കാത്തിരിപ്പ് വെറുതെയായില്ല, ഇരുചക്ര ഇ.വികള്‍ക്ക്‌ ₹10,000 സബ്‌സിഡി തുടര്‍ന്നും ലഭിക്കും, പി.എം ഇ-ഡ്രൈവിന്റെ വിശദാംശങ്ങള്‍ അറിയാം

ഇലക്ട്രിക് വാഹനങ്ങൾക്കായി ₹10,900 കോടിയുടെ പദ്ധതിയാണ് കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്

Update:2024-09-13 12:29 IST

Image by Canva

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സബ്‌സിഡി പദ്ധതി നിലവില്‍ വരുന്നതോടെ വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ വില ആദ്യ വർഷം 10,000 രൂപ വരെ കുറയുമെന്ന് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രി എച്ച്.ഡി കുമാരസ്വാമി.

ഇരുചക്ര വാഹനങ്ങള്‍ക്ക് പരമാവധി 10,000 രൂപ

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് ആദ്യ വര്‍ഷം കിലോവാട്ടിന് 5,000 രൂപയാണ് സബ്‌സിഡി. ഒരു വാഹനത്തിന് പരമാവധി 10,000 രൂപ വരെയാണ് ലഭിക്കുക. രണ്ടാം വര്‍ഷം കിലോവാട്ടിന് 2,500 രൂപയും ഒരു വാഹനത്തിന് പരമാവധി 10,000 രൂപയും സബ്‌സിഡി ലഭിക്കും. 
സാധാരണ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി മൂന്ന് മുതല്‍ നാല് കിലോവാട്ട് വരെയൊണ്. നാല് കിലോവാട്ടുള്ള വാഹനത്തിന്   പരമാവധി 10,000 രൂപയായിരിക്കും സബ്‌സിഡി ആയി ലഭിക്കുക. ആദ്യ വർഷത്തിന് ശേഷം വാങ്ങുന്നവർക്ക് കുറഞ്ഞ സബ്സിഡി ആകും ലഭിക്കുക. 
മന്ത്രി ഇതേ കുറിച്ച് പറഞ്ഞെങ്കിലും ഔദ്യോഗികമായ രേഖകള്‍ പുറത്തു വന്നിട്ടില്ല.

മുച്ചക്ര വാഹനങ്ങള്‍ക്ക് ആദ്യ വര്‍ഷം കിലോവാട്ടിന് 50,000 രൂപ വരെയും രണ്ടാം വര്‍ഷം 25,000 രൂപ വരെയുമാണ് സബ്‌സിഡി. അതേസമയം വൈദ്യുത ബസുകള്‍ക്കുള്ള സബ്‌സിഡിയെ കുറിച്ച് വ്യക്തതയായിട്ടില്ല.

₹10,900 കോടിയുടെ പദ്ധതി

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പി.എം ഇലക്ട്രിക് ഡ്രൈവ് റവലൂഷന്‍ ഇന്‍ ഇന്നവേറ്റീവ് വെഹിക്കിള്‍ എന്‍ഹാന്‍സ്‌മെന്റ് (പി.എം ഇ-ഡ്രൈവ്) എന്ന പദ്ധതി അവതരിപ്പിച്ചത്. രണ്ട് വര്‍ഷത്തേക്ക് വൈദ്യുതി വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ 10,900 കോടി രൂപയാണ് പദ്ധതി പ്രകാരം നീക്കിവച്ചിരിക്കുന്നത്. പദ്ധതി വഴി 24.79 ലക്ഷം ഇരുചക്ര വൈദ്യുത വാഹനങ്ങള്‍ക്കും 3.16 ലക്ഷം വൈദ്യുത മുച്ചക്ര വാഹനങ്ങള്‍ക്കും 14,028 വൈദ്യുത ബസുകള്‍ക്കും സബ്‌സിഡി ലഭ്യമാകും.
ഇലക്ട്രിക് കാറുകളെയും ഹൈബ്രിഡ് വാഹനങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് കാറുകള്‍ക്ക് 5 ശതമാനമെന്ന കുറഞ്ഞ ജി.എസ്.ടിയാണ് ഈടാക്കുന്നതെന്നതാണ് ഇതില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കാരണമായി പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഓട്ടോ പി.എല്‍.ഐ പദ്ധതിയുടെ നേട്ടവും ഇലക്ട്രിക് കാറുകള്‍ക്ക് ലഭിക്കുന്നുണ്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ നിരത്തില്‍ 15% വൈദ്യുത വാഹനങ്ങള്‍

പദ്ധതി കാലാവധിക്കുള്ളില്‍ ഇരുചക്ര വൈദ്യുത വാഹനങ്ങളില്‍ 15 ശതമാനവും മുച്ചക്ര വൈദ്യുത വാഹനങ്ങളില്‍ 10 ശതമാനവും വ്യാപനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
മൊത്തം പദ്ധതി വിഹിതത്തില്‍ 4,391 കോടി രൂപ ഇലക്ട്രിക് ബസുകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 1,772 കോടി രൂപ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കും 907 കോടി രൂപ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ക്കുമാണ്. ഇതു കൂടാതെ ഹൈബ്രിഡ് ആംബുലന്‍സുകള്‍ക്കായി 500 കോടി വകയിരുത്തിയിട്ടുണ്ട്.

ഇ-വൗച്ചറുകള്‍ വഴി

വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പദ്ധതിയുടെ നേട്ടം ലഭ്യമാക്കാനായി ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം ഇ-വൗച്ചറുകള്‍ അവതരിപ്പിക്കും. വാഹനം വാങ്ങുന്ന സമയത്ത് സ്‌കീം പോര്‍ട്ടല്‍ വഴി ആധാര്‍ അധിഷ്ഠിതമായ ഇ-വൗച്ചറുകള്‍ ലഭ്യമാക്കും. ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം വാങ്ങുന്നവര്‍ക്ക് സബ്‌സിഡി ചോര്‍ച്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇ-വൗച്ചറുകള്‍.

ചാര്‍ജിംഗ് സ്റ്റേഷനുകള്‍

ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പദ്ധതി പ്രാധാന്യം നല്‍കുന്നുണ്ട്. ഇലക്ട്രിക് കാറുകള്‍ക്കായി 22,100 ഫാസ്റ്റ് ചാര്‍ജറുകള്‍ പദ്ധതി പ്രകാരം സ്ഥാപിക്കും. ഇലക്ട്രിക് ബസുകള്‍ക്കായി 1,800 ഫാസ്റ്റ് ചാര്‍ജറുകളും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കായി 48,400 ഫാസ്റ്റ് ചാര്‍ജറുകളും സ്ഥാപിക്കും. 2,000 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.

ഫെയിമിന്റെ പിന്മുറ പദ്ധതി 

2024 മാര്‍ച്ച് 31ന് കാലാവധി കഴിഞ്ഞ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് (ഹൈബ്രിഡ്) ഇലക്ട്രിക് വെഹിക്കിള്‍സ്- ഫെയിം രണ്ടിന് പകരമായാണ് പി.എം ഇ-ഡ്രൈവ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഫെയിം പദ്ധതി പ്രകാരം 13,21,800 വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കി. 11,500 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്. ഇക്കാലയളവില്‍ പക്ഷെ, 2,700 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ മാത്രമമാണ് സ്ഥാപിച്ചത്.
ഫെയിം രണ്ടിന്റെ കാലാവധി അവസാനിച്ചതിനു ശേഷം 500 കോടി രൂപയുടെ ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 (ഇ.എം.പി.എസ്) എന്ന താത്കാലിക പദ്ധതി നടപ്പാക്കിയിരുന്നു. സെപ്റ്റംബര്‍ 31 വരെയാണ് അതിന്റെ കാലാവധി. ഇ.എം.പി.എസ് പ്രകാരവും ഇരുചക്ര വാഹനങ്ങള്‍ക്ക് കിലോവാട്ടിന് 5,000 രൂപയും വാഹനത്തിന് പരമാവധി 10,000 രൂപയുമാണ്. ആദ്യ വര്‍ഷത്തിനു ശേഷം ഇത് പകുതിയായി കുറയുകയും ചെയ്യും. മുച്ചക്ര വാഹനങ്ങള്‍ക്കും ഇ.എം.പി.എസിന്റെ അതേ നിരക്കില്‍ തന്നെയാണ് സബ്‌സിഡി.

Tags:    

Similar News