എക്സിബിഷനിലൂടെ എങ്ങനെ നേട്ടം കൊയ്യാം?

Update: 2019-09-11 13:30 GMT

സാമ്പത്തിക മാന്ദ്യകാലത്ത് കുറഞ്ഞ ചെലവില്‍ എങ്ങനെ മികച്ച ബിസിനസ് നേടാമെന്നുള്ള ചിന്തയിലാണോ? എങ്കില്‍ നിങ്ങള്‍ക്കിനി വിപണി കീഴടക്കാന്‍ എക്സി ബിഷനുകളെ ഉപയോഗെപ്പടുത്താം. കുറഞ്ഞ ചെലവില്‍ ഫലപ്രദമായൊരു വിപണനോപാധിയായി മാറുകയാണ് എക്സിബിഷനുകളും വ്യാപാരമേളകളും.

സാമ്പത്തിക മാന്ദ്യം പിടിമുറുക്കുകയാണെങ്കിലും മേളകളിലും മറ്റും പങ്കെടുത്ത് പണം ചെലവഴിക്കുന്ന ജനങ്ങളുടെ മനോഭാവം വര്‍ധിച്ചുവരുകയാണത്രെ. വോള്‍വോ റേസിന്റെ ഭാഗമായി നടത്തിയ ഓഷ്യന്‍ റേസ് ഫെസ്റ്റിവലിന് എട്ട് ലക്ഷം സന്ദര്‍ശകര്‍ എത്തിയെന്നാണ് ഏകദേശ കണക്ക്. അവിടെ പ്രദര്‍ശിപ്പിച്ച ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റ ് ഉണ്ടായിരുന്നുവത്രെ.

പരസ്യ പ്രചാരണങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ ചെലവിടുന്ന തുകയുടെ ചെറിയൊരു വിഹിതം മതിയെന്നതാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണീയത. അതിനാല്‍ എക്സിബിഷനിലൂടെയുള്ള ചെലവ് ഒരു നിക്ഷേപമായി വേണം സംരംഭകര്‍ കണക്കാക്കാന്‍. ഒരു എക്സിബിഷനില്‍ നിന്ന് മാത്രം ഒരു വര്‍ഷം വരെ ബിസിനസ് ലഭിച്ച സ്ഥാപനങ്ങള്‍ അനവധിയാണെന്ന് ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കൃത്യമായ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയും എക്സിബിഷനുകളില്‍ പങ്കെടുത്താല്‍ നിങ്ങള്‍ക്കും നേട്ടം കൈവരിക്കാം.

എക്സിബിഷനുകളുടെ സാധ്യതകള്‍ താഴെപ്പറയുന്നവയാണ്

  1. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും സാധ്യമാക്കുന്നു
  2. ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ബ്രാന്‍ഡ് നാമം ഊട്ടിയുറപ്പിക്കുന്നതിനും സഹായകരമാണ് ഇവ
  3. ഉപഭോക്തൃനിര വിപുലമാക്കുന്നതിനും ഭാവികാല ബിസിനസ് ഉറപ്പാക്കുന്നതിനുമൊക്കെ എക്സിബിഷനുകള്‍ പ്രയോജനപ്പെടുത്താം.

സ്ഥിരമായി എക്സിബിഷനുകളില്‍ പങ്കെടുക്കുന്നവര്‍പോലും ശരിയായ വിധത്തില്‍ ആസൂത്രണം ചെയ്യാത്തതിനാല്‍ കാര്യമായ നേട്ടം ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. എക്സിബിഷനുകളില്‍ പങ്കെടുക്കുന്നതിന് കൃത്യമായൊരു ലക്ഷ്യം നിശ്ചയിക്കുകയും അത് നേടിയെടുക്കുന്നതിനായി കര്‍മപദ്ധതി ആസൂത്രണം ചെയ്യുകയും വേണം. ബൂത്ത് തെരഞ്ഞെടുക്കുക, മേളയ്ക്ക് വേണ്ട ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുക, അവയുടെ സജ്ജീകരണം തുടങ്ങിയ ഘടകങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഡിസ്‌കൗണ്ടുകള്‍, ഓഫറുകള്‍, സമ്മാന പദ്ധതികള്‍ എന്നിവ നല്‍കുന്നത് നിങ്ങളുടെ ഉല്‍പ്പന്നത്തെ ആകര്‍ഷണീയമാക്കും.

എക്സിബിഷന്‍ അവസാനിച്ചാല്‍ ഉത്തരവാദിത്വം തീരുന്നില്ല. മേളയില്‍വെച്ച് സമ്മതം തന്നിട്ടുള്ളവരെ കൃത്യമായി ബന്ധപ്പെട്ട് ബിസിനസ് നേടിയെടുക്കണം. മേളയില്‍
നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ക്ക് അല്ലെങ്കില്‍ സന്ദര്‍ശകര്‍ക്ക് ഒരു നിശ്ചിത കാലാവധി വരെ ഷോറൂമില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കുന്നതിലൂടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും ഉപഭോക്തൃ ബന്ധം ശക്തിടെുത്തുന്നതിനും സാധിക്കും.

വിജയം ഉറപ്പാക്കാന്‍ മേളയ്്ക്ക് മുമ്പുള്ള തയാറെടുപ്പുകള്‍

  • മേളയുടെ സ്വഭാവം (പൊതുവായത്/സെക്റ്റര്‍ തിരിച്ചുള്ളത്) പരിശോധിക്കുക
  • അതിന് നിങ്ങളുടെ ബിസിനസുമായുള്ള ബന്ധം വിലയിരുത്തുക
  • കമ്പനിയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒരുമിച്ചുചേര്‍ന്ന് വിപണന തന്ത്രം മെനയുക.
  • മേളയുടെ ചെലവും അതില്‍ നിന്ന് ലഭിക്കാവുന്ന വരുമാനവും കണക്കാക്കുക
  • സംഘാടകരുടെ മുന്‍പരിചയവും മേളയുടെ ആവര്‍ത്തന സ്വഭാവവും അറിയുക
  • അനുയോജ്യമായ ബൂത്ത്/സ്പെയ്സ് തെരഞ്ഞെടുക്കുക
  • മേളയ്ക്ക് കൃത്യമായി ടാര്‍ഗറ്റ് നിശ്ചയിക്കുക. അത് നേടിയെടുക്കാനായി ഒരു കര്‍മപദ്ധതി ആവിഷ്‌കരിക്കുക
  • പ്രദര്‍ശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ/സേവനങ്ങളുടെ പട്ടിക തയാറാക്കുക
  • പബ്ലിസിറ്റി മെറ്റീരിയലുകള്‍ (ബ്രോഷറുകള്‍, സൗജന്യ നോട്ടീസുകള്‍, ബാനര്‍) തയാറാക്കുക
  • വിപണന തന്ത്രങ്ങള്‍, സമ്മാന പദ്ധതി, ഡിസ്‌കൗണ്ട് എന്നിവയ്ക്ക് രൂപംകൊടുക്കുക
  • വില്‍പ്പനയ്ക്ക് അനുയോജ്യരായ ജീവനക്കാരെ തെരഞ്ഞെടുത്ത് പരിശീലനം കൊടുക്കുക
  • വിദൂര സ്ഥലങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ മുന്‍കൂട്ടി അയയ്ക്കുക
  • നികുതി സംബന്ധമായ രേഖകളില്‍ ജാഗ്രത പുലര്‍ത്തുക
  • ചെക്ക് പോസ്റ്റുകളിലെ ക്ലിയറിംഗ് തടസം വരാതെ ശ്രദ്ധിക്കുക.

മേളയില്‍ ചെയ്യേണ്ടത്

  • ബൂത്തിന്റെ ക്രമീകരണവും അലങ്കാരവും
  • ഉല്‍പ്പന്നങ്ങളുടെ ഡിസ്പ്ലേ, ബില്ല്, ഗിഫ്റ്റ് കൂണ്‍ തുടങ്ങിയവ ഉറപ്പാക്കല്‍
  • സന്ദര്‍ശകരെ സ്വീകരിക്കാനും കൈകാര്യം ചെയ്യാനുമുള്ള സംവിധാനം
  • സന്ദര്‍ശകര്‍ക്കായി അഡ്രസ് ബുക്ക്/വിസിറ്റിംഗ് കാര്‍ഡ് ബോക്സ് സ്ഥാപിക്കുക. സേവനാധിഷ്ഠിത സ്ഥാപനങ്ങള്‍ ഡാറ്റ ബേസ് സൃഷ്ടിക്കുക
  • ഉല്‍പ്പന്നങ്ങളുടെ അഥവാ സേവനങ്ങളുടെ അവതരണം
  • സന്ദര്‍ശകരുമായുള്ള ആശയവിനിമയം
  • സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരെ സ്ഥിരം ഉപഭോക്താക്കളായി മാറ്റാനുള്ള ശ്രമം
  • സ്പോട്ട് ബിസിനസിലുള്ള ശ്രദ്ധയും പരിശ്രമവും
  • ഫീഡ് ബാക്ക് രജിസ്റ്ററില്‍ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തല്‍
  • ഓരോ ദിവസവും വ്യത്യസ്ത സെയ്ല്‍സ് ടീമുകളെ നിയോഗിക്കുക
  • സെയ്ല്‍സിനെയും ടീമിനെയും കുറിച്ച് ദിവസേനയുള്ള വിലയിരുത്തല്‍
  • മേളയിലെ സമാന സ്വഭാവമുള്ള ഉല്‍പ്പന്നങ്ങളുടെ വിവരശേഖരണം

മേളയ്ക്ക് ശേഷം

  • മേളയുടെ മൊത്തം ചെലവും ആകെ വരുമാനവും കണക്കാക്കുക
  • തുടര്‍ അന്വേഷണങ്ങള്‍ ഫലപ്രദമായി നടപ്പാക്കല്‍
  • അതിലൂടെ ലഭിക്കാനിടയുള്ള വരുമാനം കണ്ടെത്തുക
  • നേരത്തെ നിശ്ചയിച്ചിരുന്ന ടാര്‍ഗറ്റിന്റെ വിലയിരുത്തല്‍
  • മേളയിലൂടെ കൈവരിച്ച നേട്ടങ്ങളും പോരായ്മകളും കണ്ടെത്തുക
  • ഫീഡ് ബാക്ക് രജിസ്റ്ററിലെ വിവരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച
  • സമാന ഉല്‍പ്പന്നങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍
  • ചര്‍ച്ചകളിലെ തീരുമാനം നടപ്പാക്കല്‍
  • ഉപഭോക്തൃബന്ധം നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കാനുള്ള ശ്രമം

വിവരങ്ങള്‍ക്ക് കടപ്പാട്:
- വി.വി.വിനോദ്, മാനേജിംഗ് ഡയറക്റ്റര്‍, കോര്‍പ്പറേറ്റ് റിലേഷന്‍സ്
- രവി ഗുപ്തന്‍, ഡയറക്റ്റര്‍, ക്രിസാലിസ് കമ്യൂണിക്കേഷന്‍സ്
- നൗഷാദ് അലി, ഡയറക്റ്റര്‍, മീഡിയ ഇന്ത്യ കോര്‍പ്പറേറ്റ്, തിരുവനന്തപുരം.

Similar News