീറ്റര്‍ വിസതൃതിയുള്ള മൂന്ന് ഫുള്‍ഫില്‍മെന്റ് യൂണിറ്റുകളുണ്ട്. 1.7 ലക്ഷം ചതുരശ്ര അടി വരുന്ന സോര്‍ട്ടേഷന്‍ ഏരിയയുമുണ്ട്. കേരളത്തിലെ 21 നഗരങ്ങളിലായി 78 സേവന ദാതാക്കളുമുണ്ട്. കേരളത്തിന്റെ മികച്ച വിപണിയാണ് ഇവിടെ മൂന്ന് ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ തുറക്കാന്‍ പ്രേരിപ്പിച്ചതെന്നും കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പു വരെ ഒറ്റ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ പോലും ആമസോണ്‍ ഫ്രഷിന്റെ ആറ് സെന്ററുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍നാടന്‍ വിപണികളിലേക്കും
മികച്ച ഷോപ്പിംഗ് അനുഭവം നല്‍കാന്‍ ജെനറേറ്റീവ് എ.ഐ പോലുള്ള സങ്കേതങ്ങളെ കൂട്ടു പിടിക്കുന്നതിനൊപ്പം പോസ്റ്റ് ഓഫീസുകളുമായി സഹകരിച്ച് വിദൂര ഗ്രാമങ്ങളില്‍ പോലും സേവനം ഉറപ്പാക്കുന്നതും നോ കോസ്റ്റ് ഇ.എം.ഐ പോലുള്ള സൗകര്യങ്ങള്‍ അവതരിപ്പിച്ചുമാണ് ആമസോണ്‍ രണ്ടാംനിര, മൂന്നാം നിര ഗ്രാമങ്ങളിലും ഉള്‍ഗ്രാമങ്ങളിലും എത്തിച്ചേരുന്നത്. കൂടാതെ പ്രാദേശിക ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുമുണ്ട്. മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകള്‍ ഇതിനകം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
600 ഓളം ഇന്‍ഫ്‌ളുവന്‍സര്‍മാരെയാണ് ഇത്തവണ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കാംപെയിനിനായി ആമസോണ്‍ കൂടെക്കൂട്ടിയത്. അടുത്ത മാസമാണ് ആമസോണ്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാനിക്കുക.