ലോക്ഡൗണില്‍ 'ഡൗണ്‍' ആകല്ലേ... സമ്മര്‍ദ്ദം അകറ്റാന്‍ ഗൂഗിളിന്റെ ടിപ്പ്‌സ്

Update: 2020-04-18 02:30 GMT

അങ്ങനെ നാം ലോക്ഡൗണിന്റെ 24ാം ദിവസത്തിലേക്ക് എത്തിയിരിക്കുന്നു. 15ന് അവസാനിക്കുമെന്ന് വിചാരിച്ച ലോക്ഡൗണ്‍ വീണ്ടും നീട്ടിയിരിക്കുന്നു. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്നതിനൊപ്പം ആഗോളതലത്തില്‍ സാമ്പത്തികപ്രതിസന്ധി കൊടുമ്പിരി കൊണ്ടിരിക്കുന്നു. പലര്‍ക്കും വരുമാനമാര്‍ഗങ്ങള്‍ നിലച്ചിരിക്കുന്നു. സ്ഥാപനങ്ങള്‍ വന്‍ നഷ്ടം നേരിടുന്നു. പുറത്തിറങ്ങാനോ സുഹൃത്തുക്കളോ കാണാനോ പറ്റാതെ വീട്ടില്‍ തന്നെയിരിക്കേണ്ട സാഹചര്യം. 

ഈ ഘട്ടത്തില്‍ ഭയം, നിരാശ, ഉല്‍കണ്ഠ, കടുത്ത മാനസികസമ്മര്‍ദ്ദം എന്നിവയുണ്ടാകുന്നത് സ്വാഭാവികമാണ്. വെല്ലുവിളിയുണര്‍ത്തുന്ന ഈ ഘട്ടത്തില്‍ എങ്ങനെ സമ്മര്‍ദ്ദത്തെ നേരിടാം? മാനസികസമ്മര്‍ദ്ദം അകറ്റാന്‍ ട്വിറ്ററില്‍ ഗൂഗിള്‍ ഇന്ത്യ അഞ്ച് മാര്‍ഗങ്ങള്‍ പങ്കുവെച്ചിരുന്നു. ആ ടിപ്പ്‌സ് നമുക്കും പ്രയോജനപ്പെടുത്താം.

1. വെറുതെയിരിക്കരുത്

ടെന്‍ഷന്‍ മാറ്റാനായി എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. പാട്ടുപാടാം, വ്യായാമം ചെയ്യാം, നൃത്തം ചെയ്യാം... ഇങ്ങനെ ദിവസം മുഴുവന്‍ പ്രവര്‍ത്തനനിരതമായിരിക്കാന്‍ സഹായിക്കുന്ന ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക.

2. വസ്തുതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

വിശ്വസനീയമായ സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകളെ മാത്രമേ ആശ്രയിക്കാവൂ. സെന്‍സേഷണല്‍ വാര്‍ത്തകള്‍ പരമാവധി ഒഴിവാക്കുക. അവ നിങ്ങളുടെ ഭീതി കൂട്ടൂം.

3. അകലം പാലിക്കുക

അകലം പാലിക്കേണ്ടത് പ്രധാനമായും നെഗറ്റീവ് ചിന്തകളില്‍ നിന്നാണ്. ടെന്‍ഷന്‍ വരുമ്പോള്‍ പതിയെ ഏകാഗ്രമായി ശ്വാസോച്ഛ്വാസം ചെയ്യുക. അല്ലെങ്കില്‍ 10 മുതല്‍ ഒന്ന് വരെ പിന്നോട്ട് എണ്ണുക.

4. ചോദ്യങ്ങള്‍ ചോദിക്കുക

ഭയം വരുമ്പോള്‍ നിങ്ങളോട് തന്നെ ചില ചോദ്യങ്ങള്‍ ചോദിക്കണം. ഇക്കാര്യം എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതാണോ? മാനസികസമ്മര്‍ദ്ദത്തെ ഞാന്‍ മുമ്പ് എങ്ങനെയാണ് നേരിട്ടുകൊണ്ടിരുന്നത്? എങ്ങനെ എനിക്ക് എന്നെ പൊസിറ്റീവാക്കി നിലനിര്‍ത്താനാകും?

5. വീട്ടിലിരിക്കണം, പക്ഷെ സംസാരിക്കാം

ഈ സാഹചര്യത്തില്‍ നമുക്ക് വീട്ടിലിരുന്നേ പറ്റൂ. എന്നാല്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരുമായി ടെക്‌നോളജി ഉപയോഗിച്ച് കാണുകയും സംസാരിക്കുകയും ചെയ്യാം. തിരക്കുകൊണ്ടും മറ്റും നിങ്ങള്‍ ഏറെക്കാലം ബന്ധപ്പെടാതിരുന്ന ആരെയെങ്കിലും ഇന്ന് തന്നെ വിളിച്ച് ഒരു സര്‍പ്രൈസ് കൊടുക്കൂ. ദിവസവും ഓരോരുത്തരെ അത്തരത്തില്‍ വിളിച്ചാല്‍ തന്നെ നിങ്ങളുടെ മൂഡ് മെച്ചപ്പെടില്ലേ?

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഒരു സൈക്കോ-സോഷ്യല്‍ ടോള്‍ ഫ്രീ നമ്പര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കൊറോണവൈറസിന്റെ സാഹചര്യത്തില്‍ മാനസികപ്രയാസങ്ങള്‍ക്ക് ഒരു പ്രൊഫഷണല്‍ സഹായം ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍ 08046110007 എന്ന നമ്പറില്‍ വിളിക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News