ജീവനക്കാരിലൂടെവിജയം ഉറപ്പാക്കൂ; ട്രെയ്‌നിംഗ് & ഡെവലപ്‌മെന്റ് സ്ട്രാറ്റജി ഇതാ

Update: 2019-09-23 02:55 GMT

ഏത് സ്ഥാപനത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഘടകം മനുഷ്യവിഭവശേഷി തന്നെ. നിങ്ങള്‍ പ്ലാന്റിലോ മെഷിനറിയിലോ പരസ്യ കാംപെയ്‌നുകളിലോ കാര്യമായ നിക്ഷേപം നടത്തിയാലും നിങ്ങളുടെ ആളുകള്‍ നിഷ്‌ക്രിയരാണെങ്കില്‍ ഒരു പ്രയോജനവും ലഭിക്കില്ല. എല്ലാ സംരംഭകരും കാര്യമായി ചിന്തിക്കേണ്ട ഒന്നാണിത്. പ്ലാന്റും മെഷിനറിയും നവീകരിക്കുന്നതിനായും സ്ഥാപനത്തിന്റെ ബ്രാന്‍ഡ് ഇമേജ് കൂട്ടുന്നതിനായും നിങ്ങള്‍ എത്ര നിക്ഷേപം നടത്തി? എന്നാല്‍ നിങ്ങളുടെ ജീവനക്കാരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനായി അതിനുതക്ക നിക്ഷേപം നിങ്ങള്‍ നടത്തിയിട്ടുണ്ടോ?

ജീവനക്കാരുടെ പരിശീലനത്തിനായി നിക്ഷേപം നടത്തുന്നത് ഒരു നഷ്ടമാണെന്ന് ചിന്തിക്കുന്ന അനേകം സംരംഭകരെ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ നിക്ഷേപിക്കുന്നതിന് അനുസരിച്ചുള്ള നേട്ടം ROI (Return On Investment) ലഭിക്കില്ലെന്ന് അവര്‍ ചിന്തിക്കുന്നു.

പരിശീലനത്തിനുവേണ്ടി ചെലവഴിച്ച പണത്തിന്റെ ROI അളക്കാനാകുമോ? സാധിക്കും. പക്ഷെ സെയ്ല്‍സിലോ അതുപോലുള്ള മറ്റേതെങ്കിലും വിഷയത്തിലോ നല്‍കിയ ഒറ്റ ദിവസത്തെ വര്‍ക്‌ഷോപ്പുകൊണ്ട് ROI പ്രതീക്ഷിക്കാനാകില്ല. ഏതെങ്കിലും രോഗത്തിനുള്ള ഒരു ചികില്‍സാമാര്‍ഗമാണ് ട്രെയ്‌നിംഗ് എന്നാണ് ചെറുകിട മേഖലയിലുള്ള പല സ്ഥാപനമേധാവികളും ധരിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ദുഖഃകരമായ വസ്തുത. ബ്രഹ്മയില്‍ ഞങ്ങള്‍ക്ക് വരുന്ന അന്വേഷണങ്ങളില്‍ ഏറെയും ഇങ്ങനെയാണ്. ''ഞങ്ങളുടെ സെയ്ല്‍സ് ടീം ഒട്ടും മോട്ടിവേറ്റഡ് അല്ല. ട്രെയ്‌നിംഗ് നടത്തി അവരെയൊന്ന് ചാര്‍ജ് ചെയ്യാമോ'' ഞങ്ങളുടെ കമ്പനിയിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ യാതൊരു സഹകരണവും ഇല്ല. ട്രെയ്‌നിംഗിലൂടെ അതൊന്ന് ശരിയാക്കിത്തരുമോ?'' ''ഞങ്ങളുടെ ജീവനക്കാര്‍ മടിയന്മാരാണ്. രണ്ട് മണിക്കൂര്‍ ട്രെയ്‌നിംഗിലൂടെ അവരെയൊന്ന് ഊര്‍ജ്ജസ്വലരാക്കണം.'' ക്ലൈന്റ്‌സിന്റെ ആവശ്യങ്ങള്‍ ഇങ്ങനെ പോകുന്നു. ഓര്‍ക്കുക, രോഗം എന്നുകരുതി അവര്‍ പറയുന്നത് രോഗലക്ഷണങ്ങള്‍ മാത്രമാണ്. അതിന്റെ മൂലകാരണം മറ്റു പലതും ആകാം. മടി മാറ്റാനുള്ള ട്രെയ്‌നിംഗ് ടാബ്ലറ്റ് ഒരു പരിശീലകന്റെയും കൈയിലില്ല. ജീവനക്കാര്‍ക്ക് പ്രചോദനം കൊടുക്കാനുള്ള മോട്ടിവേഷന്‍ കുത്തിവെപ്പും ആരുടെയും പക്കലില്ല. കൃത്യമായ രോഗനിര്‍ണ്ണയം നടത്താതെ കൊടുക്കുന്ന ഒരു പരിശീലനവും ഫലവത്താകില്ല. ട്രെയ്‌നിംഗില്‍ ഒറ്റമൂലിയില്ല!

തയാറാക്കൂ T & D സ്ട്രാറ്റജി

നിങ്ങള്‍ക്ക് ട്രെയ്‌നിംഗില്‍ നിന്ന് ROI കിട്ടണമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൃത്യമായ ബജറ്റോടു കൂടി കമ്പനിക്കായി ഒരു ട്രെയ്‌നിംഗ് & ഡെവലപ്‌മെന്റ് സ്ട്രാറ്റജിക്ക് രൂപം കൊടുക്കുക. സ്ഥാപനത്തിന്റെ വിഷന്‍, മിഷന്‍, മൂല്യങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടുന്നതായിരിക്കണം ഈ സ്ട്രാറ്റജി. മാര്‍ക്കറ്റിംഗ്, അഡ്വര്‍ടൈസിംഗ്, പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളിലേക്കുള്ള സ്ട്രാറ്റജിക്ക് കൃത്യമായ ബജറ്റോടെ ഒരു സ്ഥാപനം വര്‍ഷാവര്‍ഷം രൂപം കൊടുക്കണം. അതേ സ്ട്രാറ്റജി പരിശീലനത്തിനും വേണം. സ്ട്രാറ്റജിയും ബജറ്റും തീരുമാനിക്കുമ്പോള്‍ തന്നെ നിങ്ങളുടെ ട്രെയ്‌നിംഗ് പാര്‍ട്ണറെയും അതില്‍ ഉള്‍പ്പെടുത്തുക. ഞങ്ങളുടെ ക്ലൈന്റിനോടൊപ്പം ഇത് ചെയ്യുമ്പോള്‍ ഞങ്ങള്‍ കൃത്യമായി പ്രശ്‌നങ്ങള്‍ കണ്ടെത്തും. (The Training Needs Analysis) എന്നാണ് ഞങ്ങള്‍ ഇതിനെ വിളിക്കുന്നത്.

മനുഷ്യവിഭവശേഷിയുടെ നിലവിലുള്ള ശേഷി വിശകലനം ചെയ്യുന്നു. സ്ഥാപനത്തിന്റെ ലക്ഷ്യം നേടാന്‍ ആവശ്യമായ മനുഷ്യവിഭവശേഷി എത്രമാണെന്ന് കണ്ടെത്തി നിലവിലുള്ളവയുമായി താരതമ്യം ചെയ്യുന്നു. ആ വര്‍ഷത്തെ ഓര്‍ഗനൈസേഷണല്‍ ഗോളുമായി യോജിച്ചുപോകുന്നതായിരിക്കണം ട്രെയ്‌നിംഗ് പ്ലാന്‍.

ഒരു വര്‍ഷത്തേക്കുള്ള ട്രെയ്‌നിംഗ് & ഡെവലപ്‌മെന്റ് സ്ട്രാറ്റജി രൂപപ്പെടുത്തിക്കഴിഞ്ഞാല്‍ ഒരു സമ്പൂര്‍ണ്ണ ട്രെയ്‌നിംഗ് പ്ലാന്‍ തന്നെ തയാറാക്കാം. ആരെ ട്രെയ്ന്‍ ചെയ്യണം? എപ്പോള്‍ വേണം? എന്ത് ട്രെയ്ന്‍ ചെയ്യണം? തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ കൃത്യമായ ഒരു ട്രെയ്‌നിംഗ് കലണ്ടര്‍ സ്ഥാപനത്തിനുവേണ്ടി തയാറാക്കപ്പെടുന്നു. സ്ഥാപനം എവിടെ എത്തണമെന്ന ഗോളിനെപ്പറ്റിയും അതിനായി എന്തൊക്കെ ആവശ്യമാണെന്നുമൊക്കെ ട്രെയ്‌നിംഗ് പാര്‍ട്ണര്‍ക്ക് മനസിലാകാന്‍ ഇത് സഹായകമാകും.

പരിശീലനം എല്ലാ വിഭാഗങ്ങള്‍ക്കും

ഇതൊക്കെ വലിയ സ്ഥാപനങ്ങള്‍ക്കല്ലേ പറ്റൂ എന്ന് നിങ്ങളില്‍ ചിലരൊക്കെ ചിന്തിക്കുന്നുണ്ടാകും. ''ഞങ്ങളുടേത് ഒരു ചെറിയ സ്ഥാപനമാണ്, ഞങ്ങള്‍ക്കിപ്പോള്‍ ട്രെയ്‌നിംഗ് താങ്ങാനാകില്ല. സ്ഥാപനം വലുതാകുമ്പോള്‍ ട്രെയ്‌നിംഗില്‍ നിക്ഷേപിക്കാം.'' എന്ന് ചില ക്ലൈന്റ്‌സ് പറയാറുണ്ട്. ഇങ്ങനെ പറയുന്നവര്‍ക്ക് പിന്നീടും നിക്ഷേപിക്കേണ്ടി വരില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ജീവനക്കാരുടെ കഴിവും ശേഷിയും നല്ല രീതിയില്‍ വര്‍ധിപ്പിക്കാതെ ഒരു സ്ഥാപനത്തിന് വലുതാകാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ സംരംഭത്തിന്റെ വലുപ്പത്തിനനുസരിച്ച് ഒരു സ്ട്രാറ്റജിയും ബജറ്റും രൂപപ്പെടുത്തുകയെന്നാണ് എനിക്ക് പറയാനുള്ളത്. ചെറിയൊരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം എല്ലാ ത്രൈമാസത്തിലും ട്രെയ്‌നിംഗ് നടത്തിയാല്‍ മതിയാകും. എന്നാല്‍ അത് വ്യക്തമായ ഒരു ലോംഗ് ടേം സ്ട്രാറ്റജിയോടെ ആയിരിക്കണം.

ട്രെയ്‌നിംഗ് കൊണ്ട് ROI ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട ഒരു ഐ.റ്റി കമ്പനി ഈ മെത്തഡോളജി സ്വീകരിക്കാന്‍ തയാറായി. സ്ട്രാറ്റജിക് ട്രെയ്‌നിംഗ് പാര്‍ട്ണര്‍ ആയുള്ള ഒരു വര്‍ഷത്തെ കരാറില്‍ ഞങ്ങള്‍ മുകള്‍ത്തലം മുതല്‍ താഴേത്തട്ടുവരെ ഉള്‍പ്പെടുന്ന ഒരു സമീപനരീതി ആവിഷ്‌കരിച്ചു. ഗേറ്റ് കീപ്പറെ വരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ട്രെയ്‌നിംഗില്‍ സ്ഥാപനത്തിന്റെ വിഷന്‍ എല്ലാവരോടും പങ്കുവെച്ചു. അടുത്ത വര്‍ഷം കമ്പനി 125 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇതിന്റെ 50 ശതമാനത്തിന്റെ ക്രെഡിറ്റ് ട്രെയ്‌നിംഗിന് അവകാശപ്പെട്ടതാണെന്ന് ക്ലൈന്റ് പറയുകയുമുണ്ടായി.

ദുബായിലെ ഒരു മള്‍ട്ടി മില്യണ്‍ ഡോളര്‍ ഷിപ്പിംഗ് കമ്പനിയില്‍ ഞങ്ങള്‍ ഇത്തരത്തിലുള്ള ട്രെയ്‌നിംഗ് സ്ട്രാറ്റജി നടപ്പാക്കിയപ്പോള്‍ 25-30 ശതമാനത്തോളം വളര്‍ച്ച ഒരു വര്‍ഷം കൊണ്ടുണ്ടായി. ചുരുക്കത്തില്‍ കൃത്യമായ വാര്‍ഷിക ട്രെയ്‌നിംഗ് സ്ട്രാറ്റജിയും ബജറ്റും ആവിഷ്‌കരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങളുടെ നിക്ഷേപത്തിന് തക്ക നേട്ടം ലഭിക്കുമെന്നുറപ്പാണ്.

ലേഖകന്‍ സജീവ് നായര്‍ (ബ്രമ്മ ഐടി സൊല്യൂഷന്‍സ്) ബിസിനസ് മോട്ടിവേഷണല്‍ ട്രെയിനറും എഴുത്തുകാരനുമാണ്

Similar News