'ഊബര്‍ സ്‌റ്റൈലില്‍ പ്ലംബറെ വിളിക്കാം!'; മാതൃകയാക്കാം റോക്ക-ഇന്ത്യയുടെ ഈ പ്രവര്‍ത്തനശൈലി

Update: 2019-11-07 10:11 GMT

ബാത്ത്റൂം ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ ആഗോള നായകരാണ് 102 വര്‍ഷത്തെ പാരമ്പര്യമുള്ള റോക്ക ഗ്രൂപ്പ്. ലോകത്തിന്റെ ഡിസൈന്‍ തലസ്ഥാനമായ ബാര്‍സിലോണയില്‍ ഒരു നൂറ്റാണ്ടിനു മുമ്പ് ജന്മംകൊണ്ട ഗ്രൂപ്പ് 170 ല്‍പ്പരം രാജ്യങ്ങളില്‍ വിപണി കണ്ടെത്തി മുന്നേറുകയാണ്.

2017 ജനുവരിയില്‍ റോക്ക- ഇന്ത്യയുടെ തലപ്പത്തേക്ക് കടന്നുവന്ന കെ. ഇ രംഗനാഥന്‍ വിപണിയില്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ റോക്കയെ സഹായിച്ച ഘടകങ്ങളെന്തൊക്കെയെന്ന് വിശദമാക്കുകയാണ് ഇവിടെ.

ഉല്‍പ്പന്നങ്ങളുടെ കരുത്ത് (Power of Products)

സ്മാര്‍ട്ട് സൊലൂഷന്‍സ് മുതല്‍ സൂപ്പര്‍ ലക്ഷ്വറി വരെ- സാധാരണക്കാര്‍ മുതല്‍ ഒരു ബാത്റൂമിനായി 25 ലക്ഷം രൂപ ചെലവിടാന്‍ മടിയില്ലാത്തവര്‍ക്കും അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ ഞങ്ങളുടെ ശ്രേണിയിലുണ്ട്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനുമെല്ലാം അവരുടെ താല്‍പ്പര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങള്‍ - ബ്ലൂടൂത്ത് സ്പീക്കര്‍ ഘടിപ്പിച്ചിരിക്കുന്ന ബാത്റൂം ഷവര്‍ ഇഷ്ടഗാനം കേട്ടുകൊണ്ട് കുളിക്കാനിഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ്. ഇത്തരത്തില്‍ ഡിസൈനിന്റെ മേന്മ, പുതുമ, പ്രകടന മികവ് വെള്ളത്തിന്റെ കുറഞ്ഞ ഉപയോഗം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഞങ്ങള്‍ക്ക് മേല്‍ക്കൈ നല്‍കുന്നു.

സേവനത്തിന്റെ കരുത്ത് (Power of Service)

ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തന സജ്ജമാണ് ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ വിഭാഗം. ഇന്ത്യയുടെ ഏത് കോണിലും 24 മണിക്കൂറിനകം സേവനം എത്തിയിരിക്കും.

ഒരു മണിക്കൂറിനുള്ളില്‍ 100 കസ്റ്റമേഴ്സ് എന്ന നിരക്കില്‍ തങ്ങളുടെ ഉപഭോക്തൃനിര വിപുലമായിക്കൊണ്ടിരിക്കുകയാണ്. വില്‍പ്പനയുടെ 70 ശതമാനവും റീറ്റെയ്ലേഴ്സിലൂടെയാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ കസ്റ്റമേഴ്സാണ് 30 ശതമാനം.
വിതരണത്തിന്റെ കരുത്ത് (Power of Distribution) പാര്‍ട്ണര്‍, ഡീലര്‍, റീറ്റെയ്ലര്‍മാരുടെ ശക്തമായ ശൃംഖല റോക്കയുടെ വിപണി സാന്നിധ്യം ശക്തമാക്കുന്നു. 6000 ത്തോളം വരുന്ന ഷോറൂമുകള്‍ എക്സ്പീരിയന്‍സ് സെന്റര്‍ എന്ന രീതിയില്‍ മനോഹരമായി സജ്ജീകരിച്ചിരിക്കുന്നു. ഇവയില്‍ മിക്കവയും വിതരണ പങ്കാളികളുടെ ഉടമസ്ഥതയിലാണ്. ബാര്‍സിലോണയിലും ലണ്ടനിലും ബെയ്ജിംഗിലുമെല്ലാമുള്ളതുപോലെ മനോഹരമായ റോക്ക ഗാലറി ഡല്‍ഹിയില്‍ സജ്ജീകരിക്കണമെന്ന ആഗ്രഹം സമീപഭാവിയില്‍ തന്നെ സഫലമാകുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് വിതരണം ശക്തിപ്പെടുത്താനാണ് നീക്കം. ഇപ്പോള്‍ ഞങ്ങളുടെ വരുമാനത്തില്‍ 70 ശതമാനവും 33 നഗരങ്ങളില്‍ നിന്നാണ്. അടുത്ത ദശകങ്ങളില്‍ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും വളര്‍ച്ചാ സാധ്യതകള്‍ ഏറെയാണ്.

സാങ്കേതികവിദ്യയുടെ കരുത്ത് (Power of Technology)

ടഅജ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന സംവിധാനമാണ് കാര്യക്ഷമതയും വേഗതയും ഉറപ്പാക്കുന്നത്. വിതരണക്കാര്‍ക്കും പങ്കാളികള്‍ക്കുമെല്ലാം ഈ സിസ്റ്റത്തില്‍ ലോഗ് ഇന്‍ ചെയ്യാം, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന എക്സിക്യൂട്ടിവുകളും പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ കാര്യക്ഷമത വര്‍ധിക്കുന്നു. 15,000ല്‍ അധികം വരുന്ന റീറ്റെയ്ലര്‍മാരുമായി ഒറ്റയടിക്ക് ബന്ധപ്പെടാന്‍ മൊബീലില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ മതിയാകും!

ഊബര്‍ സ്‌റ്റൈലില്‍ പ്ലംബറെ വിളിക്കാം!

നിങ്ങളുടെ സ്മാര്‍ട്ട് ഫോണെടുത്ത് സമീപത്തുള്ള പ്ലംബര്‍മാരെ അന്വേഷിക്കാം, അവരുടെ റേറ്റിംഗ് കാണാം, അവരുടെ സേവനം ആവശ്യപ്പെടാം. 2021 ആകുമ്പോഴേക്കും ഇത്തരമൊരു സംവിധാനം ഒരുക്കാനാണ് ഉദ്ദേശ്യം. ഇപ്പോള്‍ തന്നെ ഞങ്ങളുടെ ഡിജിറ്റല്‍ ലോയല്‍റ്റി പ്രോഗ്രാമില്‍ 20,000 പ്ലംബര്‍മാര്‍ അംഗങ്ങളാണ്. എല്ലാ മാസവും 2000 വീതം കൂട്ടി ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ ഒരു ലക്ഷം കവിയും.

ബാത്ത്‌റൂം ഉല്‍പ്പന്ന മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍ റോക്ക കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ കാര്‍ലോസ് വെലാസ്‌കോസ് അടുത്ത ലേഖനത്തില്‍ പങ്കുവയ്ക്കുന്നു.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News