പ്രതിസന്ധിയെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളുമായി വിജയ്‌ശേഖര്‍ ശര്‍മ്മ, രാജീവ് ബജാജ്, മജുംദാര്‍ഷാ, കുനാല്‍ ബാല്‍

Update: 2020-06-06 03:00 GMT

ആഗോള സാമ്പത്തികമാന്ദ്യമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. എല്ലാ ബിസിനസ് മേഖലകളെയും പിടിച്ചുകുലുക്കിക്കൊണ്ട് ആ പ്രതിസന്ധി അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് എത്തുന്നു. ഈ സാഹചര്യത്തില്‍ പ്രതിസന്ധിയെ നേരിടാനുള്ള ഉപദേശങ്ങളുമായി ഇതാ രാജ്യത്തെ പ്രമുഖരായ സംരംഭകര്‍.

മൂലധനം സംരക്ഷിക്കുക

വിജയ് ശേഖര്‍ ശര്‍മ്മ
പേടിഎം സ്ഥാപകന്‍

''നിങ്ങള്‍ക്കുള്ളത് സംരക്ഷിക്കുക, അതാണ് ഏറ്റവും പ്രഥമവും പ്രാധാന്യമുള്ളതും.'' ഒരു ബിസിനസ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറയുന്നു. അതുപോലെ ചെലവുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിവേകത്തോടെ നിക്ഷേപിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ''നിങ്ങളുടെ മൂലധനം ഒരിക്കലും റിസ്‌കില്‍ ആക്കരുത്. നിങ്ങളുടെ ബിസിനസിന് നേരിട്ട് പ്രയോജനം ചെയ്യാത്ത കാര്യങ്ങളില്‍ ചെലവഴിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുക.''

വരുമാനത്തിനൊപ്പം അഡ്മിനിസ്‌ട്രേഷന്‍, ജീവനക്കാര്‍, ഇന്‍വെസ്റ്റ്‌മെന്റ്, സെയ്ല്‍സ്, ഓപ്പറേഷണല്‍ തുടങ്ങിയ മേഖലകളിലെ ചെലവുകളും കണക്കാക്കുക. നിങ്ങളുടെ ബജറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇങ്ങനെ ചെയ്യുന്നതിന്റെ ലക്ഷ്യം. ഒപ്പം നിങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്ന അടുത്ത രണ്ട്-മൂന്ന് മാസങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന് പ്ലാന്‍ ചെയ്യുക. കൃത്യമായ ഒരു കാഷ് ഫ്‌ളോ പ്ലാന്‍ ചെയ്യാന്‍ മറക്കരുത്.- അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

''സ്വയം പ്രതികൂല സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനും നിങ്ങളുടെ സീനിയര്‍ ടീം അംഗങ്ങളുമായി ചേര്‍ന്ന് ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള സമയമായി ഇതിനെ കാണുക.'' അദ്ദേഹം പറയുന്നു.

സമയം പ്രയോജനപ്പെടുത്തുക

കുനാല്‍ ബാല്‍
സഹസ്ഥാപകന്‍, സ്‌നാപ്പ്ഡീല്‍

ദൈനംദിന പ്രശ്‌നങ്ങളുമായി പൊരുതിക്കൊണ്ടിരിക്കാതെ ഈ സമയം നല്ല രീതിയില്‍ ഉപയോഗിക്കണമെന്നാണ് കുനാല്‍ ബാലിന് പറയാനുള്ളത്. ''ദൈനംദിന പ്രശ്‌നങ്ങളുമായി പൊരുതിക്കൊണ്ടിരിക്കാതെ ബിസിനസിന് ശാശ്വതമായ മൂല്യം നല്‍കുന്ന കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനോ വളര്‍ത്തിയെടുക്കുന്നതിനോ ഉള്ള ഒരു നല്ല അവസരമാണ് ഈ സമയം.'' ലിങ്ക്ഡിന്‍ പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.

പണം ഭാവിയിലേക്ക് കരുതുക, ഈ സമയം മാര്‍ക്കറ്റിംഗില്‍ നിന്ന് പിന്നോട്ട് പോകുക, സ്ഥാപനത്തിന്റെ സംസ്‌കാരം ശക്തിപ്പെടുത്തുക, ഉപഭോക്താവിന് നല്‍കുന്ന അനുഭവം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധയൂന്നുക, ഓര്‍ഗാനിക് വളര്‍ച്ചയില്‍ ശ്രദ്ധിക്കുക, പുതിയ ബിസിനസുകള്‍, ഏറ്റെടുക്കലുകള്‍ എന്നിവ മാറ്റിവെക്കുക... തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കുന്നു.

ലക്ഷ്യത്തില്‍ ശ്രദ്ധയൂന്നുക

രാജീവ് ബജാജ്
മാനേജിംഗ് ഡയറക്റ്റര്‍, ബജാജ് ഓട്ടോ

ഇപ്പോഴത്തെ ഈ പ്രതിസന്ധിയില്‍ സംരംഭകര്‍ പഠിക്കേണ്ട പാഠം എന്താണെന്ന ചോദ്യത്തിന് രാജീവ് ബജാജിന്റെ മറുപടി ഇതാണ്. ''കാലാതീതമായ ആ പഴയ ജ്ഞാനം തന്നെ.നിങ്ങളുടെ ലക്ഷ്യത്തില്‍ ശ്രദ്ധയൂന്നുക. നിങ്ങളുടെ വിഭവങ്ങള്‍ സംരക്ഷിക്കുക. ആള്‍ക്കൂട്ടത്തിന്റെ മനോഭാവം (herd mentality) അവഗണിക്കുക. പകരം നിങ്ങളുടെ ബിസിനസിനും നിങ്ങള്‍ക്കും കൂട്ടത്തില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധശേഷി (herd immuntiy) കെട്ടിപ്പടുക്കുക.''

ഒരു ലക്ഷ്യമുണ്ടായിരിക്കുക

കിരണ്‍ മജുംദാര്‍ഷാ
മാനേജിംഗ് ഡയറക്റ്റര്‍, ബയോക്കോണ്‍

കിരണ്‍ മജുംദാര്‍ഷാ പറയുന്നത് ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും എപ്പോഴും ബാധകമായ ഒന്നാണ്. ''ഞാന്‍ എല്ലാ സംരംഭകരോടും എപ്പോഴും പറയാറുള്ള കാര്യമാണ്. നിങ്ങള്‍ എന്താണോ പ്രയത്‌നിക്കുന്നത് അതില്‍ നിങ്ങള്‍ക്കൊരു ലക്ഷ്യമുണ്ടായിരിക്കണം. നിങ്ങളുടെ ലക്ഷ്യം അര്‍ത്ഥവത്താണെങ്കില്‍, മൂല്യമുള്ളതാണെങ്കില്‍, എന്തെങ്കിലും സ്വാധീനമുണ്ടാക്കുന്ന ഒന്നാണെങ്കില്‍... നിങ്ങള്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു. അതൊരിക്കലും പണത്തിന് വേണ്ടി ചെയ്യരുത്. എന്തുകൊണ്ടെന്നാല്‍ പണം അതിന് പിന്നാലെ വരുന്ന കാര്യമാണ്. ഒരു മാറ്റം ഉണ്ടാക്കാനായി അത് ചെയ്യുക.'' 

Similar News