പദ്ധതികളുടെ നിര്‍വഹണം; ഇത് ശ്രീധരന്‍ ഇന്ദ്രജാലം

Update: 2019-10-02 06:30 GMT

റോഡും പാലവുമൊക്കെ സമയ ബന്ധിതമായി പണി പൂര്‍ത്തിയാക്കി കാണുന്ന ശീലം പൊതുവേ മലയാളികള്‍ക്കില്ല. നിശ്ചയിച്ച കരാര്‍ തുകയില്‍ നിര്‍മാണം തീരുന്ന കഥയും കേട്ടുകേള്‍വിമാത്രം. പക്ഷേ രണ്ട് പദ്ധതികളുടെ നിര്‍മാണ പൂര്‍ത്തീകരണം മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. കൊച്ചിയിലെ പച്ചാളം റെയില്‍വേ മേല്‍പ്പാലവും ഇടപ്പള്ളി ഫ്‌ളൈ ഓവറുമായിരുന്നു അത്.

എസ്റ്റിമേറ്റ് തുകയേക്കാള്‍ 13 കോടിരൂപ കുറച്ചാണ് പച്ചാളം റെയില്‍വേ മേല്‍പ്പാലം പണി പൂര്‍ത്തിയാക്കിയത്. ഇടപ്പള്ളിഫ്‌ളൈ ഓവറിന്റെ എസ്റ്റിമേറ്റ് തുക 49 കോടി രൂപയായിരുന്നെങ്കിലും അത് നിര്‍മാണം പൂര്‍ത്തിയാക്കിയത് 11 കോടി രൂപ കുറച്ച് 38 കോടി രൂപയിലും!

ഇതിനു രണ്ടിനു പിന്നിലും പ്രവര്‍ത്തിച്ചത് ഒരേ കരങ്ങളായിരുന്നു. ഡെല്‍ഹി മെട്രോ റെയ്ല്‍ കോര്‍പ്പറേഷന്‍ - ഡി.എം.ആര്‍.സി.എങ്ങനെ ഡി.എം.ആര്‍.സിക്ക് ഇത് സാധ്യമാകുന്നു? ഈ ചോദ്യം കേട്ട് ഡി.എം.ആര്‍.സിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തിരിച്ചു ചോദിച്ചു; അതിന്റെ കാരണം ഇതുവരെ മനസിലായില്ലേ? ഇ. ശ്രീധരന്‍ എന്ന ഇന്ത്യയുടെ മെട്രോമാന്റെ സാന്നിധ്യവും പ്രവര്‍ത്തന ശൈലിയും. അസാധ്യമെന്ന് പൊതുവേ കരുതുന്ന കാര്യങ്ങള്‍ സാധ്യമാക്കുന്ന പ്രവര്‍ത്തനശൈലിയാണ് ശ്രീധരന്റേത്. ആ പ്രവര്‍ത്തനശൈലിയുടെ പൊരുള്‍ ഇതൊക്കെയാണ്.

1. കൃത്യനിഷ്ഠ: കണിശമായ നിര്‍വഹണമാണ് ശ്രീധരന്റെ പ്രവര്‍ത്തനശൈലിയുടെ കാതല്‍. ഇവിടെയും അത് ആവര്‍ത്തിച്ചു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല. പണി പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം ശേഷിക്കുന്നുവെന്ന് കാണിക്കുന്ന റിവേഴ്‌സ് ക്ലോക്ക് ശ്രീധരന്‍
എന്നും സ്ഥാപിക്കാറുണ്ട്. സമയത്ത് ജോലി തീര്‍ക്കാനുള്ള മുന്നറിയിപ്പാണിത്. സമരം, ഹര്‍ത്താല്‍ എന്നിവ മൂലം പ്രവൃത്തിദിവസം നഷ്ടമാക്കാതെ ശ്രദ്ധിക്കണം. സമയനിഷ്ഠ പാലിക്കാന്‍ രാത്രിയിലും ജോലികള്‍ നിര്‍ബാധം നടത്തും. കൃത്യമായ ലക്ഷ്യം നിശ്ചയിച്ചാണ് നിര്‍മാണ ജോലികള്‍ മുന്നോട്ടു നീക്കുന്നത്. പാഴ്‌ചെലവുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഓരോഘട്ടത്തിലും ഡെഡ് ലൈന്‍ കൃത്യമായി പാലിക്കും. നിര്‍മാണ കരാര്‍ നല്‍കുന്ന കമ്പനിക്ക് കൃത്യവും വ്യക്തവുമായ നിര്‍ദേശമാണ് ഡി.എം.ആര്‍.സിയില്‍ നിന്ന് നല്‍കുന്നത്.

2. സത്യനിഷ്ഠ: ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനശൈലിയാണ് ഡി.എം.ആര്‍.സിയുടേത്. ഇതില്‍ നിന്ന് വ്യതിചലിച്ച് ഒന്നും ഡി.എം.ആര്‍.സിയില്‍ നിന്ന് പ്രതീക്ഷിക്കരുതെന്ന കൃത്യമായ സന്ദേശം ഇവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തുന്നതിനാല്‍, ഡി.എം.ആര്‍.സിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും അത്തരമൊരു ശൈലി പിന്തുടരാന്‍ നിര്‍ബന്ധിതരാകും.

3. പ്രൊഫഷണല്‍ മികവ്: ചെയ്യേണ്ട ജോലി നന്നായി ചെയ്യാനറിയുന്ന ടീമിനെയാണ് ശ്രീധരന്‍ വിന്യസിക്കുക. പ്രൊഫഷണല്‍ മികവില്ലാത്ത ടീം ജോലി ചെയ്താല്‍ സമയബന്ധിതമായി അത് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ ഏത് ജോലിക്കും ഏറ്റവും മികവുറ്റവരെ തന്നെയാണ് ശ്രീധരന്‍ വിന്യസിക്കുക. ഈ പ്രൊഫഷണലുകള്‍ ഓഫീസ് സമയം അടിസ്ഥാനമാക്കിയല്ല ജോലി ചെയ്യുക. ഏത് സമയവും ഏത് കാര്യത്തിനും ഇവര്‍ തന്നെ മുന്നിലുണ്ടാകും. ഇങ്ങനെ സുസജ്ജമായ ടീമിനെ വാര്‍ത്തെടുക്കാനും തന്നോടൊപ്പം നടത്താനും ശ്രീധരന് സാധിക്കുന്നു. അവരെ പ്രചോദിപ്പിക്കുന്നത് ശ്രീധരന്റെ നേതൃഗുണവും വ്യക്തിപ്രഭാവവുമാണ്. ജോലിക്ക് അനുയോജ്യരായവരെ തന്നെ നിയമിക്കുക എന്നത് ഏതൊന്നിന്റെയും വിജയത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് ശ്രീധരന്‍ ഇതിലൂടെ തെളിയിക്കുകയാണ്.

4. സാമൂഹ്യ പ്രതിബദ്ധത: രാജ്യത്തെ നികുതി ദായകന്റെ, ഓരോ പൗരന്റെയും പണമാണ് തങ്ങള്‍ ചെലവിടുന്നതെന്ന കൃത്യമായ ധാരണ ഡി.എം.ആര്‍.സിക്കുണ്ട്. അതുകൊണ്ട് തന്നെ ഒരു പദ്ധതിയുടെ പ്രാരംഭഘട്ടം മുതല്‍ ചെലവ് ചുരുക്കുന്നതിനുള്ള നടപടികള്‍ ശ്രീധരന്‍ സ്വീകരിച്ചിരിക്കും. അതാണ് എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറവില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ഒരു ഘടകം.

ഉദാഹരണത്തിന് ഇടപ്പള്ളി ഫ്‌ളൈ ഓവറിന്റെ രൂപകല്‍പ്പന തന്നെ ചെലവു കുറഞ്ഞ രീതിയിലുള്ള നിര്‍മാണം ഉറപ്പാക്കുന്നതാണ്. ഓരോ രൂപകല്‍പ്പനയും മൂല്യനിര്‍ണയം ചെയ്യുമ്പോള്‍ അതിന്റെ ചെലവ് ഒരു മാനദണ്ഡം തന്നെയാണ്. മാത്രമല്ല നിര്‍മാണം നടക്കുന്ന വേളയില്‍ ജനങ്ങള്‍ക്ക് പരമാവധി അസൗകര്യം ഇല്ലാതെ നോക്കുകയും ചെയ്യും. മരങ്ങള്‍ മുറിക്കേണ്ടിവന്നാല്‍ പകരം പതിന്മടങ്ങ് മരങ്ങള്‍ വെച്ചുപിടിപ്പിക്കും. ഈ ധാര്‍മിക മൂല്യം ഡി.എം.ആര്‍.സിയുടെ പദ്ധതി നിര്‍വഹണത്തെ വേറിട്ടു നിര്‍ത്തുകയും ചെയ്യുന്നു.

സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാകട്ടെ എന്നിട്ടു തുടങ്ങാം നിര്‍മാണ പ്രവര്‍ത്തനം എന്ന ശൈലിയൊന്നും ശ്രീധരനും ഡി.എം.ആര്‍.സിക്കുമില്ല. പദ്ധതിയുടെ പിന്നണി പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ടുകൊണ്ടുപോകും. സ്ഥലം ഏറ്റെടുത്ത് കൈമാറുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.

Similar News