കേരളത്തിലെ ബിസിനസുകാര്‍ പറയുന്നു; കൊറോണ കാലത്ത് ഞങ്ങളുടെ ബിസിനസ് മാനേജ്‌മെന്റ് ഇങ്ങനെ

Update: 2020-03-23 09:52 GMT

കൊറോണ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ ബിസിനസ് മേഖലയക്കും വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യവും ഒന്നിനു പിന്നാലെ ഒന്നായുള്ള പ്രളയം പോലുള്ള പ്രതിസന്ധികളും ബിസിനസ് സാഹചര്യങ്ങളെ കൂടുതല്‍ മോശമാക്കുന്ന കാലഘട്ടത്തിലാണ് ഇന്ന് സംരംഭക സമൂഹം. അതിനു പിന്നാലെയാണ് കൊറോണയും. ഇന്ത്യയിലെ പ്രധാന ബിസിനസ് സ്ഥാപനങ്ങളെല്ലാം അടച്ചു പൂട്ടലിന്റെ പാതയിലാണ്. ഈ അവസരത്തില്‍ കേരളത്തിലെ ബിസിനസുകാര്‍ എങ്ങനെയാണ് കൊറോണ കാലത്തെ നേരിടുന്നത്. എന്തെല്ലാം മാര്‍ഗങ്ങളാണ് ഈ ആപത്ഘട്ടത്തില്‍ കമ്പനികള്‍ കൈക്കൊണ്ടിരിക്കുന്നത്. ധനം ഓണ്‍ലൈന്‍ നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ പ്രമുഖ ബിസിനസ് സാരഥികള്‍ പ്രതികരിക്കുന്നു.

അവര്‍ക്കിപ്പോള്‍ മാനസിക പിന്തുണയാണ് വേണ്ടത്

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, സ്ഥാപക ചെയര്‍മാന്‍, വി-ഗാര്‍ഡ് ഗ്രൂപ്പ്

ജീവനക്കാരില്‍ പലരും സെല്‍ഫ് ക്വാറന്റീനിലാണ്. ഒരു സ്‌കെലിറ്റന്‍ രൂപത്തിലാണ് കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസില്‍ എത്തി ജോലി ചെയ്യുന്നവരുടെ ഘടന വല്ലാതെ മാറി, ഇലക്ട്രോണിക്‌സ് & സെര്‍വര്‍ ജോലിക്കാര്‍, സെക്യുരിറ്റി അത്തരത്തില്‍ ചുരുങ്ങിയിട്ടുണ്ട്. ഭൂരിഭാഗം മാനേജര്‍മാരും വര്‍ക്ക് ഫ്രം ഹോം എടുത്തിരിക്കുകയാണ്. കമ്പനിയില്‍ മുമ്പ് തന്നെ വര്‍ക്കം ഫ്രം ഹോം കള്‍ച്ചര്‍ പ്രോത്സാഹിപ്പിച്ചിരുന്നതിനാല്‍ മാനേജീരിയല്‍ തസ്തികയിലുള്ളവര്‍ക്ക് അത് വളരെ പരിചിതമാണ്. അതിനാല്‍ തന്നെ സെയ്ല്‍സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള മറ്റു ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും അഴര്‍ക്ക് കഴിയുന്നു. പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ പല സംസ്ഥാനങ്ങളിലായിട്ടായിരിക്കുന്നതിനാല്‍ അതാത് സംസ്ഥാനങ്ങളിലെ നിയമനിര്‍ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് ജോലി ചെയ്യുന്നത്. ഡിമാന്‍ഡ് വന്‍ തോതില്‍ കുറഞ്ഞിട്ടുള്ളതിനാല്‍ പ്രൊഡക്ഷനും താല്‍ക്കാലികമായി കുറച്ചിട്ടുണ്ട്. വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സിന്റെ കാര്യത്തിലാണെങ്കില്‍ അടുത്തെങ്ങും ശുഭ പ്രതീക്ഷകള്‍ കാണുന്നില്ല. ആളുകള്‍ പുതിയ ബുക്കിംഗുകള്‍ ഉടന്‍ ചെയ്യില്ല, സാഹചര്യങ്ങള്‍ അത്ര മോശമാണല്ലോ. നിലവിലുള്ള ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മികച്ച രീതിയിലാക്കലാണ് വീണ്ടും ചെയ്യാന്‍ ശ്രമിക്കുന്നത്. വി സ്റ്റാര്‍ ഇപ്പോള്‍ ഡിജിറ്റല്‍ ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ജീവനക്കാര്‍ക്ക് മാനസികമായ പിന്തുണ നല്‍കാനാണ് ഈ സമയം കൂടുതല്‍ ചെലവിടുന്നത്. പലരുമായും എന്നും വിഡിയോ ചാറ്റും മറ്റും നടത്തുന്നുണ്ടെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ക്കൊപ്പം കുശലാന്വേഷണം നടത്താനും ധൈര്യം പകരാനുമൊക്കെ ശ്രദ്ധിക്കുന്നു. വാര്‍ത്തകളും സോഷ്യല്‍ മീഡിയ അപ്‌ഡേഷനുകളും അറിഞ്ഞു കൊണ്ടേ ഇരിക്കുന്നു. വായനയുണ്ട്. അവശ്യ സഹായങ്ങളും വിവരങ്ങള്‍ ഫോര്‍വേഡ് ചെയ്യലുമെല്ലാമുണ്ട്. ഈ പ്രതിസന്ധി പല ജീവനക്കാരും ആദ്യമായാണ് അഭിമുഖീകരിക്കുന്നത്. അതിനാല്‍ തന്നെ സ്ഥാപനം അവരുടെ കൂടെ ഉണ്ടെന്ന തോന്നല്‍ വളരെ പ്രധാനമാണെന്നു വിശ്വസിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം. ബിസിനസുകളെ പിന്തുണച്ച് കൊണ്ട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വരും ദിവസങ്ങളില്‍ നല്ല തീരുമാനങ്ങള്‍ പുറത്തു വരട്ടെ എന്ന ശുഭാപ്തി വിശ്വാസമാണ് ഉള്ളത്.

ഫോണ്‍, വീഡിയോ കോള്‍, പക്ഷേ ഇത് എന്നുവരെ

ഡോ. എ വി അനൂപ്, മാനേജിംഗ് ഡയറക്റ്റര്‍, എവിഎ ഗ്രൂപ്പ്

ഞാനിപ്പോള്‍ ചെന്നൈയിലാണ്. ഇവിടെ ഏത് നിമിഷവും സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചേക്കാം. ഞങ്ങളുടെ സോപ്പുകള്‍, ഹാന്‍ഡ് വാഷുകള്‍ എന്നിവയ്ക്ക് നല്ല ഡിമാന്റുണ്ട്. പക്ഷേ വടക്കേ ഇന്ത്യയിലെ നിര്‍മാണ രംഗത്തെ സ്തംഭനം മൂലം ഹാന്‍ഡ് വാഷ് ബോട്ടിലില്‍ ഉപയോഗിക്കുന്ന പമ്പ് ലഭിക്കുന്നില്ല. ഞങ്ങളുടെ ടീം വീഡിയോ കോളിലൂടെയും മറ്റും അനുദിനം ബിസിനസ് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിതരണക്കാരുമായും ഫോണിലൂടെ നിരന്തര സമ്പര്‍ക്കമുണ്ട്.

കേരളത്തിലെ മേളത്തിന്റെ ഫാക്ടറിയിലേക്ക് ക്വാളിറ്റി ചെക്കിംഗിനുവേണ്ടവരെ നിയോഗിക്കാനും മറ്റും കൃത്യമായ നിര്‍ദേശം നല്‍കാന്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്. ആയുര്‍വേദ സെന്ററുകള്‍ അടച്ചുപൂട്ടിയതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി. ആയുര്‍വേദ രംഗത്തെ ഒരു കിടയറ്റ സെന്ററാണത്. ബാങ്ക് വായ്പകളുണ്ട്. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ സംഭവിക്കുമ്പോള്‍ ബാങ്ക് വായ്പകളില്‍ ഇളവുകള്‍ എന്തെങ്കിലും നല്‍കുമോ എന്നുപോലും വ്യക്തമല്ല. അതാണ് ആശങ്കാകുലമാക്കുന്നതും. യാത്രകളില്ല. എവിടെയും പോകാനുമില്ല. അതുകൊണ്ട് ഇഷ്ടവിനോദമായ ഫല്‍ട്ട് വായനയ്ക്ക് യഥേഷ്ടം സമയം കിട്ടുന്നുണ്ട്.

ഇത് മാറാനുള്ള സമയം

നവാസ് മീരാന്‍, ചെയര്‍മാന്‍, ഈസ്റ്റേണ്‍ ഗ്രൂപ്പ്

എപ്പോഴും തിരക്കുകളിലായിരിക്കുമ്പോള്‍ കുറച്ചുസമയം വെറുതെ വീട്ടിലിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കും. എന്നാല്‍ കൊറോണ നമ്മെയെല്ലാം നിര്‍ബന്ധിതമായി വീട്ടിനകത്താക്കിയപ്പോള്‍ ജോലി ചെയ്യാതിരിക്കുന്നതിന്റെ വിരസത മനസിലായി. പക്ഷെ ഇപ്പോള്‍ നമുക്ക് സമൂഹത്തോടും നമ്മോടുതന്നെയും ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല കാര്യം വീട്ടിലിരിക്കുക തന്നെയാണ്. ഇത് നമുക്ക് സ്വയം മാറാനുള്ള അവസരമായാണ് ഞാന്‍ കാണുന്നത്. നേരത്തെയാണെങ്കില്‍ പലയിടത്തും പോയി നടത്തിയിരുന്ന മീറ്റിംഗുകള്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിന് വഴിമാറി. സൂം ആപ്പിന്റെ പ്രൊഫഷണല്‍ വേര്‍ഷന്‍ ഉപയോഗിച്ച് ഞങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നു. കൂടുതലൊന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുമ്പോള്‍ ഭാവിയിലേക്കുള്ള പദ്ധതികള്‍ മെനയാം. ഏറെ ചിന്തിക്കാനുള്ള സമയമുണ്ട്. കൂടാതെ ശരീരവും ശ്രദ്ധിക്കാം.

സമൂഹത്തിന് ആവശ്യമായത് നല്‍കാന്‍ ശ്രമിക്കുന്നു

വി നൗഷാദ്, മാനേജിംഗ് ഡയറക്റ്റര്‍, വികെസി ഗ്രൂപ്പ്

ഇതു വരെ കമ്പനി ജീവനക്കാരില്‍ പകുതി പേര്‍ക്ക് വര്‍ക്ക് അറ്റ് ഹോം നല്‍കി ബാക്കിയുള്ളവരെ വെച്ച് നടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തി. എല്ലാ ഫാക്ടറികളും പൂട്ടിയിട്ടു. വീടുകളില്‍ പോകാനാകുന്ന ജീവനക്കാരെ ലീവ് നല്‍കി വിട്ടു. ബാക്കിയുള്ളവര്‍ ഭക്ഷണമുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നല്‍കി കമ്പനി സംരക്ഷണം നല്‍കുന്നുണ്ട്. കടകള്‍ അടച്ചതോടെ വില്‍പ്പന പൂര്‍ണമായും നിലച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബിസിനസിലുപരി സമൂഹത്തിലേക്ക് എന്തു നല്‍കാനാവുമെന്ന ചിന്തയിലാണ്. ജീവനക്കാരെയും കുടുംബങ്ങളെയും ബോധവത്കരിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിക്കേണ്ടതിനെ കുറിച്ച് വിശദമായ നിര്‍ദ്ദേശം നല്‍കി. ഞാന്‍ കോയമ്പത്തൂരിലാണ്. ഇവിടെ അധികൃതരുമായി ബന്ധപ്പെട്ട് സമൂഹത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനായി സമയം വിനിയോഗിക്കാനാണ് തീരുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News