ജോലി സമ്മര്‍ദം മൂലം വീണ്ടും മരണങ്ങള്‍; ചര്‍ച്ചയായി വര്‍ക്ക്-ലൈഫ് ബാലന്‍സ്

രണ്ട് പേരാണ് ഇന്നലെ ഒറ്റ ദിവസം ജീവന്‍ നഷ്ടപ്പെടുത്തിയത്

Update:2024-10-01 16:44 IST

Image by Cana

കടുത്ത ജോലിസമ്മര്‍ദ്ദം വീണ്ടും ജീവനെടുക്കുകയാണ്. ഇന്നലെയാണ് മേലുദ്യോഗസ്ഥരുടെ പീഢനവും ജോലിസസമ്മര്‍ദ്ദവും മൂലം ബജാജ് ഫിനാന്‍സ് ഏരിയ മാനേജരായ തരുണ്‍ സക്‌സേന അത്മഹത്യ ചെയ്തത്. 45 ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പില്‍ തരുണ്‍ വെളിപ്പെടുത്തി.

ടാര്‍ഗെറ്റ് നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ശമ്പളം വെട്ടിക്കുറച്ചതായും തുടര്‍ച്ചയായി കമ്പനി അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഒരു പൊതുമേഖല ബാങ്കിലെ മാനേജരായ സുശാന്ത് ചക്രവര്‍ത്തി ഇന്നലെ മുംബൈയിലെ അടല്‍ സേതു പാലത്തില്‍ നിന്ന് ചാടി 
ആത്മഹത്യ ചെയ്തു. ഇതിന്റെ കാരണം ജോലി സമ്മര്‍ദമാണെന്ന് ഭാര്യ ആരോപിച്ചു.

ഏണസ്റ്റ് ആന്‍ഡ് യംഗിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദം മൂലം മരണപ്പെട്ടുവെന്ന വാര്‍ത്തകളുടെ അലയൊലികള്‍ അടങ്ങും മുമ്പാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലി സമ്മര്‍ദ്ദം മൂലമുള്ള ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
വര്‍ക്ക് ലൈഫ് ബാലന്‍സിനെ കുറിച്ച് സംസാരിക്കുമ്പോഴും പല കമ്പനികളിലും ജീവനക്കാര്‍ക്ക് ഉറങ്ങാന്‍ പോലും സമയം ലഭിക്കുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ചിലര്‍ അമിതമായ ടെന്‍ഷന്‍മൂലം മറ്റു ശരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുവഭിക്കുന്നു.
ജോലി മാത്രമല്ല വ്യക്തിജീവിതവും വളരെ പ്രധാനമാണെന്ന് തിരിച്ചറിയുകയും ജോലിയിലെ പരാജയമോ വിജയമോ ആകരുത് ജീവിതത്തിലെ സന്തോഷം നിര്‍ണയിക്കുന്ന കാര്യങ്ങള്‍ എന്നുമാണ് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മനസിന് സന്തോഷം തരുന്ന മറ്റ് കാര്യങ്ങള്‍ കണ്ടെത്താനും വ്യായാമം പോലുള്ളവ ജീവിതത്തിന്റെ ഭാഗമാക്കി മാനസിക സമ്മര്‍ദ്ദങ്ങളെ അതി ജീവിക്കാനും ഇവര്‍ ഉപദേശിക്കുന്നു.
Tags:    

Similar News