ആന്റീലിയ മാത്രമല്ല, അംബാനി കുടുംബത്തിനുള്ളത് 7 ആഡംബര വീടുകള്‍

ഇന്ത്യയിലും വിദേശത്തുമായുള്ള വീടുകളുടെ പേരും വിവരങ്ങളും കാണാം

Update: 2023-11-27 13:16 GMT

Representational Image from Canva (Ambani Image from file)

ഇന്ത്യയിലെ ഏറ്റവും വിലയേറിയ വീടെന്നു  കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരില്‍ പലര്‍ക്കും മനസ്സിലെത്താവുന്ന ഒരു പേരും വ്യത്യസ്തമായ ഒരു വീടിന്റെ ചിത്രവുമാണ്  'ആന്റീലിയ'. ശതകോടീശ്വരൻ മുകേഷ്  അംബാനിയുടെ സ്വന്തം 'ആന്റീലിയ'. അത്രയേറെ വാര്‍ത്തകളില്‍ നിറഞ്ഞു നിൽക്കുന്നതാണ് മുംബൈയിലെ ഈ ആഡംബര ഭവനം. ആന്റീലിയ മാത്രമല്ല, അംബാനിക്കും കുടുംബത്തിനും ലോകത്ത് വിവിധ ഭാഗങ്ങളിലുണ്ട് ഇത്തരത്തിൽ സ്വപ്‌ന തുല്യമായ ഭവനങ്ങള്‍. അംബാനി കുടുംബത്തിന്റെ ഏഴ് ആഡംബര ഭവനങ്ങള്‍ ഇതാ:


1.ആന്റീലിയ

മുംബൈ

മൂല്യം - ഏകദേശം 15,000 കോടി

മുംബൈയിലെ അള്‍ത്താമൗണ്ട് റോഡില്‍ 568 ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ ആഡംബര സൗധത്തിന് 27 നിലകളാണുള്ളത്. വലിയ ക്ഷേത്രം, ഗസ്റ്റ് സ്യൂട്ടുകള്‍, ഐസ് ക്രീം പാര്‍ലര്‍, സ്വകാര്യ സിനിമാ തിയേറ്റര്‍ തുടങ്ങിയവയെല്ലാം ചേരുന്നതാണ് ആന്റീലിയ.

2.പാം ജുമൈറയിലെ ബീച്ച് സൈഡ് വില്ല

ദുബൈ

മൂല്യം - ഏകദേശം 640 കോടി

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടേതാണ് പാം ജുമൈറയിലെ ഈ വില്ല. കടലിന് മുഖാന്തിരം സ്ഥിതിചെയ്യുന്ന ഈ പൂള്‍ വില്ലയോട് സമാന്തരമായി 70 മീറ്ററില്‍ പരന്നു കിടക്കുന്ന പ്രൈവറ്റ് ബീച്ചാണ് ഇതിന്റെ പ്രധാന പ്രത്യേകത. 2022ല്‍ വാങ്ങിയ ഈ വില്ലയില്‍ 10 ബെഡ്‌റൂം, അകത്തും പുറത്തുമായി സ്വിമ്മിംഗ് പൂളുകള്‍, ഏഴ് സ്പാകള്‍, ബാര്‍ എന്നിവയുണ്ട്.

3.സ്റ്റോക്ക് ഹൗസ്

ലണ്ടന്‍

മൂല്യം : 592 കോടി 

അംബാനിയുടെ ആഡംബര ഭവനങ്ങളില്‍ ലണ്ടന്‍ സറ്റോക്ക് ഹൗസ് ഒരു പ്രധാന ആകര്‍ഷണമാണ്. 592 കോടി രൂപ മൂല്യമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ഈ വീട് പുല്‍ത്തകിടി നിറഞ്ഞ 300 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 49 റൂമുകളും സ്യൂട്ട് റൂമുകളുമുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടല്‍

4.മാന്‍ഡേറിയന്‍ ഓറിയന്റല്‍

ന്യൂയോര്‍ക്ക്

2,000 കോടി

മുകേഷ് അംബാനിയുടെ ന്യൂയോര്‍ക്കിലെ ആഡംബര വസതിയാണ് ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കിന് അടുത്തുള്ള  പ്രോപ്പര്‍ട്ടിയായ  മാന്‍ഡേറിയന്‍ ഓറിയന്റല്‍. മാന്‍ഹട്ടന്റെ ഭംഗി മുഴുവന്‍ ആവാഹിക്കുന്ന കെട്ടിടമാണിത്. 248 മുറികളുള്ള ഈ പ്രോപ്പര്‍ട്ടി,ഹോട്ടല്‍ പോലെ തന്നെയാണ് നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് ലഭ്യമായ ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്.

5. സീ വിന്‍ഡ്

മുംബൈ

17 നിലകളുള്ള സീ വിന്‍ഡ് എന്ന ആഡംബര വീട്ടില്‍ രണ്ട് നിലകളാണ് ഇപ്പോള്‍ മുകേഷ് അംബാനി കുടുംബത്തിനുള്ളത്. മുമ്പ് അബാനി മാതാപിതാക്കളും സഹോദരനുമടങ്ങുന്ന കുടുംബമായി  ഒന്നിച്ച് താമസിച്ചിരുന്ന സ്ഥലമാണിത്. നിലവിലെ രണ്ട് ഫ്‌ളാറ്റുകളുടെയോ ഈ ഫ്‌ളാറ്റ് സമുച്ഛയത്തിന്റെയോ മൂല്യമെത്രയെന്ന് വ്യക്തമല്ല.

6. അബോഡ്

മുംബൈ

5,000 കോടി

മുംബൈയിലെ പാലി ഹില്ലിലുള്ള ഈ വീട്ടില്‍ പതിവായി താമസിക്കുന്നത് അനില്‍ അംബാനിയാണ്. 16,000 ചതുരശ്ര അടിയുള്ള ഈ വീട്ടില്‍ ഒരു ഹെലിപാഡ് ഉണ്ട്. മുംബൈ കടല്‍ തീരത്തിന്റെ മനോഹര കാഴ്ചയാണ് ഈ വീടിന്റെ ഹൈലൈറ്റ് എന്നാണ് പറയപ്പെടുന്നത്.

7.ഗുജറാത്തിലെ അംബാനിയുടെ തറവാട് വീട്

100 വര്‍ഷം പഴക്കമുള്ള കൊട്ടാര സമാനമായ തറവാട് വീടാണ് അംബാനി കുടുംബം ഇടയ്‌ക്കൊക്കെ താമസിക്കുന്ന മറ്റൊരു ആഡംബര വീട്. ധീരുഭായ് അംബാനി ഇവിടെയാണ് ജനിച്ചു വളര്‍ന്നത്. ഗുജറാത്തി സ്റ്റൈലില്‍ നീളന്‍ വരാന്തകളുള്ള ബോളിവുഡ് ചിത്രങ്ങളിലുള്ള ആഡംബര ഭവനങ്ങള്‍ പോലൊരു മനോഹര വീടാണ് ഇതും.

(കടപ്പാട്: ഫിനാൻഷ്യൽ എക്സ്പ്രസ്സ്)

Tags:    

Similar News