മക്കളെ മികച്ച പ്രൊഫഷണലുകളും വ്യക്തികളുമൊക്കെയാക്കാം; പഠിപ്പിച്ചോളൂ ഈ 5 നല്ല ശീലങ്ങള്‍

Update: 2019-11-09 11:00 GMT

തിരക്കു നിറഞ്ഞ തങ്ങളുടെ ജീവിതത്തില്‍ സംരംഭകര്‍ പേരന്‍റിംഗ് പാഠങ്ങള്‍ മറന്നു പോകരുത്. നിങ്ങള്‍ ഇന്നു പകര്‍ന്നു നല്‍കുന്ന ജീവിത പാഠങ്ങളാകും നാളെ നിങ്ങളുടെ മക്കള്‍ മികച്ച പ്രൊഫഷണലുകളും സംരംഭകരും വ്യക്തികളുമൊക്കെയാകാന്‍ ഇടയാകുന്നത്. ഇതാ മക്കളെ മികച്ച വ്യക്തികളാക്കാന്‍ പഠിപ്പിച്ചോളൂ ഈ നല്ല ശീലങ്ങള്‍

സഹവര്‍ത്തിത്വം

കുട്ടികളെ അവര്‍ മാത്രമാണ് പ്രധാനം എന്ന ചിന്ത ജനിപ്പിക്കരുത്. നമ്മളെപ്പോലെ തന്നെ കൂടെയുള്ളവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കുഞ്ഞിന് പറഞ്ഞ് പഠിപ്പിക്കണം. ഇത് അവന്‍റെ മുന്നോട്ടുള്ള ജീവിതത്തില്‍ മുതല്‍ക്കൂട്ടാകും. ഉന്നത വിദ്യാഭ്യാസത്തിലും ജോലിയിലും സംരംഭത്തിലുമെല്ലാം അവന്‍ പങ്കുവയ്ക്കല്‍ പഠിക്കട്ടെ. ഒന്നല്ലേയുള്ളു എന്നുപറഞ്ഞു മിഠായി കുഞ്ഞിനെ ഒറ്റയ്ക്ക് കഴിപ്പിച്ചു ശീലിപ്പിക്കരുത്. മുത്തശ്ശനും മുത്തശ്ശിക്കും കൂട്ടുകാര്‍ക്കുമൊക്കെ മിഠായികളും കഥാപുസ്തകങ്ങളും ഒക്കെ പങ്കുവയ്പ്പിച്ചു ശീലിപ്പിക്കുക. ഇത് സഹകരണം പഠിപ്പിക്കും, അനുകന്പയും.

ആത്മാഭിമാനം

കുട്ടികളെ വഴക്ക് പറയുമ്പോള്‍ അവരുടെ ആത്മാഭിമാനം മുറിപ്പെടുത്തുന്ന വാക്കുകള്‍ നിങ്ങള്‍ ഉപയോഗിക്കാറുണ്ടോ? അവരെ മറ്റു കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്ത് കുറ്റപ്പെടുത്താറുണ്ടോ? ഇതെല്ലാം അവരില്‍ ഏല്‍പ്പിക്കുന്ന മാനസ്സികക്ഷതം ആത്മാഭിമാനത്തെ വികലമാക്കും. നല്ലകാര്യങ്ങള്‍ക്കു അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവരില്‍ അഭിമാനബോധം ഉയര്‍ത്താന്‍ സഹായിക്കും.

സ്വാശ്രയത്വം

കുട്ടികളില്‍ സ്വാശ്രയബോധം വളര്‍ത്തേണ്ട ആവശ്യകതയെ കുറിച്ച് പറയുമ്പോള്‍ രക്ഷിതാക്കളുടെ മറു ചോദ്യം ഇതാണ്, അവന്‍ കുഞ്ഞല്ലേ വലുതാകുന്പോള്‍ പഠിച്ചോളും. ഓടിനടന്നു കളിച്ചു തുടങ്ങുന്ന പ്രായത്തില്‍ തന്നെ, കളിപ്പാട്ടങ്ങള്‍ കളികഴിഞ്ഞു തിരിച്ചു വയ്ക്കേണ്ട ഇടത്തു വയ്ക്കാന്‍ ശീലിപ്പിക്കാം. ഹോംവര്‍ക്ക് പ്രൊജക്റ്റുകള്‍ക്ക് സഹായിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതിന്‍റെ സമ്പൂര്‍ണ്ണ ചുമതല കുഞ്ഞിനു തന്നെയാവണം. ഇതുമാത്രമല്ല വൈകാരിക കാര്യങ്ങളിലും സ്വയം ആശ്വസിപ്പിക്കാനും പ്രശ്നങ്ങളെ നേരിടാനും ഉള്ള കരുത്തും കുഞ്ഞിനു പകര്‍ന്നു കൊടുക്കാന്‍ ശ്രദ്ധിക്കണം. ജീവിതത്തില്‍ എല്ലാ കാര്യവും എല്ലാകാലവും ചെയ്തു കൊടുക്കാന്‍ നിങ്ങള്‍ ഉണ്ടാവുകയില്ല എന്ന തിരിച്ചറിവാണ് ഇവിടെ പ്രധാനം. പ്രൊഫഷണലുകള്‍ക്ക് ഇന്ന് അവരുടെ ഇന്‍റര്‍വ്യൂകളില്‍ പോലും സ്വാശ്രയത്വത്തെക്കുറിച്ച് ചോദിക്കാറുണ്ട് ചില മള്‍ട്ടിനാഷണല്‍ കന്പനികള്‍.

കായികക്ഷമത

പറമ്പില്‍ ക്രിക്കറ്റ് കളിക്കുന്ന കുഞ്ഞിനെക്കാളും നമുക്ക് അഭിമാനം കംപ്യുട്ടറിലും ഐഫോണിലും ഗെയിം കളിയ്ക്കുന്ന കുഞ്ഞാണ്. ഇതിന്‍റെ ഫലമെന്നോണം വ്യായാമം എന്തെന്നറിയാത്ത മനസ്സുകളും ആരോഗ്യം എന്തെന്നറിയാത്ത ശരീരങ്ങളും പുതുതലമുറയുടെ അടയാളപ്പെടുത്തലുകളായി. സൈക്ലിംഗ്, സ്വിമ്മിംഗ്, യോഗ, പ്ലേഗ്രൗണ്ടിലെ ഓട്ടമുള്ള കളികള്‍, ഇതിനൊക്കെ അവരെ പ്രേരിപ്പിക്കുക. വീടിനടുത്തു പാര്‍ക്ക് ഉണ്ടെങ്കില്‍ പാര്‍ക്കില്‍ മറ്റു കുട്ടികളോടൊപ്പം കളിയ്ക്കാന്‍ പ്രത്യേകം സമയം അനുവദിക്കാം. ഇത് കായികക്ഷമതയോടൊപ്പം ആരോഗ്യപരമായ മത്സരബുദ്ധി, ലക്ഷ്യബോധം എന്നിവയും ഉണ്ടാക്കും.

ഉത്തരവാദിത്തബോധം

ചെറിയപ്രായം മുതല്‍ക്കുതന്നെ പ്രായത്തിനു അനുസരിച്ച് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യിപ്പിക്കാം. ടൈം ടേബിള്‍ അനുസരിച്ച് പുസ്തകം ബാഗില്‍ വയ്ക്കുക, കളിച്ചു കഴിഞ്ഞു കളിപ്പാട്ടം വയ്ക്കേണ്ട സ്ഥാനത്തു വയ്ക്കുക, ഉടുപ്പുകള്‍ മടക്കിവയ്ക്കുക എന്നിങ്ങനെ കുഞ്ഞിനു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അവരുടെ തന്നെ ഉത്തരവാദിത്തത്തില്‍ ചെയ്യാന്‍ അനുവദിക്കുക. ആഴ്ചയില്‍ ഒരു ദിവസം മാത്രം എന്തെങ്കിലും പ്രത്യേക കാര്യം മകനെക്കൊണ്ട് ഏറ്റെടുത്തു ചെയ്യിക്കുക. അത് അവന്‍ കൂടെ ഇഷ്ടപ്പെടുന്നതാകണം. എന്നിട്ട് അത് പതുക്കെ അവന്‍റെ ഉത്തരവാദിത്തമെന്നപോലെ ചെയ്യാന്‍ നിങ്ങളുടെ ഇടപെടല്‍ കുറയ്ക്കണം. മോണിറ്ററിംഗ് വേണമെന്നു മാത്രം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News