ചെറുകിട സംരംഭകർക്ക് ബിസിനസ് വളർത്താം, 'ലിങ്ക്ഡ് ഇൻ' ലൂടെ

Update: 2018-06-02 17:55 GMT

സാധാരണ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്നും വളരെ വ്യത്യസ്‍തമായ ഒന്നാണ് ലിങ്ക്ഡ് ഇൻ (LinkedIn). ഇതൊരു പ്രൊഫഷണൽ നെറ്റ് വർക്കിംഗ് പ്ലാറ്റ് ഫോമാണ്. പ്രധാനമായും കമ്പനികളും ഉദ്യോഗാർഥികളും തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്താനും കണ്ടെത്താനുമാണ് ലിങ്ക്ഡ് ഇൻ ഉപയോഗിക്കാറ്.

എന്നാൽ, ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് (SME) ബിസിനസ് അവസരങ്ങൾ നേടിയെടുക്കാൻ ഇതിനെ പ്രയോജനപ്പെടുത്താം. പക്ഷെ അതിന്റെ മുഴുവൻ സാധ്യതകളും മനസിലാക്കി ഉപയോഗിക്കണം എന്നുമാത്രം.

ലോകത്താകെ 50 കോടിയിലധികം ആളുകളാണ് ഈ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നത്. സ്മാർട്ടായി ഉപയോഗിച്ചാൽ, ലിങ്ക്ഡ് ഇൻ വഴി നിങ്ങളുടെ കമ്പനിയെപ്പറ്റി അവബോധം സൃഷ്ടിക്കാനും, പുതിയ ബിസിനസ് അസ്സോസിയേറ്റ്സിനെയും നിക്ഷേപകരെയും കണ്ടെത്താനും അങ്ങിനെ ക്രമേണ ബിസിനസ് വളർത്താനും കഴിയും.

ലിങ്ക്ഡ് ഇൻ എങ്ങിനെ സഹായിക്കും?

നിങ്ങളുടെ സെയിൽസ് ടീമിന്, കോടിക്കണക്കിന് വരുന്ന ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ പരിശോധിച്ച് അതിൽ നിന്നും തെരഞ്ഞെടുത്തവരെ ഉൾപ്പെടുത്തി ഒരു 'ടാർഗറ്റ് ഗ്രൂപ്പ്' ഉണ്ടാക്കാൻ സാധിക്കും. ഇതിന് നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയാണ്?

കമ്പനി പ്രൊഫൈൽ ഉണ്ടാക്കുക

www.linkedin.com എന്ന വെബ്സൈറ് വഴിയോ മൊബീൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ ലിങ്ക്ഡ് ഇൻ എക്കൗണ്ട് തുറക്കാം. അതിനുശേഷം ഒരു 'കമ്പനി പേജ്' നിർമിക്കണം. ഇതിൽ കമ്പനിയുടെ വിശദാംശങ്ങൾ, പ്രധാന നാഴികക്കല്ലുകൾ, കോൺടാക്ട് നമ്പർ എന്നിവ നൽകിയിരിക്കണം. ഈ പേജിലൂടെ നമുക്ക് 'സ്റ്റാറ്റസ് അപ്ഡേറ്റ്സ്' നല്കാൻ കഴിയും. ഇത് ടെക്സ്റ്റ് ആയോ, വീഡിയോ, ചിത്രങ്ങൾ, സ്ലൈഡ് ഷെയർ എന്നിവയായോ പോസ്റ്റ് ചെയ്യാം.

ബന്ധങ്ങൾ വളർത്തുക

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെപ്പോലെ നെറ്റ് വർക്കിംഗ് സൗകര്യവും ലിങ്ക്ഡ് ഇൻ നൽകുന്നുണ്ട്. സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും മാത്രമല്ല ഒരേ രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുമായും ബിസിനസ് സംരംഭകരുമായും ബന്ധം സ്ഥാപിക്കാൻ ഇത് സഹായിക്കും.

ബ്രാൻഡ് ഇമേജ് സ്ഥാപിച്ചെടുക്കുക

നല്ല ഒരു ഓൺലൈൻ പ്രതിച്ഛായ ഉണ്ടാക്കിയെടുക്കണം. കമ്പനിയുടെ പ്രവർത്തന രംഗത്തെ പരിജ്ഞാനം, നേട്ടങ്ങൾ എന്നിവ വ്യക്തമായി പ്രൊഫൈലിൽ നൽകിയിരിക്കണം. ഒരു പ്രൊഫൈൽ ചിത്രം നൽകുന്നത് കൂടുതൽ പ്രൊഫൈൽ വ്യൂസ് ലഭിക്കാൻ സഹായിക്കും. കമ്പനിയുടെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവരുടെ വ്യക്തിഗത പ്രൊഫൈലുകളും വളരെ പ്രധാനമാണ്.

കമ്പനിയുടെ വെബ്സൈറ്റ്, ഇമെയിൽ സിഗ്നേച്ചറുകൾ, ന്യൂസ് ലെറ്ററുകൾ എന്നിവ ലിങ്ക്ഡ് ഇൻ പ്രൊഫൈലുമായി ബന്ധിപ്പിക്കാം. അതുപോലെ മറ്റ് സോഷ്യൽ മീഡിയ എക്കൗണ്ടുകളും ഇതുമായി യോജിപ്പിക്കാം.

ഉചിതമായ ലേഖനങ്ങൾ പോസ്റ്റ് ചെയ്യുക

നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ലേഖനങ്ങൾ ലിങ്ക്ഡ് ഇനിൽ പോസ്റ്റ് ചെയ്യാം. വിഡിയോകളും ഇത്തരത്തിൽ പങ്കുവെയ്ക്കാം. ഇത് കൂടുതൽ ആളുകളെ നിങ്ങളുടെ പ്രൊഫൈലിലേക്ക് ആകർഷിക്കും. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ ലേഖനങ്ങളും ആശയങ്ങളും നിങ്ങൾ ലക്ഷ്യം വയ്ക്കുന്ന വിഭാഗത്തിന് (target audience) കൂടി പ്രസക്‌തിയുള്ളതായിരിക്കണം.

ലിങ്ക്ഡ് ഇൻ ഗ്രൂപ്പുകളിൽ പങ്കെടുക്കുക

നിങ്ങൾക്ക് അനുയോജ്യമായ ഗ്രൂപ്പുകൾ അഥവാ കമ്മ്യൂണിറ്റികൾ തെരഞ്ഞെടുത്ത് അതിൽ സജീവ പങ്കാളികളാകാം. ഈ ഗ്രൂപ്പുകളിൽ നിങ്ങളുടെ ലേഖനങ്ങളോ ബ്ലോഗുകളോ ഷെയർ ചെയ്യാൻ സാധിക്കും. നിങ്ങളുടെ ബിസിനസിനെ സംബന്ധിച്ച പ്രധാന സന്ദേശങ്ങളും ഈ കമ്മ്യൂണിറ്റികളിൽ കൂടി പങ്കുവെയ്ക്കാം. ഇതിലൂടെ കൂടുതൽ നെറ്റ് വർക്കിംഗ് അവസരങ്ങൾ ലഭിക്കും.

സബ്‌സ്‌ക്രിപ്ഷൻ (പെയ്‌ഡ്‌) സേവനങ്ങൾ

കമ്പനിയുടെ പ്രൊഫൈൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ പെയ്ഡ് സേവങ്ങൾക്ക് കഴിയും.

കമ്പനി അപ്ഡേറ്റുകൾ സ്പോൺസർ ചെയ്യുകയാണ് ഒരു വഴി. ഇങ്ങനെ സ്പോൺസർ ചെയ്യുന്ന കമ്പനി അപ്ഡേറ്റുകൾ (ലേഖനങ്ങൾ, ബ്ലോഗുകൾ, വീഡിയോകൾ എന്നിവ) നാം ലക്ഷ്യം വയ്ക്കുന്ന തരത്തിലുള്ള ലിങ്ക്ഡ് ഇൻ അംഗങ്ങളുടെ ഹോം പേജിൽ കാണിക്കും.

കമ്പനി പേജിനൊപ്പം ഒരു കരിയർ പേജ് കൂടി ചേർക്കുന്നത് മികച്ച ഉദ്യോഗാർത്ഥികളെ തേടാൻ കമ്പനിക്ക് സഹായകരമാകും. ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ടുള്ള പരസ്യങ്ങളും നല്കാൻ കഴിയും. 'ലിങ്ക്ഡ് ഇൻ ജോബ് സ്ലോട്സ്' സേവനം ഉപയോഗിച്ച് ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യാം.

ഇൻ മെയിൽ

ഇൻ മെയിൽ ഉപയോഗിച്ച് ഏതൊരു ലിങ്ക്ഡ് ഇൻ ഉപയോക്താവിനും മറ്റൊരു ഉപയോക്താവിന് സന്ദേശം അയക്കാൻ സാധിക്കും. ഒരു ആമുഖമോ കോൺടാക്ട് വിവരങ്ങളോ ഇല്ലാതെ സന്ദേശങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും.

Similar News