കുംഭമേള തുറന്നിടുന്ന ബ്രാൻഡിംഗ് അവസരങ്ങൾ

Update: 2019-01-14 09:17 GMT

ലോകത്തില്‍ ഏറ്റവുമധികം ആളുകൾ ഒത്തുചേരുന്ന വേദി. 55 ദിവസം നീണ്ടുനിൽക്കുന്ന സംഗമം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വരുന്ന കോടിക്കണക്കിനാളുകൾ. ഒരു കമ്പനിക്ക് തങ്ങളുടെ ബ്രാൻഡിനെ അവതരിപ്പിക്കാൻ ഇതിൽപ്പരം നല്ല വേദി വേറെ എവിടെക്കിട്ടും?

പറഞ്ഞുവരുന്നത് യുനെസ്‌കൊയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ സ്ഥാനം നേടിയ നമ്മുടെ കുംഭമേളയെക്കുറിച്ചാണ്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പൂർണ കുംഭമേള നൽകുന്ന അനന്തമായ അവസരങ്ങൾ മനസിലാക്കി 100 ലധികം ബ്രാൻഡുകളാണ് ഇവിടെയെത്തുക.

ജനുവരി 15 (ചൊവ്വാഴ്ച) മുതൽ 55 ദിവസം നീണ്ടുനിൽക്കുന്നതാണ് അലഹബാദിലെ പ്രയാഗ്‌രാജിൽ നടക്കുന്ന പൂർണ കുംഭമേള. 12 കോടി ആളുകൾ കുംഭമേള സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രമുഖ എഫ്എംസിജി ബ്രാൻഡുകൾ, എയർഇന്ത്യ, സ്‌പൈസ്ജെറ്റ്, ഇൻഡിഗോ തുടങ്ങിയ എയർലൈനുകൾ, സ്മാർട്ട്ഫോൺ നിർമാതാക്കൾ എന്നിങ്ങനെ കമ്പനികളുടെ നീണ്ട നിരയാണിവിടെ കാണാൻ കഴിയുക. കന്നിയങ്കത്തിന് ടെക്സ്റ്റൈൽ കമ്പനിയായ വെൽസ്‌പൺ തുടങ്ങിയ കമ്പനികളും ഉണ്ട്.

പുതിയ ബ്രാൻഡിംഗ് പരീക്ഷണങ്ങൾ

പരാമ്പരാഗത ശൈലിയിൽ നിന്ന് മാറി പുതിയ ബ്രാൻഡിംഗ് രീതികളാണ് കമ്പനികൾ ഇവിടെ പരീക്ഷിക്കുന്നത്. ഹോർഡിങ്ങുകളും സാംപ്ളിംഗും ആണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ ബ്രാൻഡിംഗ് കൂടുതൽ 'ഇന്ററാക്റ്റീവ് ആക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.

ഉദാഹരണത്തിന്, കോൾഗേറ്റ് മൂന്ന് കോടി വേദ്ശക്തി ബ്രാൻഡ് ടൂത്ത് പേസ്റ്റുകളാണ് കുഭമേളയിൽ വരുന്നവർക്കായി വിതരണം ചെയ്യാൻ പദ്ധതിയിടുന്നത്. തങ്ങളുടെ 'ക്വിക് ഡ്രൈ' ടവലുകൾ അവതരിപ്പിക്കാനിരിക്കുകയാണ് വെൽസ്പൺ.
തീർത്ഥാടകർക്ക് ജിയോ-ടാർഗറ്റെഡ് ക്ഷണക്കത്തുകൾ അയച്ചായിരിക്കും ഇവ അവതരിപ്പിക്കുക. തീർത്ഥാടകർക്കായി ഒരു മൊബീൽ ആപ്പ് ആണ് റിലയൻസ് ജിയോ ഒരുക്കുന്നത്.

റെയിൽവേയും കേന്ദ്ര സർക്കാരും പുതിയ പദ്ധതികളുടെ അവതരണത്തിനും ബ്രാൻഡിംഗിനും കുംഭമേളയുടെ വേദി ഉപയോഗിക്കും. സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും ഉയർത്തിക്കാട്ടാനായി 150 ഹോർഡിങ്ങുകളെങ്കിലും ഇവിടെ സ്ഥാപിക്കുമെന്നാണ് അറിയുന്നത്. റയിൽവേയുടെ പുതിയ 'ചെക്ക് ഇൻ' സുരക്ഷാ സംവിധാനത്തിന്റെ ട്രയൽ റൺ പ്രയാഗരാജ് റെയിൽവേ സ്റ്റേഷനിൽ നടത്തും.

Similar News